Medisep
Medisep

മെഡിസെപ്: ആശുപത്രികളുടെ പട്ടികയായി; സഹകരിക്കാതെ പ്രമുഖ ആശുപത്രികൾ

370 ആശുപത്രികളിൽ സേവനം ലഭ്യമാകും, 30 ലക്ഷം ഗുണഭോക്താക്കള്‍
Updated on
2 min read

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, മെഡിസെപ്പിന്റെ നടപടി ക്രമങ്ങള്‍ വേഗത്തിലാക്കി. പദ്ധതി പ്രകാരം സര്‍ക്കാര്‍ ആശുപത്രികള്‍ക്കു പുറമേ കേരളത്തിനകത്തും പുറത്തുമായി 254 സ്വകാര്യ ആശുപത്രികളില്‍ പണം നല്‍കാതെ ചികിത്സ ലഭിക്കും. സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ 370 ആശുപത്രികളിലാണ് സേവനം ലഭ്യമാവുക. 30 ലക്ഷം പേരാണ് പദ്ധതി ഗുണഭോക്താക്കള്‍. സംസ്ഥാനത്തിനു പുറത്തുള്ള 12 ആശുപത്രികളില്‍ പരിരക്ഷയും ലഭിക്കും. എന്നാല്‍ ആയുര്‍വേദം, ഹോമിയോ, യുനാനി തുടങ്ങിയ ആയുഷ് ചികിത്സകള്‍ക്ക് പരിരക്ഷയില്ല. അതേസമയം റീജണല്‍ കാന്‍സര്‍ സെന്റര്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍ തുടങ്ങിയ സര്‍ക്കാര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളും പദ്ധതിയുടെ ഭാഗമാണ്. സര്‍ക്കാര്‍ മേഖലയില്‍, താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയാണ് പദ്ധതി പ്രകാരം പണമില്ലാതെ ചികിത്സ ലഭിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ, തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി പദ്ധതിയുടെ ഭാഗമായില്ല.

സര്‍ക്കാര്‍ നിരവധി തവണ ആവര്‍ത്തിച്ചിട്ടും ചര്‍ച്ചകള്‍ ഉള്‍പ്പെടെ നടത്തിയിട്ടും പല പ്രമുഖ ആശുപത്രികള്‍ ഇപ്പോഴും നിസ്സഹകരണത്തിലാണ്. മെഡിസെപ്പില്‍ ചികിത്സയ്ക്ക് നിശ്ചയിച്ചിട്ടുള്ള നിരക്കുകള്‍ പര്യാപ്തമല്ലെന്ന് പറഞ്ഞാണ് ഇക്കൂട്ടര്‍ സഹകരിക്കാതെ മാറിനില്‍ക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും ഈ ഘട്ടത്തില്‍ പദ്ധതിയുടെ ഭാഗമായിട്ടില്ല. വിട്ടുനില്‍ക്കുന്ന 20-ഓളം ആശുപത്രികളുമായി സര്‍ക്കാര്‍ നേരത്തേ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇവയെക്കൂടി പദ്ധതിയുടെ ഭാഗമാക്കാനുള്ള ശ്രമം തുടരുമെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്.

MEDISEP inaguration
MEDISEP inaguration

കേരളത്തിനു പുറത്തെ ആശുപത്രികള്‍

  • ഹൈകെയര്‍ (ചെന്നൈ)

  • കെജി ഹോസ്പിറ്റല്‍, ആല്‍വ, ഡോ. മുത്തൂസ് ഹോസ്പിറ്റല്‍ (കോയമ്പത്തൂര്‍)

  • മഹാരാജ അഗ്രേസെന്‍ (ഡല്‍ഹി)

  • ശ്രീ മൂകാംബിക (കന്യാകുമാരി)

  • ഹര്‍ഷിത (മധുര)

  • കെഎസ് ഹെഗ്‌ഡേ ഹോസ്പിറ്റല്‍ (മംഗളുരു)

  • തുംഗ (മുംബൈ)

  • ദരന്‍ (സേലം)

  • എആര്‍എസ് (തിരിപ്പൂര്‍)

മെഡിസെപ് പദ്ധതിയില്‍ എംപാനല്‍ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികളുടെ പട്ടിക ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു.

