ഇന്ത്യയിലെ അര്‍ബുദ ബാധിതരായ കുട്ടികളില്‍ ഭൂരിഭാഗവും പോഷകാഹാരക്കുറവുള്ളവര്‍; നിര്‍ണായക കണ്ടെത്തലുമായി പഠനം
ഇന്ത്യയിലെ അര്‍ബുദ ബാധിതരായ കുട്ടികളില്‍ ഭൂരിഭാഗവും പോഷകാഹാരക്കുറവുള്ളവരെന്ന് കഡില്‍സ് ഫൗണ്ടേഷന്‌റെ റിപ്പോര്‍ട്ട്. 14 സംസ്ഥാനങ്ങളിലെ 40 പൊതു ആശുപത്രികളുമായി ചേര്‍ന്ന് കഡില്‍സ് ഫൗണ്ടേഷന്‍ തയ്യാറാക്കിയ ഫുഡ് ഹീല്‍സ് റിപ്പോര്‍ട്ട് 2024 റിപ്പോര്‍ട്ടില്‍ കാന്‍സര്‍ രോഗനിര്‍ണയം നടത്തിയ കുട്ടികളില്‍ അധികവും പോഷകാഹാരക്കുറവുള്ളവരാണെന്ന് വിശദീകരിക്കുന്നു.
കുട്ടികളിലെ അര്‍ബുദം ഇന്ത്യയിലെ ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്നമാണ്. കുട്ടിക്കാലത്തെ കാന്‍സര്‍ നിയന്ത്രണത്തെ അഭിസംബോധന ചെയ്യുന്നതിനുള്ള പ്രത്യേക പരിപാടികളുടെയും നയങ്ങളുടെയും അഭാവം ഇന്ത്യയിലുണ്ട്. രാജ്യത്തുടനീളം പീഡിയാട്രിക് ഓങ്കോളജി വിഭാഗങ്ങള്‍ 41.6 ശതമാനം പൊതുജനങ്ങള്‍ക്ക് ലഭ്യമാണ്. 48.6 ശതമാനം സ്വകാര്യവും 64ശതമാനം സര്‍ക്കാരിതര സ്ഥാപനങ്ങളിലും (എന്‍ജിഒ) തൃതീയ തലത്തിലുള്ള ആശുപത്രികളിലുമാണ്.
കണ്ടെത്തലുകള്‍ അനുസരിച്ച്, ഏകദേശം 76,000 കുട്ടികള്‍ക്ക് പ്രതിവര്‍ഷം അര്‍ബുദ രോഗനിര്‍ണയം നടത്തുന്നു. ഇവരില്‍ 57ശതമാനം മുതല്‍ 61 ശതമാനം വരെ ആദ്യത്തെ പോഷകാഹാര പരിശോധയനയില്‍ത്തന്നെ പോഷകാഹാരക്കുറവുള്ളവരാണ്. ഈ പോഷകാഹാരക്കുറവ് ചികിത്സയെയും ബാധിക്കുന്നുണ്ട്. ഇത് കൂടുതല്‍ സങ്കീര്‍ണതകളിലേക്കും അണുബാധകളിലേക്കും മോശമായ ചികിത്സാ ഫലങ്ങളിലേക്കും നയിക്കുന്നു. പീഡിയാട്രിക് ഓങ്കോളജി പരിചരണത്തില്‍ പോഷകാഹാരം വഹിക്കുന്ന നിര്‍ണായക പങ്കിനെ റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു. ഫലപ്രദമായ ചികിത്സയ്ക്ക് പോഷകാഹാരക്കുറവ് ഒരു പ്രധാന തടസ്സമായി തുടരുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഇന്ത്യയില്‍ അര്‍ബുദബാധിതരായ ആയിരക്കണക്കിന് കുട്ടികളുടെ അതിജീവന നിരക്കും ജീവിത നിലവാരവും അപര്യാപ്തമായ പോഷകാഹാരം കാരണം വിട്ടുവീഴ്ച ചെയ്യപ്പെടേണ്ടി വരുന്നു. ഈ പ്രശ്‌നം കഴിഞ്ഞ മൂന്ന് വര്‍ഷമായി നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് ബോധവല്‍ക്കരണത്തിന്റെയും പിന്തുണയുടെയും അടിയന്തര ആവശ്യകത കഡില്‍സ് ഫൗണ്ടേഷന്‍ സ്ഥാപകനും സിഇഒയുമായ പൂര്‍ണോത ദത്ത ബഹല്‍ വിശദീകരിക്കുന്നു.
'ഫുഡ് ഹീല്‍സ് റിപ്പോര്‍ട്ട് 2024-ന്റെ കണ്ടെത്തലുകള്‍ ഒരു യാഥാര്‍ഥ്യത്തിലേക്ക് വിരല്‍ചൂണ്ടുന്നു. പോഷകാഹാരക്കുറവ് പീഡിയാട്രിക് കാന്‍സര്‍ പരിചരണത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായി തുടരുന്നു. ശരിയായ പോഷകാഹാരം കുട്ടികള്‍ക്ക് കഠിനമായ ചികിത്സകള്‍ സഹിക്കാനുള്ള ശക്തി നല്‍കും' -പൂര്‍ണോത പറഞ്ഞു. .
