സ്ത്രീകൾക്കു മാത്രമല്ല, പുരുഷന്മാർക്കും വരാം സ്തനാർബുദം; ലക്ഷണങ്ങളും ചികിത്സയും
ബ്രസ്റ്റ് ക്യാന്‍സര്‍ അഥവാ സ്തനാര്‍ബുദം സ്ത്രീകൾക്കിടയിൽ വളരെ വ്യാപകമായി കാണുന്ന രോഗമാണ്. സ്തനാർബുദം സ്ത്രീകളെ മാത്രം ബാധിക്കുന്ന രോഗമായാണ് പലരും കണക്കാക്കുന്നത്. എന്നാൽ സ്ത്രീകളെപ്പോലെ തന്നെ പുരുഷന്മാർക്കും ബാധിക്കാവുന്ന ഈ രോഗം ബാധിക്കാമെന്ന് പലർക്കും അറിയില്ല. സമീപ വർഷങ്ങളിൽ പ്രസിദ്ധീകരിച്ച നിരവധി പഠനങ്ങൾ ഇക്കാര്യത്തെ സാധൂകരിക്കുന്നുണ്ട്. അപൂർവമാണെങ്കിലും പുരുഷന്മാരിലും സ്തനാർബുദം ഉണ്ടാകാമെന്ന് ഈ പഠനങ്ങൾ വ്യക്തമാക്കുന്നു.
ഈസ്ട്രജൻ എന്ന സ്ത്രീ ഹോർമോൺ ആണ് സ്തനാർബുദത്തിന് കാരണമാകുന്നത്. ഈ ഹോർമോൺ കുറവായതുകൊണ്ടാണ് പുരുഷന്മാരിൽ സ്തനാർബുദ സാധ്യത കുറയുന്നത്. സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോൾ സ്തനകോശങ്ങൾ പുരുഷന്മാരിൽ കുറവാണെന്നതും പ്രധാനപ്പെട്ട വസ്തുതയാണ്. പുരുഷന് സ്തനാർബുദം വരാനുള്ള സാധ്യത ഒരു ശതമാനത്തിൽ താഴെ മാത്രമാണെന്ന് വിവിധ അർബുദചികിത്സാ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. എന്നാലും ഇത് അസംഭവ്യമാണെന്ന് പറയാൻ സാധിക്കില്ല.
പുരുഷന്മാരിലെ സ്തനാർബുദത്തിന് പല കാരണങ്ങളുണ്ട്. റേഡിയേഷൻ എക്സ്പോഷർ, ഹോർമോൺ ചികിത്സകള്‍, അണുബാധകൾ, അമിത വണ്ണം, പ്രായം, പാരമ്പര്യം, ഈസ്ട്രജൻ ഗുളികകളുടെ ഉപയോഗം, സിറോസിസ് ഉൾപ്പടെയുള്ള ഗുരുതരമായ കരൾരോഗങ്ങൾ തുടങ്ങിയവ സ്തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കാം. അസന്തുലിതാവസ്ഥ, ജനിതകമാറ്റം, പാരിസ്ഥിതിക ഘടകങ്ങൾ എന്നിവരെയും രോഗമുണ്ടാകാൻ കാരണമാകാം.പുരുഷന്മാരിൽ സ്തനാർബുദം കണ്ടെത്താനും ഒരുപാട് വൈകാറുണ്ട്.
ലക്ഷണങ്ങളും ചികിത്സയും
സ്തനത്തിൽ വേദനയില്ലാത്ത നീർവീക്കം, ചുവപ്പ്, ചെറിയ മുഴ, തടിപ്പ്, മുലക്കണ്ണിൽനിന്ന് രക്തസ്രാവം, ഡിസ്ചാർജ്, സ്തനപ്രദേശത്തിനു ചുറ്റുമുള്ള ചർമത്തിലെ മാറ്റങ്ങൾ, അസ്വസ്ഥത, വേദന, മുലക്കണ്ണിനു ചുറ്റും ചർമം വരണ്ടിരിക്കുക, ആ ഭാഗത്ത് അടയാളങ്ങൾ തുടങ്ങിയ വിവിധ ലക്ഷണങ്ങൾ കൊണ്ട് പുരുഷന്മാരിലെ സ്തനാർബുദം മനസിലാക്കാം.
കക്ഷത്തിലെ ഗ്രന്ഥികളില്‍ നീര് വന്ന് വീര്‍ക്കുന്നതും രോഗത്തിന്‍റെ ഭാഗമായി ഉണ്ടാകുന്നതാകാം. കക്ഷങ്ങളിലോ നെഞ്ചിലോ ഉള്ള നീർവീക്കം കാൻസർ ലിംഫ് നോഡുകളിലേക്കു വ്യാപിച്ചതിന്റെ ലക്ഷണങ്ങളാകാം. ഈ ലക്ഷണങ്ങളെ നേരത്തെ തിരിച്ചറിയുന്നത് നിർണായകമാണ്. നേരത്തെ രോഗം തിരിച്ചറിഞ്ഞാൽ ഇത് ചികിത്സ പാലിക്കാനുള്ള സാധ്യത വർധിപ്പിക്കും.
പുരുഷന്മാരിലെ അർബുദ ചികിത്സ ട്യൂമറിൻ്റെ വലുപ്പത്തെയും അത് എത്രത്തോളം വ്യാപിച്ചുവെന്നതിനെയും ആശ്രയിച്ചിരിക്കുന്നു. ശസ്ത്രക്രിയ, കീമോ തെറപ്പി, ഹോർമോൺ തെറപ്പി, റേഡിയേഷൻ തെറപ്പി തുടങ്ങിയവ ചികിത്സകളിൽ ഉൾപ്പെടുന്നു.