ഇനി പരിശോധിക്കേണ്ടത് 30,000 പേരുടെ വിവരങ്ങള്‍

ഏഴായിരത്തോളം ജീവനക്കാരുടെയും ഏകദേശം 23,000 പെന്‍ഷന്‍കാരുടെയും ഉള്‍പ്പെടെ 30,000 പേരുടെ വിവരങ്ങളാണ് മെഡിസെപ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇനിയും പരിശോധിച്ച് ഉറപ്പാക്കേണ്ടത്. എങ്കിലും ഇവര്‍ക്കുള്‍പ്പെടെ ചികിത്സാ സൗകര്യം ഉറപ്പാക്കുമെന്ന് ധനവകുപ്പ് സര്‍ക്കുലര്‍ ഇറക്കി. www.medisep.kerala.gov.in എന്ന വെബ് പോര്‍ട്ടലില്‍ നിന്നും മെഡിസെപ് ഐഡി കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. പെന്‍ഷന്‍കാര്‍ക്ക് മെഡിസെപ് ഐഡി യൂസര്‍ ഐഡി ആയും പിപിഒ നമ്പര്‍ അല്ലെങ്കില്‍ പെന്‍ നമ്പര്‍ പാസ്‌വേഡ് ആയും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. ജീവനക്കാര്‍ മെഡിസെപ് ഐഡി യൂസര്‍ ഐഡി ആയും പെന്‍ നമ്പര്‍ അല്ലെങ്കില്‍ എംപ്ലോയീ ഐഡി പാസ്‌വേഡ് ആയും ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം.

ജില്ലകളെ മൂന്നു ക്ലസ്റ്ററുകളായി തിരിച്ചാണ് ചികിത്സ സൗകര്യം ഏര്‍പ്പെടുത്തുന്നത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളാണ് ആദ്യ ക്ലസ്റ്ററില്‍. തൃശ്ശൂര്‍, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകള്‍ രണ്ടാം ക്ലസ്റ്ററിലും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ മൂന്നാം ക്ലസ്റ്ററിലാണ്. ഒരു ക്ലസ്റ്റര്‍ പരിധിയിലെ ഗുണഭോക്താക്കള്‍ക്കു ബന്ധപ്പെട്ട ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സതേടാന്‍ സൗകര്യമുണ്ടാകും.

Medisep
എന്താണ് മെഡിസെപ്?

ഒരു കുടുംബത്തിന് പ്രതിവര്‍ഷം മൂന്നുലക്ഷം രൂപ വരെയുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷയാണ് മെഡിസെപ്പിലൂടെ ലഭിക്കുക. ഇതില്‍ ഒന്നരലക്ഷം രൂപ ഒരു വര്‍ഷത്തേക്ക് എന്ന രീതിയിലാണ് നിശ്ചയിച്ചിട്ടുള്ളത്, ഉപയോഗിക്കാത്ത പക്ഷം ഇത് അസാധുവാകും. നിലവില്‍ വിവിധ രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍ക്കും പരിരക്ഷയുണ്ടാകും. 1920 ചികിത്സാപ്രക്രിയകള്‍ക്ക് മെഡിസെപ് അടിസ്ഥാന പരിരക്ഷ നല്‍കുന്നു. മൂന്ന് മാസത്തിനുള്ളില്‍ പദ്ധതിയില്‍ പെടാത്ത ഏതെങ്കിലും ചികിത്സയ്ക്കായി നൂറിലേറെ കേസുകള്‍ വന്നാല്‍ അത് പുതിയ ചികിത്സാപ്രക്രിയയായി അംഗീകരിച്ച് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. 12 മാരകരോഗങ്ങള്‍ക്കും അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കും അധിക പരിരക്ഷ നല്‍കുന്നതിനായി 35 കോടിയുടെ കോര്‍പസ് ഫണ്ടും രൂപവത്കരിക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in