ഇന്ത്യയിൽ രണ്ട് നേരം പല്ലുതേക്കുന്നവർ 45% മാത്രം
ആരോഗ്യമുള്ള പല്ലില്ലാതെ, ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനാകാതെ ജീവിക്കുക പ്രയാസമാണ്. എന്നാൽ വായയുടെ വൃത്തി സംരക്ഷണവും ഇന്ത്യക്കാർക്ക് മുഖ്യ പരിഗണനാ വിഷയമല്ല. പല്ല് സംരക്ഷിക്കുന്നതിൽ ഇന്ത്യക്കാർ ഏറെ പിറകിലെന്ന് വ്യക്തമാക്കുന്ന പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. രാജ്യത്ത് പകുതിയിൽ താഴെ പേർ മാത്രമാണ് രണ്ട് നേരം പല്ലു തേക്കുന്നത് എന്ന് പഠനം സൂചിപ്പിക്കുന്നു.
ദന്ത രോഗത്തെ കുറിച്ചുള്ള അവബോധം ഇന്ത്യക്കാര്‍ക്കിടയില്‍ വളരെ കുറവാണെന്നാണ് ഓറല്‍ ഹെല്‍ത്ത് ഒബ്‌സര്‍വേറ്ററി നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യ, ചൈന, കൊളംബിയ, ഇറ്റലി, ജപ്പാന്‍, ലെബനന്‍ എന്നീ ആറ് രാജ്യങ്ങളിലെ ദന്താരോഗ്യ സർവെ റിപ്പോർട്ടിലാണ് രസകരമായ വസ്തുതകളുള്ളത്. ചