കേന്ദ്രം കൈയൊഴിഞ്ഞു, ക്ഷയരോഗ മരുന്നുകള്‍ക്കായി സംസ്ഥാനങ്ങള്‍ നെട്ടോട്ടത്തില്‍; രോഗികളുടെ എണ്ണത്തില്‍ കുറവില്ലാതെ ഇന്ത്യ
ലോകം മാര്‍ച്ച് 24ന് ക്ഷയരോഗ ദിനം ആചരിച്ചു. ''അതേ, ടിബി നമുക്ക് അവസാനിപ്പിക്കാം'' എന്നതായിരുന്നു ഈ വര്‍ഷത്തെ ക്ഷയരോഗ ദിനത്തിന്റെ പ്രമേയം. ടിബി രോഗം പൂര്‍ണമായും തുടച്ചുനീക്കണമെങ്കില്‍ രോഗികള്‍ക്ക് ആറുമാസത്തെ ചികിത്സ നല്‍കി അവരെ പൂര്‍ണമായും രോഗമുക്തരാക്കണം. ചികിത്സ പൂര്‍ത്തിയാക്കണമെങ്കില്‍ എല്ലാ സംസ്ഥാനങ്ങളിലും കൃത്യമായ മരുന്നുകള്‍ ലഭ്യമാകണം. എന്നാല്‍ ക്ഷയരോഗ മരുന്നുകളുടെ ഏറ്റവും വലിയ കുറവാണ് ഇപ്പോള്‍ ഇന്ത്യ നേരിടുന്നത്. കേന്ദ്ര സര്‍ക്കാരാകട്ടെ സംസ്ഥാനങ്ങളോട് മരുന്ന് കണ്ടെത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതോടെ മരുന്ന് സംഭരിക്കാനുള്ള ബുദ്ധിമുട്ടിലാണ് സംസ്ഥാനങ്ങളും.
ലോകത്തില്‍ ഏററവുമധികം ക്ഷയരോഗികളുള്ള രാജ്യം ഇന്ത്യയാണെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോകത്തിലെ ആകെയുള്ള ക്ഷയരോഗ കേസുകളില്‍ 27 ശതമാനവും ഇന്ത്യയിലാണെന്നാണ് 192 രാജ്യങ്ങളിലെ കണക്കുകള്‍ പരിശോധിച്ച് ഗ്ലോബല്‍ ടിബി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എന്നിട്ടും ക്ഷയരോഗം ഇല്ലാതാക്കാനുള്ള ശാശ്വത പരിഹാരം കണ്ടെത്താന്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് മാത്രമല്ല, നിലവിലെ സ്ഥിതികള്‍ വളരെ മോശമാകുന്നുവെന്ന് വേണം സമീപകാല വിലയിരുത്തലുകളില്‍ നിന്നും മനസിലാക്കാന്‍.
മരുന്നുകളുടെ അഭാവം
ഈ വര്‍ഷത്തെ ഇന്ത്യ ടിബി റിപ്പോര്‍ട്ട് പ്രകാരം 2023-ല്‍ രാജ്യത്ത് 25.55 ലക്ഷം പുതിയ ടിബി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 1.43 ലക്ഷം കുട്ടികളാണ്. ഇത്രയും രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ രാജ്യം സംഭരിച്ചിട്ടില്ല. ഏഴ് മാസത്തില്‍ രണ്ടാം തവണയാണ് ക്ഷയരോഗത്തിനുള്ള (ട്യൂബര്‍കുലോസിസ്-ടിബി) മരുന്നുകളുടെ ദൗര്‍ലഭ്യം രാജ്യത്തിന്റെ ആരോഗ്യമേഖലയെ ബാധിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലും സമാന രീതിയില്‍ ക്ഷയരോഗ മരുന്നിന്റെ അഭാവം രോഗികളെ വലച്ചിരുന്നു.
