തണുപ്പുകാലത്തെ ഈ തെറ്റുകള്‍ ഹൃദയാഘാത സാധ്യത കൂട്ടും

തണുപ്പുകാലത്തെ ഈ തെറ്റുകള്‍ ഹൃദയാഘാത സാധ്യത കൂട്ടും

ഹൃദയം ദുര്‍ബലമായവരും ഹൃദ്രോഗങ്ങളുമായി ജീവിക്കുന്നവരും ശൈത്യകാലത്ത് അധികശ്രദ്ധ നല്‍കേണ്ടതുണ്ട്
Updated on
1 min read

മറ്റേത് ഋതുക്കളെക്കാലും ഹൃദയാരോഗ്യം മോശമാകുന്ന കാലമാണ് ശീതകാലം. അന്തരീക്ഷം തണുക്കുമ്പോള്‍ നമ്മുടെ ശരീരവും തണുക്കും. ശരീരത്തെ ചൂടുള്ള അവസ്ഥയിലേക്കെത്തിക്കാന്‍ ഹൃദയത്തിന് കഠിനമായി പ്രവര്‍ത്തിക്കേണ്ടിയും കൂടുതല്‍ രക്തം പമ്പ് ചെയ്യേണ്ടിയും വരും. എന്നാല്‍ ഹൃദയം ആരോഗ്യമുള്ളതാണെങ്കില്‍ അന്തരീക്ഷം ചൂടായാലും തണുത്താലും ബാധിക്കില്ല. ഹൃദയം ദുര്‍ബലമായവരും ഹൃദ്രോഗങ്ങളുമായി ജീവിക്കുന്നവരും ശൈത്യകാലത്ത് അധികശ്രദ്ധ നല്‍കേണ്ടതുണ്ട്. ശൈത്യകാലത്ത് ഹൃദയനിരക്ക് അധികരിക്കുകയും ഇത് ചില സന്ദര്‍ഭങ്ങളില്‍ ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യും. ശൈത്യകാലത്ത് നമ്മള്‍ വരുത്തുന്ന ചില അശ്രദ്ധകളും ഹൃദയാഘാത സാധ്യത കൂട്ടുന്നുണ്ട്. അവ ഏതൊക്കെയെന്നു നോക്കാം.

വസ്ത്രധാരണത്തിലെ അശ്രദ്ധ

മഞ്ഞുകാലത്ത് ശരീരത്തിന് ചൂട് നിലനിര്‍ത്താന്‍ ആവശ്യമായതെല്ലാം ചെയ്യേണ്ടതുണ്ട്. ശരീരത്തെ ചൂടാക്കാനായി ഹൃദയത്തിന് കൂടുതല്‍ രക്തം പമ്പ് ചെയ്യേണ്ടി വരും. ചൂട് നില്‍ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക, തൊപ്പി വയ്ക്കുക എന്നിവയിലൂടെ ശരീരത്തില്‍ ചൂട് നിലനിര്‍ത്താം.

ഇടവേളകളില്ലാത്ത കഠിന ജോലി

എപ്പോഴും ആക്ടീവായിരിക്കുക എന്നത് നല്ല കാര്യമാണ്. എന്നാല്‍ അമിതമായാല്‍ ഇത് ഹൃദയനിരക്കും രക്തസമ്മര്‍ദവും കൂടാനും ഹൃദയാഘാത സാധ്യതയ്ക്കും കാരണമാകും. കഠിനമായ ജോലികളില്‍ നിന്ന് നിശ്ചിത ഇടവേളകളെടുക്കാം. ഇത് ഹൃദയവും ശരീരവും ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കും. ശരീരം അമിതമായ അധ്വാനത്തിന്‌റെ ലക്ഷണം കാണിച്ചാല്‍ അവഗണിക്കരുത്.

നിര്‍ജലീകരണം

അന്തരീക്ഷം തണുപ്പ് ആയതിനാല്‍ത്തന്നെ ഈ കാലത്ത് വെള്ളംകുടിക്കുന്നതിന് പലരും ശ്രദ്ധ കൊടുക്കാറില്ല. തണുത്ത കാലാവസ്ഥയില്‍ നിര്‍ജലീകരണത്തിന്‌റെ ലക്ഷണങ്ങളും ശ്രദ്ധിക്കാറില്ല. അതുകൊണ്ടുതന്നെ ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് ഇത് നിങ്ങളുടെ ഹൃദയത്തിന്‌റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍. ശരീരത്തില്‍ ജലാംശമില്ലെങ്കില്‍ ഹൃദയത്തിന് അധിക സമ്മര്‍ദം നല്‍കേണ്ടി വരും. അത് ഹൃദയനിരക്ക് കൂട്ടി ഹൃദ്രോഗങ്ങള്‍ക്കു വഴിവയ്ക്കും.

അമിത മദ്യപാനം

ശൈത്യകാലത്ത് ചൂട് നിലനിര്‍ത്താന്‍ മദ്യം സഹായിക്കും. എന്നാല്‍ ഇതിന്‌റെ ഉപയോഗം അമിതമാകുന്നത് ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കും. തണുത്ത ഊഷ്മാവില്‍ രക്തക്കുഴലുകള്‍ സങ്കോചിക്കുന്നു. ഇതിനൊപ്പം അമിതമദ്യപാനം കൂടിയാകുമ്പോള്‍ പക്ഷാഘാതമോ ഹൃദയാഘാതമോ സംഭവിക്കാം.

ഭക്ഷണശീലങ്ങള്‍

നമ്മള്‍ പിന്തുടരുന്ന ഭക്ഷണക്രമം ശരീരത്തിലെ ഓരോ അവയവത്തെയും ബാധിക്കുന്നുണ്ട്, പ്രത്യേകിച്ച് ഹൃദയത്തെ. അമിതമായി ജങ്ക്ഫുഡ് കഴിക്കുന്നത് ഒഴിവാക്കുക, പ്രോസസ് ചെയ്തതും സോഡിയം കൂടുതലായി അടങ്ങിയതുമായ ഭക്ഷണങ്ങള്‍, കലോറിയും കൊഴുപ്പും കൂടിയ ഭക്ഷണങ്ങള്‍ എന്നിവയും ഒഴിവാക്കേണ്ടതുണ്ട്. കൂടുതല്‍ പച്ചക്കറികളും ആവശ്യത്തിന് പ്രോട്ടീനും മുഴുധാന്യങ്ങളും മീനുമൊക്കെ അടങ്ങിയ ഒരു സന്തുലിത ഡയറ്റ് ശീലമാക്കാം.

സൂര്യപ്രകാശം

ശരീരത്തിന്‌റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വിറ്റാമിന്‍ ഡി അനിവാര്യമാണ്. എന്നാല്‍ തണുപ്പ്കാലത്ത് സൂര്യപ്രകാശം നേരിട്ട് ലഭിക്കുക പ്രയാസമാണ്. വിറ്റാമിന്‍ ഡിയുടെ കുറവ് ഹൃദ്രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ സപ്ലിമെന്‌റുകളിലൂടെയും ഭക്ഷണത്തിലൂടെയും ഡി വിറ്റാമിന്‌റെ ലഭ്യത ഉറപ്പാക്കണം.

logo
The Fourth
www.thefourthnews.in