പ്രമേഹത്തിനുള്ള മരുന്നില്‍ പ്രതീക്ഷ; അമിതവണ്ണം കുറയ്ക്കാന്‍ പുതുവഴി തെളിയുന്നു

പ്രമേഹത്തിനുള്ള മരുന്നില്‍ പ്രതീക്ഷ; അമിതവണ്ണം കുറയ്ക്കാന്‍ പുതുവഴി തെളിയുന്നു

പ്രമേഹ രോഗമില്ലാത്തവരിൽ ആഴ്ചയിൽ ഒരിക്കൽ ഈ മരുന്ന് കുത്തിവച്ചപ്പോള്‍ ശരീരഭാരത്തിന്റെ 22% കുറഞ്ഞതായും റിപ്പോർട്ട്
Updated on
2 min read

അമിതവണ്ണം കുറയ്ക്കാന്‍ പല വഴിയും നോക്കിയിട്ടും ഫലിക്കാത്തവർക്ക് പ്രതീക്ഷയായി അമേരിക്കയില്‍ നിന്നുള്ള പഠന റിപ്പോർട്ട്. പ്രമേഹരോഗത്തിനുള്ള ചില മരുന്നുകളുടെ ഉപയോഗം ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നെന്നാണ് കണ്ടെത്തല്‍. ടൈപ്പ് 2 പ്രമേഹത്തിന് ഉപയോഗിക്കുന്ന ടിര്‍സെപാറ്റൈഡ്, മൗഞ്ചാരോ എന്നി മരുന്നുകള്‍ ശരീരഭാരം കുറയ്ക്കാന്‍ ഉപയോഗിക്കാമോ എന്നതില്‍ കൂടുതല്‍ പഠനം നടന്നുവരികയാണ്

അമിത ഭാരമുള്ള പ്രമേഹ രോഗികളിലും, രോഗ ബാധിതരല്ലാത്തവരിലും മരുന്നുകള്‍ വ്യത്യസ്ത വേഗത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അമിത ഭാരമുള്ള പ്രമേഹ രോഗികളില്‍ 17 മാസം കൊണ്ട് ശരീരഭാരത്തിന്റെ 16% അഥവാ 34 പൗണ്ടിൽ അധികമാണ് കുറഞ്ഞത്.

പ്രമേഹ രോഗമില്ലാത്തവരിൽ ആഴ്ചയിൽ ഒരിക്കൽ ഈ മരുന്ന് കുത്തിവച്ചപ്പോൾ ശരീരഭാരത്തിന്റെ 22% കുറഞ്ഞതായും പറയുന്നു. ഉയർന്ന ഡോസിൽ മരുന്ന് ഉപയോഗിക്കുന്ന രോഗികളുടെ ഭാരം 50 പൗണ്ടിൽ കൂടുതൽ കുറഞ്ഞതായും പറയുന്നു. അതേസമയം ശരീരഭാരം കുറയ്ക്കുന്നതിന് ഈ മരുന്നുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള പഠനം അവസാനഘട്ടത്തിലാണെന്നും കമ്പനി കൂട്ടിച്ചേർത്തു. സമീപകാലത്ത് മറ്റ് മരുന്നുകളുടെ ഉപയോഗത്തില്‍ ശരീരഭാരം ഇത്രയധികം കുറഞ്ഞു കണ്ടിട്ടില്ലെന്നും ഒബീസിറ്റി ക്ലിനിക്കൽ ഡെവലപ്‌മെന്റിന്റെ ഭാഗമായ ലില്ലിയുടെ മെഡിക്കൽ ഡയറക്ടർ ഡോ. നാദിയ അഹ്മദ് പറഞ്ഞു,

