കരുത്തുള്ള കാലുകളാണോ? ഹൃദയസ്തംഭന സാധ്യത കുറയുമെന്ന് പുതിയ പഠനം
ബലിഷ്ഠമായ കാലുകളുള്ളവരില്‍ ഹൃദയാഘാതം വഴി ഹൃദയസ്തംഭനമുണ്ടാകാനുളള സാധ്യത കുറയുന്നതായി കണ്ടെത്തല്‍. യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയുടെ 'ഹാര്‍ട്ട് ഫെയിലിയര്‍ 2023' ശാസ്ത്ര കോണ്‍ഗ്രസിൽ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ഈ കണ്ടെത്തല്‍.
ഹൃദയസ്തംഭനത്തിന്റെ പ്രധാന കാരണം മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷനാണ്. 6-9 ശതമാനം ഹൃദയാഘാത സാധ്യതയുള്ളവരിൽ രണ്ട് ശതമാനം പേരിലും ഈ അവസ്ഥ വര്‍ധിക്കുന്നു. മുന്‍പ് നടത്തിയിരുന്ന ഗവേഷണങ്ങളിലും കാല്‍ത്തുടയിലെ മുന്‍ഭാഗത്തുളള പേശികള്‍ക്ക് (ക്വാഡ്രിസെപ്സ്) ബലമുളളവരില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുളള സാധ്യത കുറയുന്നതായി കണ്ടെത്തിയിരുന്നു.
അക്യൂട്ട് മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ ബാധിച്ചവരില്‍ കാലിന്റെ ബലവും ഹൃദയസ്തംഭനസാധ്യതയുമാണ് പഠനം പരിശോധിച്ചത്. അക്യൂട്ട് മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ ബാധിച്ച് 2007 മുതല്‍ 2020 വരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 932 പേരെ പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രോഗികളുടെ ശരാശരി പ്രായം 66 ആയിരുന്നു. അതില്‍ 753 പേര്‍ (81ശതമാനം പേർ) പുരുഷന്മാരായിരുന്നു.
കാലിന്റെ ബലമെന്ന നിലയിലാണ് തുടയിലെ മുന്‍ഭാഗത്തെ പേശികളുടെ ബലം കണക്കാക്കിയത്. രോഗികൾ കസേരയിലിരുന്ന് അഞ്ച് സെക്കന്‍ഡ് സമയം കാലിലെ പേശികള്‍ ചുരുക്കുന്നു. കണങ്കാലില്‍ ഘടിപ്പിച്ചരിക്കുന്ന ഹാന്‍ഡ്‌ഹെല്‍ഡ് നാനോമീറ്റര്‍ പരമാവധി മൂല്യം കിലോഗ്രാമില്‍ കണക്കാക്കി. ഗവേഷകര്‍ ഇരുകാലിലെയും ബലം അളന്ന് ശരാശരി കണ്ടെത്തി. ശരീരഭാരവുമായി താരതമ്യപ്പെടുത്തി കാലിലെ ശക്തിയെ ശരീരഭാരത്താല്‍ കിലോഗ്രാം കൊണ്ട് ഹരിക്കുകയും ശരാശരി ശരീരഭാരത്തിന്റെ 100 കൊണ്ട് ഗുണിക്കുകയും ചെയ്യുന്നു.
രോഗികളുടെ മൂല്യം അവരുടെ ലിംഗാടിസ്ഥാനത്തില്‍ ഉയര്‍ന്നതോ താഴ്ന്നതോ ആയി തരംതിരിച്ചു. സ്ത്രീകളുടെ ശരാശരി മൂല്യം 33 ശതമാനവും പുരുഷന്മാരുടെ ശരാശരി മൂല്യം 52 ശതമാനവുമാണ്.
451 രോഗികളിൽ കാലിലെ പേശികൾക്ക് ശക്തിക്കുറവും 481 പേര്‍ക്ക് ശക്തിക്കൂടുതലും കണ്ടെത്തി. നാല് വര്‍ഷത്തെ നിരീക്ഷണത്തില്‍ 67 രോഗികള്‍ക്ക് (7.2 ശതമാനം) ഹൃദയസ്തംഭനം സ്ഥിരീകരിച്ചു. കാലിലെ പേശികളുടെ ശക്തിയും ഹൃദയസ്തംഭനത്തിനുളള സാധ്യതയും ഗവേഷകര്‍ വിശകലനം ചെയ്തു. പ്രായം,ലിംഗഭേദം, ബോഡിമാസ് ഇന്‍ഡക്‌സ്, മയോകാർഡിയല്‍ ഇന്‍ഫ്രാക്ഷന്‍, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, പ്രമേഹം, വൃക്കരോഗങ്ങള്‍ എന്നിവ പരിശോധിച്ചു.
തുടയിലെ പേശിബലം കൂടിയവരിൽ 1000 പേർക്ക് 10.2 എന്ന നിലയ്ക്കാണ് ഹൃദയസ്തംഭന സാധ്യതയെങ്കിൽ പേശിബലം കുറഞ്ഞവരിൽ ഇത് 22.9 ആണ്. തുടയിലെ പേശീബലം കുറഞ്ഞവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബലം കൂടുതലുളളവരില്‍ ഹൃദയസ്തംഭനത്തിന്റെ അപകടസാധ്യത 41 ശതമാനം കുറവാണെന്നും കണ്ടെത്തി.
തുടയിലെ പേശികളുടെ ബലം അളക്കാൻ വളരെ എളുപ്പമാണ്. കാലിലെ ശക്തി രോഗികളെ തിരിച്ചറിയാന്‍ സഹായിക്കും ഹൃദയസ്തംഭന സാധ്യതയുളളവരില്‍ കൂടുതല്‍ ശ്രദ്ധ ചെുത്താനും സാധിക്കുമെന്നും പഠനം സൂചിപ്പിക്കുന്നു. ഈ കണ്ടെത്തലുകള്‍ മറ്റ് പഠനങ്ങളിലും ആവര്‍ത്തിക്കേണ്ടത് അവശ്യമാണെന്ന് ജപ്പാനിലെ സഗാമിഹാരയിലെ കിസാറ്റോ യൂണിവോഴ്‌സിറ്റി ഗ്രാജുവേറ്റ് സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സിലെ ഫിസിക്കല്‍ തെറപ്പിസ്റ്റും പഠനത്തിന്റെ രചയിതാവുമായ കെന്‍സുകെ യുനോ പറഞ്ഞു.
അതേസമയം, ഹൃദയാഘാതമുണ്ടായ രോഗികളിൽ തുടയിലെ മസിലുകൾക്ക് ശക്തിവർധിപ്പിക്കുന്ന പരിശീലനം ഹൃദയസ്തംഭന സാധ്യത ഒഴിവാക്കാൻ സഹായിക്കുമെന്ന് പഠനം പറയുന്നു.