ചർമമുഴ രോഗം: ചത്തൊടുങ്ങിയത് 75000 കന്നുകാലികള്‍
കന്നുകാലികളിലെ ചർമമുഴ രോഗം 15 സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചതായി ഇന്ത്യന്‍ വെറ്ററിനറി റിസർച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്. സെപ്റ്റംബര്‍ ഇരുപത്തിമൂന്നോടു കൂടി 20 ലക്ഷം മൃഗങ്ങളിലേക്കാണ് രോഗം പടര്‍ന്നുപിടിച്ചത്. ഏപ്രില്‍ ആദ്യം ഗുജറാത്തിലെ കച്ച് മേഖലയിലാണ് രോഗം ആദ്യം സ്ഥിരീകരിച്ചത്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്കു പരിശോധിച്ചാല്‍ 75000 കന്നുകാലികളാണ് രോഗത്തിന് കീഴടങ്ങിയത്. രാജസ്ഥാനിലാണ് ഏറ്റവും കൂടുതല്‍ കന്നുകാലികള്‍ ചത്തതെന്നാണ് ഔദ്യോഗിക കണക്കുകള്‍.
നിലവിലെ സ്ഥിതി
ഗുജറാത്ത്,ഹിമാചല്‍പ്രദേശ്,പഞ്ചാബ്,രാജസ്ഥാന്‍,ഉത്തരാഖണ്ഡ്,മധ്യപ്രദേശ്,ജമ്മുകാശ്മീര്‍,ഉത്തര്‍പ്രദേശ്,ഹരിയാന,മഹാരാഷ്ട്ര,ഗോവ,പശ്ചിമബംഗാള്‍,ആന്ധ്രപ്രദേശ്,ഡല്‍ഹി,ബീഹാര്‍ എന്നിവിടങ്ങളിലേക്കാണ് രോഗവ്യാപനം നടന്നിരിക്കുന്നത്.
സാഹചര്യം കണക്കിലെടുത്ത് നാല് സംസ്ഥാനങ്ങളുമായുള്ള കന്നുകാലി വ്യാപാരത്തിനും, 28 ജില്ലകളിലേക്കുള്ള മൃഗങ്ങളുടെ അന്തര്‍ സംസ്ഥാന കയറ്റുമതിക്കും നിരോധനമുണ്ട് ഉത്തര്‍പ്രദേശില്‍.
എന്താണ് പശുക്കളിലെ ത്വക്ക് രോഗം
കാപ്രിപോക്‌സ് വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് കന്നുകാലികളിലെ ചർമമുഴ രോഗം(ലംപി സ്കിന്‍ ഡിസീസ്). ഇതു മനുഷ്യരിലേക്ക് പടര്‍ന്നു പിടിക്കില്ല. എന്നാല്‍ ഈച്ചകള്‍, കൊതുകുകള്‍,കന്നുകാലികളുടെ ശരീരത്തില്‍ കാണപ്പെടുന്ന പേന്‍,പല്ലികള്‍ എന്നിവയിലൂടെ ഈ രോഗം വ്യാപിക്കാം.
ഈ രോഗമുണ്ടാകുന്ന പശുക്കളില്‍ കടുത്ത പനി,പാലുത്പാദനം കുറയുക,ചര്‍മ്മത്തില്‍ കുരുക്കളുണ്ടാകുക, വിശപ്പില്ലായ്മ,മൂക്കില്‍ നിന്നുള്ള സ്രവം വര്‍ദ്ധിക്കുക തുടങ്ങിയ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്.
രോഗം ബാധിച്ച പശുക്കളുടെ പാല്‍ സുരക്ഷിതമോ ?
രോഗം ബാധിച്ച പശുക്കളുടെ പാല്‍ ഉപയോഗിക്കുന്നതില്‍ പ്രശ്നങ്ങളില്ലെന്ന് ഇന്ത്യന്‍ വെറ്റിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രഞ്ജർ. മുഴകള്‍ ഒരു നോണ്‍-സൂനോട്ടിക് അണുബാധയായതിനാല്‍ ഇത് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരില്ല.
രോഗബാധിതരായ കന്നുകാലികളുടെ പാല്‍ തിളപ്പിച്ചോ അല്ലാതെയോ ഉപയോഗിക്കാനാവുമെന്ന് ഐവിആര്‍ഐ ജോയിന്റ് ഡയറക്ടര്‍ അശോക് കുമാര്‍ മൊഹന്തി പറഞ്ഞു.
കന്നുകാലികള്‍ക്ക് കൃത്യസമയത്ത് വാക്‌സിനേഷന്‍ നല്‍കിയാല്‍ പാലുത്പാദനം കുറയുന്നതും രോഗം പടരുന്നതും തടയാനാവും. കന്നുകാലികള്‍ക്ക് രോഗം ബാധിക്കുമ്പോള്‍ തന്നെ കുത്തിവെപ്പ് നടത്തിയില്ലെങ്കില്‍ പാല്‍ ഉത്പാദനം 40-50 ശതമാനം വരെയായിരിക്കും കുറയുക. 2020 ലാണ് ഇന്ത്യയില്‍ കന്നുകാലികളിലെ ഈ ത്വക്ക് രോഗം വ്യാപിക്കാന്‍ തുടങ്ങിയത്.