മനുഷ്യ മസ്തിഷ്‌കത്തിലും മൈക്രോപ്ലാസ്റ്റിക്; മുന്നറിയിപ്പുമായി അമേരിക്കന്‍ പഠനം

മനുഷ്യ മസ്തിഷ്‌കത്തിലും മൈക്രോപ്ലാസ്റ്റിക്; മുന്നറിയിപ്പുമായി അമേരിക്കന്‍ പഠനം

മറ്റ് ഗവേഷകര്‍ ഇതുവരെ സ്വതന്ത്രമായി പരിശോധിച്ചിട്ടില്ലാത്ത ഈ പഠനത്തെ മാധ്യമങ്ങള്‍ ഭയപ്പെടുത്തുന്നതും ഞെട്ടിപ്പിക്കുന്നതുമണെന്നാണ് വിശേഷിപ്പിച്ചത്
Updated on
2 min read

നമ്മുടെ വസ്ത്രങ്ങള്‍, കാര്‍, മൊബൈല്‍ഫോണ്‍, വാട്ടര്‍ബോട്ടില്‍, ഫുഡ് കണ്ടയ്‌നറുകള്‍ തുടങ്ങിയവയിലെല്ലാം പ്ലാസ്റ്റിക് ഉണ്ട്. എന്നാല്‍ സമീപകാല ഗവേഷണങ്ങള്‍ പ്ലാസ്റ്റിക് ശകലങ്ങള്‍ നമ്മുടെ ആരോഗ്യത്തില്‍ ഉണ്ടാക്കുന്ന ദോഷകരമായ വസ്തുതകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. യൂണിവേഴ്സിറ്റി ഓഫ് ന്യൂ മെക്സിക്കോ(യുഎന്‍എം)യിലെ ഗവേഷകര്‍ മനുഷ്യവൃഷണങ്ങളില്‍വരെ മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയിരുന്നു. മാത്രമല്ല ഇത് പ്രത്യുല്‍പ്പാദന ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന മുന്നറിയിപ്പും ഗവേഷകര്‍ നല്‍കിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ മനുഷ്യമസ്തിഷ്‌കത്തില്‍ ആദ്യമായി മൈക്രോപ്ലാസ്റ്റിക കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. അമേരിക്കയില്‍നിന്നുള്ള ഒരു പുതിയ പഠനത്തിലാണ് ഇത് സൂചിപ്പിക്കുന്നത്. മറ്റ് ഗവേഷകര്‍ ഇതുവരെ സ്വതന്ത്രമായി പരിശോധിച്ചിട്ടില്ലാത്ത ഈ പഠനത്തെ മാധ്യമങ്ങള്‍ ഭയപ്പെടുത്തുന്നതും ഞെട്ടിപ്പിക്കുന്നതുമണെന്നാണ് വിശേഷിപ്പിച്ചത്.

പ്ലാസ്റ്റിക് വസ്തുക്കള്‍ നശിക്കാത്തവയായാണ് കണക്കാക്കുന്നത്. പ്ലാസ്റ്റിക് ചെറിയ കണങ്ങളായി വിഘടിക്കുന്നുണ്ട്. നിര്‍വചനങ്ങളില്‍ വ്യത്യാസമുണ്ടെങ്കിലും അഞ്ച് മില്ലീമീറ്ററില്‍ താഴെയുള്ളവയെയാണ് മൈക്രോപ്ലാസ്റ്റിക്കായി കണക്കാക്കുന്നത്. നഗ്നനേത്രങ്ങള്‍കൊണ്ട് കാണാന്‍ സാധിക്കാത്ത അത്രയും ചെറിയരൂപത്തില്‍ മൈക്രോപ്ലാസ്റ്റിക്കുകളുണ്ട്. കുടിവെള്ളത്തിലും സ്ഥിരമായി ഉപയോഗിക്കുന്ന ഭക്ഷണങ്ങളിലുമൊക്കെ മൈക്രോപ്ലാസ്റ്റിക് അംശം കണ്ടെത്തിയിട്ടുണ്ട്. ഇതിനര്‍ഥം ഭക്ഷണരൂപത്തില്‍ ഇവ നമ്മുടെ ഉള്ളിലും എത്തുന്നുണ്ടെന്നാണ്. ദീര്‍ഘകാലം ഇവയുമായി സമ്പര്‍ക്കത്തില്‍ വരുന്നത് മനുഷ്യരില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

