Video| സര്‍ക്കാര്‍ ചെലവില്‍ തടി കുറയ്ക്കാം ; ഒബിസിറ്റി ക്ലിനിക്ക് ആരംഭിച്ച് കുറ്റ്യാടി താലൂക്ക് ആശുപത്രി

ഒരു വര്‍ഷത്തോളം നീണ്ട ജീവിതശൈലീരോഗ നിയന്ത്രണ ചികിത്സയിലെ വിജയത്തിന് ശേഷമാണ് ഒബിസിറ്റി ക്ലിനിക്ക് ആരംഭിച്ചത്

പെട്ടെന്ന് വണ്ണം കുറയ്ക്കുന്ന രീതിയല്ലാത്തതിനാല്‍ രോഗികള്‍ക്ക് ഏറം ഗുണപ്രദമാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം. ആശുപത്രിയിലെത്തുന്നവരോട് ആദ്യം ബോഡി മാസ് ഇന്‍ഡക്സ്, രക്തത്തിലെ പഞ്ചസാര, രക്തസമ്മര്‍ദ്ദം എന്നിവ പരിശോധിക്കാന്‍ ആവശ്യപ്പെടും. പിന്നീട് മരുന്നുകള്‍ നിര്‍ദ്ദേശിച്ചതിന് ശേഷം ഡയറ്റീഷ്യന്‍ രോഗികളുടെ സാമ്പത്തിക - സാമൂഹിക പശ്ചാത്തലം കണക്കിലെടുത്ത് ഭക്ഷണശീലങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെടുന്നു. പതിവായി വ്യായാമം ചെയ്യുന്നതിനൊപ്പം ഘട്ടംഘട്ടമായാണ് രോഗിയെ ആരോഗ്യാവസ്ഥയിലേക്കെത്തിക്കുന്നത്. ഇതിനകം സംസ്ഥാന സര്‍ക്കാരിന്റെ കായകല്‍പ്പ പുരസ്‌കാരം ലഭിച്ച ആശുപത്രി ആ തുകയോപയോഗിച്ച് ചെറിയ ജിംനേഷ്യം ഉള്‍പ്പെടെ ഒരുക്കി കഴിഞ്ഞു. ഡയറ്റീഷ്യന്റെ സേവനം പ്രയോജനപ്പെടുത്തിയാണ് ഒബിസിറ്റിക്ലിനിക്കിന്റെ പ്രവര്‍ത്തനം. ആശുപത്രിയിലെ മികച്ച സേവനം കേട്ടറിഞ്ഞ് നിരവധി പേരാണ് സര്‍ക്കാര്‍ ചെലവില്‍ തടി കുറയ്ക്കാനെത്തുന്നത്.

അമിതവണ്ണമാണ് ഈ കാലത്ത് പലരേയും വലയ്ക്കുന്ന പ്രധാന പ്രശ്നം. വണ്ണം കുറയ്ക്കാനും കൂട്ടാനും സ്വകാര്യമേഖലകളില്‍ ഒട്ടേറെ സംരംഭങ്ങളുള്ളപ്പോള്‍ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി താലൂക്ക് ആശുപത്രി ഈ രംഗത്ത് ഒബിസിറ്റി ക്ലിനിക്ക് തുടങ്ങി മാതൃകയാവുകയാണ് .

ഒരു വര്‍ഷത്തോളം നീണ്ട ജീവിതശൈലീരോഗ നിയന്ത്രണ ചികിത്സയിലെ വിജയത്തിന് ശേഷമാണ് ആശുപത്രിയില്‍ ഒബിസിറ്റി ക്ലിനിക്ക് ആരംഭിച്ചത്. സര്‍ക്കാര്‍ മേഖലയില്‍ ഇതാദ്യമായാണ് ജില്ലയില്‍ ഇത്തരമൊരു സംവിധാനം. ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പൊണ്ണത്തടി ചികിത്സിക്കാനായി ഒരു പ്രത്യേക ക്ലിനിക്ക് എന്ന ആശയമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. അമല്‍ ജ്യോതി പറഞ്ഞു. 110 കിലോയോളം ശരീരഭാരമുള്ള പ്രദേശത്തെ ഒരു സ്ത്രീ ചികിത്സ തേടിയെത്തി. അവര്‍ക്ക് രക്തസമ്മര്‍ദ്ദവുമുണ്ടായിരുന്നു. 110 കിലോഗ്രാമില്‍ നിന്ന് 70 കിലോഗ്രാം ഭാരത്തിലേക്കെത്തിയ വീട്ടമ്മയുടെ അസുഖം മാറിയതറിഞ്ഞ് ബന്ധുക്കളും പരിചയക്കാരും എത്തിയതോടെയാണ് ഒബിസിറ്റി ക്ലിനിക്ക് എന്ന ആശയത്തിലേക്കെത്തിയത്. 40 കിലോഗ്രാം ഭാരമുണ്ടായിരുന്ന അഞ്ച് വയസ്സുകാരന്‍ 31 കിലോഗ്രാമിലേക്കെത്തി

Related Stories

No stories found.
logo
The Fourth
www.thefourthnews.in