പുതുതായി രോഗനിര്‍ണയം നടത്തിയ പീഡിയാട്രിക് കാന്‍സര്‍ രോഗികളില്‍ 65 ശതമാനം പേരും ദിവസേന ആവശ്യമായ കലോറിയുടെയും പ്രോട്ടീനിന്റെയും പകുതിയില്‍ താഴെ മാത്രമേ ഉപയോഗിക്കുന്നുള്ളൂ, ഇത് ചികിത്സ സ്വീകരിക്കാനുള്ള അവരുടെ കഴിവിനെ ഗണ്യമായി കുറയ്ക്കുകയും അണുബാധയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുകയും അതിജീവനത്തിന് തടസം സൃഷ്ടിക്കുകയും ചെയ്യുന്നു.
വിശപ്പില്ലായ്മ, ദാരിദ്ര്യം, വിദ്യാഭ്യാസമില്ലായ്മ തുടങ്ങിയ കാരണങ്ങള്‍ പോഷകാഹാരക്കുറവിനു പിന്നിലുണ്ട്. ഈ കുട്ടികളില്‍ ഏതെങ്കിലും ചികിത്സ ചെയ്യുന്നത് ബുദ്ധിമുട്ടേറിയതും വെല്ലുവിളികള്‍ നിറഞ്ഞതുമാണെന്ന് റായ്പൂര്‍ പിടി. ജെഎന്‍എം മെഡിക്കല്‍ കോളേജ് റീജിയണല്‍ കാന്‍സര്‍ സെന്റര്‍ റേഡിയേഷന്‍ ഓങ്കോളജി പ്രഫസര്‍ ഡോ. പ്രദീപ് ചന്ദ്രകാര്‍ പറഞ്ഞു. ഈ സമയത്ത് കുട്ടികള്‍ക്ക് അണുബാധയും ചികിത്സാസങ്കീര്‍ണതകളും ബാധിക്കാമെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍, അര്‍ബുദത്തിനതിരെ പോരാടുന്നതിന് കുട്ടികള്‍ക്ക് ശരിയായ പോഷകാഹാരം നല്‍കേണ്ടതുണ്ട്.
കുട്ടികളിലെ അര്‍ബുദ പരിചരണം ആരംഭിക്കേണ്ടത് പോഷകാഹാരത്തില്‍ നിന്നാണെന്ന് ന്യൂഡല്‍ഹി സര്‍ ഗംഗാ റാം ഹോസ്പിറ്റലിലെ പീഡിയാട്രിക് ഹെമറ്റോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.മനസ് കല്‍റയ പറയുന്നു. പോഷകാഹാര പരിചരണം കുട്ടികളുടെ ചികിത്സ മെച്ചപ്പെടുത്തുന്നതില്‍ പ്രധാനമാണെന്നും ഇത് പീഡിയാട്രിക് ഓങ്കോളജിയില്‍ പലപ്പോഴും അവഗണിക്കപ്പെടുന്നുണ്ടെന്നും ഡോ കല്‍റ കൂട്ടിച്ചേര്‍ത്തു. രോഗനിര്‍ണയം മുതല്‍ അതിജീവനം വരെയുള്ള അര്‍ബുദ ചികിത്സയുടെ എല്ലാ ഘട്ടങ്ങളിലും പോഷകാഹാര പിന്തുണ സംയോജിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ആശുപത്രികളില്‍ പ്രത്യേക പോഷകാഹാര വിദഗ്ധരുടെ കുറവും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അക്രെഡിറ്റഡ് കാന്‍സര്‍ ആശുപത്രികളില്‍ ന്യൂട്രീഷനിസ്റ്റ്-രോഗി അനുപാതം 1:54 ആണ്. അതേസമയം അക്രെഡിറ്റഡ് അല്ലാത്ത ആശുപത്രികളില്‍ 1:407 എന്ന അനുപാതത്തിലാണ് ന്യൂട്രീഷനിസ്റ്റ് രോഗി അനുപാതം. പോഷകാഹാര സേവനങ്ങളുടെ ലഭ്യത വര്‍ധിപ്പിക്കുന്നതിനും പോഷകാഹാര വിദഗ്ധര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതിനും പീഡിയാട്രിക് ഓങ്കോളജി പരിചരണത്തില്‍ ഘടനാപരമായ ന്യൂട്രീഷന്‍ കെയര്‍ പ്രോസസുകള്‍ (എന്‍സിപി) സ്ഥാപിക്കുന്നതിന് നിക്ഷേപം ആവശ്യമാണെന്ന് വിദഗ്ധര്‍ പറയുന്നു.
അതിജീവന സാധ്യത കൂട്ടാനും ദീര്‍ഘകാല ആരോഗ്യം മെച്ചപ്പെടുത്താനും വ്യക്തിഗത പോഷകാഹാര പരിചരണത്തിന്‌റെ പ്രാധാന്യവും റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു. പോഷകാഹാരക്കുറവ് കാരണം ഒരു കുട്ടിക്കും അര്‍ബുദത്തിനെതിരെ ചികിത്സ ലഭിക്കാത്ത സാഹചര്യമുണ്ടാകരുതെന്നും പഠനരചയിതാക്കള്‍ പറയുന്നു.