കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന സ്‌നേഹചുംബനം ആപത്താകരുത്; വേണം അധികശ്രദ്ധ
ഓമനത്തം തുളുമ്പുന്ന കുഞ്ഞുങ്ങള്‍, കാണുമ്പോള്‍ ഒന്ന് തലോടുകയും ഏറ്റവും അടുത്ത കുഞ്ഞുങ്ങളാകുമ്പോള്‍ ഒന്ന് ഉമ്മ വയ്ക്കുകയുമൊക്കെ ചെയ്യാറുണ്ട് പലരും. പക്ഷേ സ്‌നേഹത്തോടെ ചെയ്യുന്ന ഈ പ്രവൃത്തി ചിലപ്പോള്‍ കുഞ്ഞുങ്ങളെ ദോഷകരമായി ബാധിക്കാം.
കുഞ്ഞിന്‌റെ മാതാപിതാക്കളോ അടുത്തിടപഴകുന്നവരോ നല്‍കുന്ന ഉമ്മ കുഞ്ഞുമായുള്ള ബോണ്ടിങ് നല്‍കാം. ഇത് കുഞ്ഞിന് വികസന ഉത്തേജനവും വൈകരിക സ്ഥിരതയും നല്‍കാന്‍ സഹായിക്കും. എന്നാല്‍ കുഞ്ഞുങ്ങളുടെ മുഖത്തും ചുണ്ടുകളിലും ചുംബനം നല്‍കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നവജാതശിശുക്കളില്‍ പ്രതിരോധ വ്യവസ്ഥ വികസിച്ചു വരുന്നതേ ഉള്ളു, അതിനാല്‍ത്തന്നെ അണുബാധ പിടിപെടാനുള്ള സാഹചര്യം വളരെക്കൂടുതലാണ്. ഇതിനൊപ്പംതന്നെ വാക്‌സിനേഷനുകളെല്ലാം സ്വീകരിക്കാത്തതുകൊണ്ട് ചില രോഗങ്ങള്‍ പെട്ടെന്ന് പിടിപെടാനുള്ള സാഹചര്യവുമുണ്ട്.
കുഞ്ഞുങ്ങളുടെ ചുണ്ടിലോ മുഖത്തോ ഉമ്മ വയ്ക്കുന്നതിലൂടെ ഫ്‌ളൂ, കോവിഡ്-19, ശ്വാസകോശ രോഗങ്ങള്‍ എന്നിവ പകരാനുള്ള സാധ്യതയുണ്ട്. ഹെപ്പറ്റൈറ്റിസ് ബി ബാധിതരാണെങ്കില്‍ ഉമിനീരില്‍ക്കൂടി വൈറസുകള്‍ കുഞ്ഞിലേക്ക് പകരാനുള്ള സാഹചര്യവുമുണ്ട്. മുഖവും ചുണ്ടും ഒഴിവാക്കി കുഞ്ഞുങ്ങളുടെ മറ്റ് ശരീരഭാഗങ്ങളില്‍ ചുംബിക്കുന്നത് സുരക്ഷിതമാണെങ്കിലും ഹെര്‍പസ് വൈറസുകള്‍ ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
13 വയസിനു താഴെയുള്ള കുട്ടികള്‍ കുഞ്ഞുങ്ങളെ ചുംബിക്കുമ്പോള്‍?
13 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ ചെറിയ കുഞ്ഞുങ്ങളെ ചുംബിക്കുമ്പോഴും അധികശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ഇവര്‍ക്ക് പ്രതിരോധശേഷി കുറവായതിനാലും സ്‌കൂളില്‍ നിന്നും അണുബാധ ലഭിക്കാനുള്ള സാഹചര്യം അധികമാണ്. എന്തെങ്കിലും രോഗലക്ഷണമുണ്ടെങ്കില്‍ കുഞ്ഞുങ്ങളില്‍നിന്ന് അകറ്റിനിര്‍ത്താന്‍ ശ്രദ്ധിക്കണം. ചുറ്റുപാടുകളില്‍നിന്നും സഹപാഠികളില്‍ നിന്നുമായി രോഗാണുക്കളും അണുബാധയും പനിയുമൊക്കെ പകരാന്‍ സാധ്യത കൂടിയവരാണ് സ്‌കൂളില്‍ പോകുന്ന കുട്ടികള്‍. പ്രതിരോധ വ്യവസ്ഥ പൂര്‍ണവികാസത്തിലെത്താത്തതിനാല്‍ അണുബാധ വിമുക്തമാക്കാന്‍ കുഞ്ഞുങ്ങളുടെ അന്തരീക്ഷം കൂടുതല്‍ സുരക്ഷിതമാക്കേണ്ടതുണ്ട്.
കുഞ്ഞുങ്ങളെ ചുംബിക്കാന്‍ പാടില്ലേ?
ഏതു പ്രായത്തിലുള്ളവരായാലും കുഞ്ഞുങ്ങളിലെ ചുണ്ടുകളിലെ ചുംബനം ഒഴിവാക്കുന്നതാകും നല്ലത്. പ്രത്യേകിച്ച് നിങ്ങള്‍ക്ക് പനി, ചുമ, ഫ്‌ളൂ എന്നിവയുണ്ടെങ്കില്‍ ചുണ്ടിലെ ചുംബനം ഒഴിവാക്കുകതന്നെ വേണം. ഹെര്‍പ്പസ് അണുബാധയുള്ളവരാണെങ്കില്‍ അടുത്ത സമ്പര്‍ക്കം ഒഴിവാക്കുകയും ശുചിത്വം പാലിക്കുകയും വേണം. അടുത്ത ബന്ധത്തിലൂടെ പരാന്‍ സാധ്യതയുള്ള രോഗങ്ങള്‍ ഒഴിവാക്കാന്‍ കുഞ്ഞുങ്ങള്‍ക്ക് കൃത്യസമയത്ത് വാക്‌സിനേഷന്‍ നല്‍കണം.
കുഞ്ഞുങ്ങളുടെ ചര്‍മം വളരെ സെന്‍സിറ്റീവ് ആയതിനാല്‍ നിങ്ങളുടെ ചുണ്ടിലെ ലിപ്സ്റ്റിക് വഴി ചര്‍മത്തില്‍ തിണര്‍പ്പുകളും അണുബാധ സാധ്യതയും ഉണ്ടാകാം. നവജാതശിശുക്കള്‍ക്ക് അലര്‍ജിയുണ്ടോ എന്നത് പരിശോധിക്കപ്പെടുന്നില്ല എന്നോര്‍ത്തുവേണം അവരെ തലോടാനും ഉമ്മ വയ്ക്കാനുമൊക്കെ.