സംസ്ഥാനങ്ങള്‍ക്ക് ഇതുവരെ ക്ഷയരോഗ മരുന്നുകള്‍ വിതരണം ചെയ്തിരുന്നത് കേന്ദ്ര സര്‍ക്കാരാണ്. എന്നാല്‍ കേന്ദ്രം പിന്മാറിയതാണ് വിഷയം ഗൗരവതരമാക്കിയത്. അടുത്ത മൂന്ന് മാസത്തേക്ക് മരുന്നുകള്‍ പ്രാദേശികമായി വാങ്ങണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് 18ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തയച്ചിരുന്നു. മരുന്നുകളുടെ കേന്ദ്രസംഭരണം വിപുലമായ ഘട്ടത്തിലാണെന്നും അപ്രതീക്ഷിതവും അസാധാരണവുമായ സാഹചര്യങ്ങളാല്‍ വിതരണം വൈകിയേക്കാമെന്നുമാണ് ടിബി വിഭാഗം ജനറല്‍ ഡോ. രാജേന്ദ്ര ജോഷി നല്‍കിയ കത്തില്‍ പറയുന്നത്.
സാധാരണരീതിയില്‍ ആരോഗ്യ മന്ത്രാലയത്തിന് വേണ്ടി മരുന്നുകള്‍ വാങ്ങുന്ന ഏജന്‍സിയായ കേന്ദ്ര മെഡിക്കല്‍ സര്‍വീസസ് സൊസൈറ്റി എല്ലാ ടിബി മരുന്നുകളും അനുബന്ധ മരുന്നുകളും കരാര്‍ നല്‍കിയാണ് സമാഹരിക്കുന്നത്. പിന്നീട് ഈ മരുന്നുകള്‍ ഓരോ സംസ്ഥാനങ്ങള്‍ക്കും വിതരണം ചെയ്യും. ഇതിലൂടെ ചെറിയ വിലയ്ക്ക് മരുന്ന് വാങ്ങാനും സംസ്ഥാനങ്ങള്‍ക്കു സാധിക്കുന്നു.
പൊതുവേ സംസ്ഥാനങ്ങള്‍ ആറുമാസത്തേക്കുള്ള മരുന്നുകള്‍ കരുതല്‍ ശേഖരമാക്കിവയ്‌ക്കാറുണ്ടെങ്കിലും പല സംസ്ഥാനങ്ങളിലെയും സ്ഥിതി മോശമാണ്. ഒരു മാസം പോലും ഉപയോഗിക്കാനുള്ള മരുന്നുകള്‍ പല സംസ്ഥാനങ്ങളിലുമില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്നതു കൊണ്ട് തന്നെ നിരവധി നോഡല്‍ ഓഫീസര്‍മാര്‍ അവരുടെ സംസ്ഥാനങ്ങള്‍ക്ക് ആവശ്യമുള്ള മരുന്നുകള്‍ ശേഖരിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുകയാണ്.
2023ല്‍ 63,939 രോഗികളാണ് മരുന്നുകളോട് പ്രതികരിക്കാത്ത കണക്കില്‍പ്പെടുന്നത്. മരുന്ന് വിതരണം ഇടയ്ക്കിടെ തടസപ്പെട്ടാല്‍ ഈ സംഖ്യ വര്‍ധിക്കാനിടയാകും.
ചികിത്സ മടുത്ത് രോഗികള്‍
മരുന്നിന്റെ അഭാവം രോഗികളെ ചികിത്സയില്‍ നിന്ന് പിന്നോട്ടടുപ്പിക്കുകയാണെന്നാണ് ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. മരുന്നിന്റെ ക്ഷാമം കാരണം രോഗികള്‍ ചികിത്സ നിര്‍ത്തുമോയെന്നാണ് ഡോക്ടര്‍മാരുടെ ആശങ്ക. സാധാരണരീതിയില്‍ ഒരു മാസത്തേക്കുള്ള മരുന്നുകളാണ് രോഗികള്‍ക്ക് നല്‍കുന്നതെന്നും ഇപ്പോള്‍ ഇവര്‍ക്ക് എല്ലാ ആഴ്ചകളിലോ ദിവസങ്ങളിലോ മരുന്നുകള്‍ വാങ്ങാന്‍ ചികിത്സാകേന്ദ്രങ്ങളെ സമീപിക്കേണ്ടി വരുന്നതായി സാങ് വാരി എന്‍ജിഒയില്‍ പ്രവര്‍ത്തിക്കുന്ന ഫിസിഷ്യന്‍ ഡോ. ചേതന്യ മാലികിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മരുന്നിന്റെ അഭാവം മരുന്നിനോട് പ്രതികരിക്കുന്ന രോഗികളെ പ്രതികരിക്കാത്ത രോഗികളാക്കി മാറ്റുമെന്ന ആശങ്കയാണ് ആരോഗ്യ വിദഗ്ദര്‍ പങ്കുവെക്കുന്നത്. 2023-ല്‍ 63,939 രോഗികളാണ് മരുന്നുകളോട് പ്രതികരിക്കാത്ത കണക്കില്‍പ്പെടുന്നത്. മരുന്ന് വിതരണം ഇടയ്ക്കിടെ തടസപ്പെട്ടാല്‍ ഈ സംഖ്യ വര്‍ധിക്കാനിടയാകും.