അതേസമയം, പുതിയ മരുന്നിന്റെ ഫലങ്ങൾ പൂർണമായി ഇതുവരെ പുറത്തുവിട്ടില്ല. എന്നാൽ ഭാരം കുറയ്ക്കാൻ ടിർസെപാറ്റൈഡ് ഉപയോഗിക്കുന്നതിനുള്ള ഫാസ്റ്റ് ട്രാക്ക് അംഗീകാരത്തിനായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനിലേക്ക് അപേക്ഷ അയക്കുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. ഇക്കാര്യത്തിൽ ഈ വർഷം അവസാനത്തോടെ തീരുമാനമുണ്ടായേക്കുമെന്നും കമ്പനി കൂട്ടിച്ചേർത്തു. അതേസമയം ബ്രാൻഡ് മാറ്റി മറ്റൊരുപേരിൽ ഈ മരുന്ന് യുഎസിൽ വിൽക്കുമെന്ന റിപ്പോർട്ട് കമ്പനി സ്ഥിരീകരിച്ചിട്ടില്ല. അമേരിക്കയില്‍ പത്തുപേരെ എടുത്താൽ അതിൽ നാല് പേർക്ക് അമിതവണ്ണമുണ്ട്. വിവിധ രോഗങ്ങളും തടികൂടാനുള്ള കാരണമാണ്. അതിനിടെ ഈ മരുന്നിന് അമേരിക്ക അംഗീകാരം നൽകുകയാണെങ്കിൽ ടിർസെപാറ്റൈഡ് ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മരുന്നായി മാറും.

അമേരിക്കയിൽ അമിതവണ്ണമുള്ളവരുടെ ശരീരഭാരത്തിന്റെ 20% കുറഞ്ഞാൽ റിഫ്ലക്‌സ്, പ്രമേഹം, ഹൈപ്പർടെൻഷൻ എന്നിവയ്‌ക്ക് ഉപയോഗിക്കുന്ന ഈ മരുന്നുകളെല്ലാം തങ്ങൾ മേടിക്കുമെന്ന് സെന്റർ ഫോർ വെയിറ്റ് മാനേജ്‌മന്റ് ആൻഡ് വെൽനെസിന്റെ ഡയറക്ടർ ഡോ. കരോളിൻ അപോവിയൻ പറഞ്ഞു ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മരുന്നുകളിൽ ഒന്നായി ടിർസെപാറ്റൈഡ് മാറുമെന്നും വാർഷിക വിൽപ്പന 50 ബില്യൺ ഡോളർ കവിയുമെന്നും വ്യാവസായ വിദഗ്ധർ അഭിപ്രായപ്പെടുന്നു . മാത്രമല്ല 2021ൽ ശരീരഭാരം കുറയ്ക്കുന്ന മരുന്നായി അംഗീകാരം ലഭിച്ച സെമാഗ്ലൂറ്റൈഡ് എന്നറിയപ്പെടുന്ന മരുന്നിന്റെ പതിപ്പായ വീഗോവിയെയും ടിർസെപാറ്റൈഡ് മറികടക്കുമെന്നാണ് പ്രതീക്ഷ. അതേസമയം സെമാഗ്ലൂറ്റൈഡിനേക്കാൾ ഭാരം കുറയ്ക്കുന്നതിന് ടിർസെപാറ്റൈഡ് ഫലപ്രദമാണെന്നാണ് കണ്ടെത്തൽ. സെമാഗ്ലൂറ്റൈഡ് 16 മാസം ഉപയോഗിച്ചവരിൽ 15% മാത്രമാണ് ഭാരം കുറഞ്ഞത്. അതിനാൽ ഈ രണ്ട് മരുന്നുകളുടെയും റിസൾട്ട് താരതമ്യം ചെയ്യുന്നതിനായി പഠനം നടത്തുമെന്നും കമ്പനികൾ പറയുന്നു.

കഴിഞ്ഞ വർഷം പ്രമേഹ ചികിത്സയ്ക്ക് അംഗീകാരം ലഭിച്ച മരുന്നാണ് മൗഞ്ചാരോ. ആയിരക്കണക്കിന് രോഗികളാണ് ഡോക്ടറിന്റെ നിർദേശപ്രകാരം ഈ മരുന്ന് കഴിച്ചത്. എന്നാൽ മരുന്നിന്റെ ഉപയോഗം ശരീര ഭാരം കുറയ്ക്കുമെന്ന് മനസ്സിലായതോടെ ധാരാളം പേർ ഡോക്ടറുടെ നിർദേശം ഇല്ലാതെ മരുന്ന് കഴിച്ചിരുന്നുവെന്നും പറയുന്നു. ഇക്കഴിഞ്ഞ നവംബർ മുതൽ മൗഞ്ചാരോ ഉപയോഗിച്ചും ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയും 100 പൗണ്ടിലധികം ശരീരഭാരം കുറച്ചതായും കാലിഫോർണിയയിലെ ഹെൽത്ത് ടെക്‌നോളജി എക്‌സിക്യൂട്ടീവായ മാത്യു ബാർലോയും പറയുന്നു

logo
The Fourth
www.thefourthnews.in