മനുഷ്യ മസ്തിഷ്‌കത്തിലും മൈക്രോപ്ലാസ്റ്റിക്; മുന്നറിയിപ്പുമായി അമേരിക്കന്‍ പഠനം
മനുഷ്യ വൃഷണങ്ങളിലും മൈക്രോപ്ലാസ്റ്റിക്! പ്രത്യുല്‍പ്പാദന ആരോഗ്യത്തെ ദോഷകരമായി ബാധിക്കാമെന്ന് ഗവേഷകര്‍

ന്യൂ മെക്‌സിക്കോ ആല്‍ബുക്വെര്‍ക്കിലെ പതിവ് മൃതദേഹപരിശോധനകളില്‍നിന്ന് മാറ്റിവെച്ച പുരുഷന്‍മാരുടെയും സ്ത്രീകളുടെയും 51 സാമ്പിളുകളില്‍ മൈക്രോപ്ലാസ്റ്റിക്കിന്‌റെ സാന്ദ്രത പരിശോധിച്ചു. കരള്‍, വൃക്ക, തലച്ചോറ് എന്നിവയില്‍ നിന്നാണ് സാമ്പിള്‍ എടുത്തത്.

ഉയര്‍ന്ന ശക്തിയുള്ള മൈക്രോസ്‌കോപ്പില്‍ പോലും കാണാന്‍ സാധിക്കാത്ത തരത്തിലുള്ളവയായിരുന്നു മസ്തിഷ്‌കത്തില്‍ കണ്ടെത്തിയ മൈക്രോപ്ലാസ്റ്റിക്. അതിനാല്‍ ഇവയെ കാണാന്‍ ശ്രമിക്കുന്നതിന് പകരം ഈ മൈക്രോപ്ലാസ്റ്റിക്കിന്‌റെ രാസഘടന തിരിച്ചറിയുന്നതിനുള്ള ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ഗവേഷകര്‍ പഠനം നടത്തിയത്.

കരളിലും വൃക്കയിലും ഉള്ളതിനേക്കാള്‍ 30 മടങ്ങ് മൈക്രോപ്ലാസ്റ്റിക് മസ്തിഷ്‌ക സാമ്പിളുകളില്‍ കണ്ടെത്തി. തലച്ചോറിലേക്കുള്ള ഉയര്‍ന്ന രക്തപ്രവാഹം കാരണമാകാം ഇങ്ങനെ സംഭവിച്ചതെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു. കരളും വൃക്കകളും വിഷവസ്തുക്കളെയും കണികകളെയും നേരിടാന്‍ സജ്ജമാണ്. ശരീരത്തിലെ മറ്റ് അവയവങ്ങളുടെ അതേ അളവിലുള്ള സെല്ലുലാര്‍ നവീകരണത്തിന് തലച്ചോര്‍ വിധേയമാകില്ല. ഇത് പ്ലാസ്റ്റിക് ഇവിടെ നീണ്ടുനില്‍ക്കാന്‍ ഇടയാക്കും.

2016നും 2024നും ഇടയില്‍ മസ്തിഷ്‌ക സാമ്പിളുകളില്‍ പ്ലാസ്റ്റിക്കിന്‌റെ അളവ് ഏതാണ്ട് അന്‍പത് ശതമാനം വര്‍ധിച്ചതായും ഗവേഷകര്‍ വിലയിരുത്തുന്നു. പരിസ്ഥിതിയിലെ പ്ലാസ്റ്റിക് മലിനീകരണത്തിന്‌റെ വര്‍ധനവും മനുഷ്യരിലെ പ്ലാസ്റ്റിക് ഉപയോഗത്തിലുണ്ടായ വര്‍ധനയും ഇതിന് കാരണമാണ്.

പഠനത്തില്‍ കണ്ടെത്തിയ മൈക്രോപ്ലാസ്റ്റിക്കില്‍ അധികവും പോളിഎത്തിലീന്‍ അടങ്ങിയവയായിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്ന പ്ലാസ്റ്റിക് ആണിത്. കുപ്പിയുടെ അടപ്പ്, പ്ലാസ്റ്റിക് ബാഗ് ഉള്‍പ്പെടെ ദൈനംദിന വസ്തുക്കളില്‍ ഈ പ്ലാസ്റ്റിക്കാണ് കൂടുതലും ഉപയോഗിക്കുന്നത്.