പല സംസ്ഥാനങ്ങളിലും നിശ്ചിത ഡോസുകളായി നല്‍കുന്ന രണ്ട് മരുന്നുകള്‍ ജനുവരിയില്‍ തന്നെ തീര്‍ന്നിട്ടുണ്ട്. ഒരു നിശ്ചിത ഡോസ് കോമ്പിനേഷനില്‍ രണ്ടോ മൂന്നോ മരുന്നുകള്‍ ഒരു ഗുളികയില്‍ സംയോജിപ്പിച്ചാണ് ക്ഷയ രോഗികള്‍ക്ക് നല്‍കുന്നത്. രോഗികള്‍ കഴിക്കുന്ന മരുന്നുകളുടെ എണ്ണം കുറയ്ക്കാനാണ് ഇത്തരത്തിലുള്ള രീതി അവലംബിക്കുന്നത്.
ആദ്യത്തെ രണ്ട് മാസം രോഗികള്‍ക്ക് നല്‍കുന്ന ഐസോനിയാസിഡ്, റിഫാംപിസിന്‍, പൈറാസിനമൈഡ്, എതാംബുടോള്‍ എന്നിയുടെ നിശ്ചിത കോമ്പിനേഷന്‍ അടങ്ങിയ 4 ഫസ്റ്റ് ഡോസ് കോഴ്‌സ് (4എഫ്ഡിസി) മരുന്നുകളുടെ അഭാവം മിക്ക ഇന്ത്യന്‍ സംസ്ഥാനങ്ങളും നേരിടുന്നു. ഐസോണിയാസിഡ്, റിഫാംപിസിന്‍, പൈറാസിനമൈഡ് എന്നീ മരുന്നുകളടങ്ങിയ 3 ഫസ്റ്റ് ഡോസ് കോഴ്‌സ് (3എഫ്ഡിസി) മരുന്നുകളുടെ വിതരണവും പ്രതിസന്ധിയിലാണ്. ഈ മരുന്നുകള്‍ പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ട ക്ഷയരോഗികള്‍ക്കാണ് നല്‍കുന്നത്.
നിലവില്‍ നിശ്ചിത കോമ്പിനേഷന്റെ ഡോസുള്ള മരുന്ന് നല്‍കാന്‍ സാധിക്കാത്തത് കൊണ്ടു തന്നെ റിഫാമ്പിസിന്‍, ഐസോനിയാസിഡ്, പൈറാസിനമൈഡ്, എതാംബുട്ടോള്‍ എന്നിവയുടെ ഓരോ മരുന്നുകള്‍ ഉപയോഗിക്കാനുള്ള നിര്‍ദേശമാണ് ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് നല്‍കുന്നത്. ഇങ്ങനെ വരുമ്പോള്‍ എട്ട് മുതല്‍ ഒമ്പത് ഗുളികകള്‍ കഴിക്കേണ്ട അവസ്ഥയിലാണ്. ചിലര്‍ക്ക് നിരവധി ഗുളികകള്‍ കഴിക്കാനും സാധിക്കില്ല. ഇത്തരത്തില്‍ എട്ട് മുതല്‍ ഒമ്പത് വരെ ഗുളികകള്‍ കഴിച്ചാല്‍ ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞ് പലരും മരുന്ന് ഉപയോഗം കുറയ്ക്കുന്ന സാഹചര്യവും നിലവിലുണ്ട്.
