സ്തനാര്‍ബുദ ചികിത്സയില്‍ 'ഗെയിം ചേഞ്ചര്‍'; വഴിത്തിരിവാകുന്ന കണ്ടെത്തലുമായി ഗവേഷകര്‍
സ്തനാര്‍ബുദവുമായി ബന്ധപ്പെട്ട ഗവേഷണത്തില്‍ പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍. ഒരാഴ്ചയെങ്കിലും ശരീരത്തിന് പുറത്ത് സ്തനത്തിലെ കലകള്‍ (Breast Tissue) സംരക്ഷിക്കാമെന്ന കണ്ടെത്തലിലാണ് ശാസ്ത്രലോകം എത്തിച്ചേര്‍ന്നിരിക്കുന്നത്. പ്രത്യകം തയ്യാറാക്കുന്ന ജെല്‍ സൊലൂഷ്യനില്‍ കലകള്‍ സൂക്ഷിച്ച് വെക്കാമെന്നും രോഗികള്‍ക്ക് ഏറ്റവും ഫലപ്രദമായ മരുന്ന് ഏതാണെന്ന് തിരിച്ചറിയാന്‍ ഇത് ഗവേഷകരെ സഹായിക്കുമെന്നുമാണ് പ്രിവന്റ് ബ്രസ്റ്റ് കാന്‍സര്‍ ചാരിറ്റി ഫണ്ടിന്റെ പുതിയ പഠനം സൂചിപ്പിക്കുന്നത്. മാമ്മറി ഗ്ലാന്‍ഡ് ബയോളജി ആന്‍ഡ് നിയോപ്ലാസിയ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ജെല്‍ സൊലൂഷനായ വിട്രേജെല്ലിലാണ് ശാസ്ത്രജ്ഞര്‍ കലകള്‍ സൂക്ഷിച്ച് വെക്കുന്നത്.
സാധാരണയുള്ള കലകളെപ്പോലെ തന്നെ പുറത്ത് സൂക്ഷിച്ച് വെയ്ക്കുന്ന സ്തന കലകള്‍ അതിന്റെ ഘടനയും മരുന്നുകളോട് പ്രതികരിക്കുന്ന കഴിവും നിലനിര്‍ത്തുന്നുണ്ടെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.
മൃഗങ്ങളില്‍ പരിശോധിക്കാതെ തന്നെ സ്തനാര്‍ബുദത്തെ ചെറുക്കാനും ചികിത്സിക്കാനുമുള്ള പുതിയ മരുന്നുകളുടെ വികസനത്തെ ശക്തിപ്പെടുത്തുകയാണ് ഈ പഠനം. ജീവനുള്ള കലകളില്‍ സ്തനാര്‍ബുദത്തെ തടയുന്നതിനും ചികിത്സിക്കുന്നതിനും വേണ്ടി ഏറ്റവും അനുയോജ്യമായ മരുന്നുകള്‍ കണ്ടുപിടിക്കാന്‍ ഈ ഗവേഷണം സഹായിക്കുമെന്ന് മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ ഗവേഷക ഡോ. ഹന്നാ ഹാരിസണ്‍ അറിയിച്ചു.
''സ്തനാര്‍ബുദത്തിനുള്ള ഉയര്‍ന്ന അപകട സാധ്യതയുള്ള സ്ത്രീകള്‍ക്ക് അപകട സാധ്യത കുറയ്ക്കാനുള്ള മാര്‍ഗങ്ങളുണ്ട്. പാരമ്പര്യമായി രോഗം വരാന്‍ സാധ്യതയുള്ളവരോ, സ്തനാര്‍ബുദ ജീനുകള്‍ വ്യത്യാസം വരുന്നതോ ആയവര്‍ ഉദാഹരണമാണ്. എന്നിരുന്നാലും എല്ലാ സ്ത്രീകള്‍ക്കും എല്ലാ മരുന്നുകളും ഫലിക്കണമെന്നില്ല. എന്നാല്‍ ഈ ഗവേഷണത്തിലൂടെ ജീവനുള്ള കലകള്‍ വിലയിരുത്തി ഓരോ സ്ത്രീകള്‍ക്കും ഏത് മരുന്നാണ് ഫലപ്രദമെന്ന് നിര്‍ണയിക്കാന്‍ സാധിക്കും. സ്ത്രീകള്‍ക്ക് അവരുടെ ജനിതക ഘടനയ്ക്ക് അനുസൃതമായ മരുന്നുകള്‍ കഴിക്കാന്‍ സാധിക്കും,'' അവര്‍ പറയുന്നു.
പല കാരണങ്ങളാല്‍ ഇത് സ്തനാര്‍ബുദ ഗവേഷണത്തിന്റെ ഗെയിം ചേഞ്ചറാണെന്നും ഹാരിസണ്‍ പറയുന്നു. ''അര്‍ബുദം തടയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള മരുന്നുകള്‍ മികച്ച രീതിയില്‍ പരിശോധിക്കാം. സ്തന സാന്ദ്രത പോലുള്ള ഘടകങ്ങള്‍ പരിശോധിക്കാം, അര്‍ബുദം വികസിപ്പിക്കുന്നതിന് പ്രത്യേക ഹോര്‍മോണുകളോ കെമിക്കലുകളോ കാരണമാകുന്നുണ്ടോയെന്ന് പരിശോധിക്കാം,'' അവര്‍ വ്യക്തമാക്കി. മികച്ച പ്രീ ക്ലിനിക്കല്‍ മോഡലുകളുടെ അഭാവം കാരണം പുതിയ മരുന്നുകള്‍ കണ്ടുപിടിക്കപ്പെടുന്നില്ലെന്നും അവർ പറയുന്നു.
നിലവില്‍ ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്കുള്ള രണ്ടാമത്തെ അര്‍ബുദം സ്തനാര്‍ബുദമാണ്. 11.6 ശതമാനം പുതിയ കേസുകളാണ് സ്തനാര്‍ബുദത്തിന്റേതായി കണ്ടെത്തിയത്. ഏറ്റവും കൂടുതല്‍ പേരെ ബാധിക്കുന്ന അര്‍ബുദം ശ്വാസകോശത്തിലെ അര്‍ബുദമാണ്. 12.4 ശതമാനമാണ് പുതിയ കേസുകള്‍.
എന്നാല്‍ സ്തനാര്‍ബുദത്തിന്റെ അതിജീവന നിരക്ക് ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. സ്തനാര്‍ബുദം നേരത്തെ കണ്ടെത്തുന്ന സ്ത്രീകളുടെ മരണ നിരക്ക് 20 വര്‍ഷത്തെ മുന്‍നിര്‍ത്തി 66 ശതമാനം കുറവാണെന്നാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല സൂചിപ്പിക്കുന്നത്. 76 ശതമാനം വരുന്ന അര്‍ബുദ രോഗികള്‍ 10 വര്‍ഷത്തിലധികം കൂടുതല്‍ ജീവിക്കുന്നുവെന്നാണ് ലണ്ടനിലെ കണക്കുകള്‍.