ആദ്യമായാണ് മനുഷ്യമസ്തിഷ്‌കത്തില്‍ മൈക്രോപ്ലാസ്റ്റിക് കണ്ടെത്തുന്നതെന്നതാണ് ഈ പഠനത്തിന്‌റെ പ്രാധാന്യം. എന്നിരുന്നാലും ഈ പഠനം പ്രീ പ്രിന്‌റ് ആയതിനാല്‍ മറ്റ് ഗവേഷകര്‍ ഈ പഠനം അവലോകനം ചെയ്യുകയോ സാധൂകരിക്കുകയോ ചെയ്തിട്ടില്ല.

മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് മൈക്രോപ്ലാസ്റ്റിക് ശരീരത്തിലെത്തുന്നത്. ഇത് കുടലില മൈക്രോബയോമിനെ തടസപ്പെടുത്തുകയും വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് രോഗപ്രതിരോധ സംവിധാനത്തിലൂടെയും കുടലും മസ്തിഷ്‌കവും തമ്മിലുള്ള ആശയവിനിമയ സംവിധാനത്തിലൂടെ ശരീരം മുഴുവന്‍ സ്വാധീനം ചെലുത്തുന്നു.

മനുഷ്യ മസ്തിഷ്‌കത്തിലും മൈക്രോപ്ലാസ്റ്റിക്; മുന്നറിയിപ്പുമായി അമേരിക്കന്‍ പഠനം
വാക്സിനെ സംശയിക്കേണ്ട; മയോകാര്‍ഡൈറ്റിസിന് കാരണം കോവിഡ്- 19 വൈറസെന്ന് പഠനം

ശ്വസിക്കുന്നതിലൂടെ വായുവിലുള്ള മൈക്രോപ്ലാസ്റ്റിക് ഉള്ളിലെത്തുന്നു. ഒരിക്കല്‍ ഈ കണങ്ങള്‍ കുടലിലോ ശ്വാസകോശത്തിലോ എത്തിക്കഴിഞ്ഞാല്‍ അവയക്ക് രക്തപ്രവാഹത്തിലേക്ക് നീങ്ങാനും തുടര്‍ന്ന് വിവിധ അവയവങ്ങളിലേക്ക് എത്താനും സാധിക്കും. മനുഷ് വിസര്‍ജ്യം, സന്ധികള്‍, കരള്‍, പ്രത്യുല്‍പ്പാദന അവയവങ്ങള്‍, രക്തം, ധമനികള്‍, ഹൃദയം എന്നിവയില്‍ മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയിട്ടുണ്ട്.

മനുഷ്യമസ്തിഷകത്തില്‍ മൈക്രോപ്ലാസ്റ്റിക്കിന്‌റെ സ്വാധീനത്തെക്കുറിച്ചുള്ള ഫലങ്ങള്‍ ഇതുവരെ ലഭ്യമല്ല. ചില ലബോറട്ടറി പരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത് മൈക്രോപ്ലാസ്റ്റിക് മസ്തിഷ്‌കത്തിലെ നീര്‍വീക്കവും കോശനാശവും വര്‍ധിപ്പിക്കുമെന്നും ജീന്‍ എക്‌സ്പ്രഷനും മസ്തിഷ്‌കത്തിന്‌റെ ഘടനയും മാറ്റുമെന്നുമാണ്.വിവിധ പ്ലാസ്റ്റിക് രാസവസ്തുക്കള്‍ മൈക്രോപ്ലാസ്റ്റിക്കില്‍നിന്ന് ശരീരത്തിലേക്കെത്തും. ബിപിഎ എന്നറിയപ്പെടുന്ന ഹോര്‍മോണ്‍ തടസപ്പെടുത്തുന്ന രാസവസ്തുക്കളും ഇതില്‍പ്പെടും. എന്നാലും മൈക്രോപ്ലാസ്റ്റിക്കും അതിന്‌റെ ഫലങ്ങളും പഠിക്കുക ബുദ്ധിമുട്ടാണ്.

logo
The Fourth
www.thefourthnews.in