വലയുന്ന സംസ്ഥാനങ്ങള്‍, വലയ്ക്കുന്ന കേന്ദ്രം
മരുന്നുകളുടെ അഭാവം ചൂണ്ടിക്കാട്ടി കര്‍ണാടക ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടു റാവു കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയ്ക്ക് കത്തയച്ചിരുന്നു. ആവശ്യമുള്ള നിരക്കില്‍ മരുന്നുകള്‍ ലഭ്യമല്ലെന്നും കേന്ദ്രത്തിന്റെ നടപടി ക്ഷയരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളെ അപകടത്തിലാക്കിയെന്നും ചൂണ്ടിക്കാട്ടുകയായിരുന്നു അദ്ദേഹം ചെയ്തത്. സംസ്ഥാനത്ത് 15,000 സ്ട്രിപ്പ് മാത്രം ടാബ്ലറ്റുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇതു ഒരു മാസത്തേക്കു മാത്രമേ തികയൂയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം ഛത്തീസ്ഗഡിലെ സര്‍ഗുജ പോലുള്ള ജില്ലകളില്‍ കേവലം 13 ദിവസത്തേക്കുള്ള മരുന്നുകള്‍ മാത്രമേ ശേഷിക്കുന്നുള്ളു. കഴിഞ്ഞ വര്‍ഷം പകുതിയില്‍ തന്നെ മരുന്നുകള്‍ ആവശ്യപ്പെട്ട് ഛത്തീസ്ഗഡ് സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചിരുന്നു.
മഹാരാഷ്ട്രയില്‍ 3 എഫ്ഡിസിയുടെ 79,000 സ്ട്രിപ്പുകളാണ് നിലവിലുള്ളത്. അത് അടുത്ത 13.5 ദിവസത്തേക്കു മാത്രമേ തികയൂ. പെരുമാറ്റ ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് തന്നെ മഹാരാഷ്ട്ര മരുന്നുകളുടെ സംഭരണത്തിനുള്ള പ്രക്രിയകകള്‍ ആരംഭിച്ചിരുന്നെങ്കിലും അത് പൂര്‍ത്തീകരിക്കാന്‍ ഇനിയും സമയമെടുക്കുമെന്നാണ് വിലയിരുത്തല്‍. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ക്ഷയരോഗത്തിന്റെ അഭാവം മനസിലാക്കിയ പഞ്ചാബ് വിതരണക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
സംസ്ഥാനങ്ങള്‍ മുന്‍കൂട്ടി നല്‍കുന്ന കണക്കുകള്‍ പ്രകാരമായിരുന്നു നേരത്തെ കേന്ദ്രം ക്ഷയരോഗ മരുന്നുകള്‍ ലഭ്യമാക്കുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഓരോ കേന്ദ്രത്തിലും മരുന്നുകള്‍ വിതരണം ചെയ്യലാണ് സംസ്ഥാനത്തിന്റെ ചുമതല. സംസ്ഥാനം സാധാരണഗതിയില്‍ മരുന്നുകള്‍ സംഭരിക്കാത്തതിനാല്‍ തന്നെ സംസ്ഥാന തലത്തില്‍ മരുന്ന് സംഭരിക്കുന്നതിന് ഫണ്ടില്ല.
കേന്ദ്ര മെഡിക്കല്‍ സര്‍വീസസ് സൊസൈറ്റിയുടെ കണക്കുകള്‍ പ്രകാരം 2023 സെപ്റ്റംബറില്‍ 4എഫ്ഡിസി, 3എഫ്ഡിസി മരുന്നുകള്‍ക്കുള്ള ടെണ്ടര്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്. സെപ്റ്റംബറിലെ ടെണ്ടര്‍ പ്രകാരമുള്ള വിതരണം ആരംഭിക്കുന്നതേയുള്ളു. ഈ വര്‍ഷം മാര്‍ച്ച് എട്ടിനു 22നും അടിയന്തര ടെണ്ടറും സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്. ജില്ലകള്‍ക്കും സംസ്ഥാനങ്ങള്‍ക്കും സൗജന്യ മരുന്ന് സംഭരിക്കുവാനോ ലഭ്യമാക്കാനോ സാധിക്കുന്നില്ലെങ്കില്‍ രോഗികള്‍ക്ക് മരുന്നുകളുടെ വില തിരികെ നല്‍കാമെന്നാണ് ഇപ്പോള്‍ കേന്ദ്രം വ്യക്തമാക്കുന്നത്.