പുതിയ കോവിഡ് ഉപവകഭേദം 'ഏരിസ്': വേഗത്തില്‍ പടരാന്‍ സാധ്യത; ലക്ഷണങ്ങൾ
ലോകം കോവിഡിൽ നിന്ന് കരകയറിയെങ്കിലും പുതിയ വകഭേദങ്ങൾ ഉയർന്നുവരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഒമിക്രോണ്‍ വകഭേദത്തിന്റെ പുതിയ ഉപവകഭേദമായ ഏരിസ് എന്നറിയപ്പെടുന്ന ഇജി.5 നെ തിരിച്ചറിഞ്ഞത് ഈയടുത്താണ്. ചൈന, അമേരിക്ക, ജപ്പാന്‍, ദക്ഷിണ കൊറിയ, കാനഡ, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, യുകെ, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ തുടങ്ങിയ അന്‍പതോളം രാജ്യങ്ങളില്‍ ഇതിനോടകം തന്നെ ഏരിസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതിവേഗം പടരുന്ന ഒരു വകഭേദമാണ് ഏരിസ്. വടക്കന്‍ അയര്‍ലന്‍ഡിലാണ് ഇത് ഏറ്റവും കൂടുതല്‍ പടരുന്നതെന്നാണ് കണക്കുകള്‍. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. എങ്കിലും ലോകാരോഗ്യസംഘടന കൃത്യമായി നിരീക്ഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ലക്ഷണങ്ങളെല്ലാം ഒമിക്രോണ്‍ വകഭേദത്തിനോട് സമാനമാണ്. വരും ആഴ്ചകളില്‍ ഇത് പടരാനുള്ള സാധ്യത കൂടൂതലാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പൊതുജനാരോഗ്യത്തിന് ഏരിസ് ഭീഷണിയാകില്ലെന്നാണ് നിലവിലെ വിലയിരുത്തല്‍. മെയ് 10ന് മഹാരാഷ്ട്രയില്‍ നിന്നാണ് ഇന്ത്യയിലെ ഏരിസ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഏരിസ് വേഗത്തിൽ പടരുന്ന സാഹചര്യമായതിനാൽ മുൻകരുതലുകളെടുത്ത് മുന്നോട്ട് പോകുന്നതാണ് ഉചിതമെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഏരിസിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
തൊണ്ടവേദന
ഈ വകഭേദത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണമാണ് തൊണ്ടവേദന. എന്തെങ്കിലും കഴിക്കുമ്പോഴോ, സംസാരിക്കുമ്പോഴോ തൊണ്ടയില്‍ വേദനയോ കനമോ അനുഭവപ്പെടാം. തൊണ്ടയില്‍ വരള്‍ച്ച തോന്നാനും സാധ്യതയുണ്ട്. ചിലപ്പോള്‍ വീക്കവും അനുഭപ്പെടാം.
ചുമ
സ്ഥിരമായ വരണ്ട ചുമയാണ് മറ്റൊരു ലക്ഷണം.
ക്ഷീണം
അസാധാരണമായ ക്ഷീണം അനുഭവപ്പെടുന്നത് ഏരിസിന്റെ ലക്ഷണങ്ങളിലൊന്നാണ്. ശരിയായി വിശ്രമമെടുത്താലും ക്ഷീണം അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.
ശരീര വേദന
പേശികള്‍ക്കും ശരീരത്തിനും വേദന അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. ചിലപ്പോള്‍ വേദന കഠിനമാകാനുള്ള സാധ്യതയുമുണ്ട്.
മൂക്കൊലിപ്പ്
ജലദോഷത്തിന് സമാനമായി മൂക്കൊലിപ്പ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഏരിസ് വകഭേദത്തിന്റെ ലക്ഷണങ്ങളിലൊന്നാണ്.
മറ്റ് ലക്ഷണങ്ങള്‍
മുകളില്‍ സൂചിപ്പിച്ചവയ്ക്ക് പുറമേ ശബ്ദം പരുക്കനാകുക, പേശി വേദന, ഗന്ധം അറിയാതിരിക്കുക എന്നിവയും പ്രധാന ലക്ഷണങ്ങളാണ്.