പ്രമേഹ ചികിത്സയിലെ സംഭാവനകൾക്ക് ഡോ. ജ്യോതിദേവിന് ദേശീയ പുരസ്‌കാരം
പ്രമേഹ ചികിത്സയിലെ നൂതന സംഭാവനകൾക്കായുള്ള ദേശീയ പുരസ്‌കാരം ഡോ. ജ്യോതിദേവ് കേശവദേവിന്. മുംബൈയിൽ വേൾഡ്-ഇന്ത്യ ഡയബെറ്റിസ് ഫൗണ്ടേഷനും ഇന്ത്യൻ അക്കാദമി ഓഫ് ഡയബെറ്റിസും സംയുക്തമായി സംഘടിപ്പിച്ച ഇരുപത്തിമൂന്നാമത് ഇന്റർനാഷണൽ സിംപോസിയം ഓൺ ഡയബെറ്റിസ് വേദിയിൽ ജ്യോതിദേവിന് പുരസ്‌കാരം സമ്മാനിച്ചു.
വൈദ്യശാസ്ത്ര ഗവേഷണ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഡോ. ശ്രീകുമാരൻ നായർ (മയോ ക്ലിനിക്, യു എസ്), ഡോ. ശശാങ്ക് ജോഷി, ഡോ. ബൻഷി സാബു, രമൺ കപൂർ, സൈറസ് അയിബറ എന്നിവർ ചേർന്നാണ് ഡോ. ജ്യോതിദേവിന് പുരസ്കാരം നൽകിയത്.
പ്രമേഹ ചികിത്സയിൽ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിലൂടെ രോഗികൾക്ക് മെച്ചപ്പെട്ട ജീവിത നിലവാരം കൈവരുത്താനാവുമെന്നും പ്രമേഹ രോഗികളിൽ വർദ്ധിച്ചുവരുന്ന ആയുർദൈർഘ്യം വാർധക്യത്തിലും അവശതകളില്ലാതെ സാധ്യമാക്കാൻ കഴിയുമെന്നും തെളിയിക്കുന്ന ഗവേഷണ പ്രസിദ്ധീകരണങ്ങൾക്കാണ് ഈ അംഗീകാരം.
കുറച്ചുകാലം മുൻപ് വരെ പ്രമേഹം മൂലമുണ്ടാകുന്ന ഹൃദ്രോഗം, വൃക്കരോഗം, കാൽപ്പാദ വ്രണങ്ങൾ, കാൽപ്പാദം മുറിച്ചുമാറ്റപ്പെടുന്ന അവസ്ഥ തുടങ്ങിയ സങ്കീർണതകൾ പ്രമേഹം കണ്ടെത്തി പത്തോ പതിനഞ്ചോ വർഷങ്ങൾക്കു ശേഷം ഒഴിച്ചു കൂടാനാവാത്തതാണെന്നാണ് കരുതിയിരുന്നത്. പക്ഷേ, നൂതന പ്രതിരോധ ഔഷധങ്ങളിലൂടെയും നിരീക്ഷണ സാങ്കേതിക വിദ്യകളിലൂടെയും ഇവയെല്ലാം ഫലപ്രദമായി തടയാൻ കഴിയുമെന്നാണ് ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ കണ്ടെത്തൽ.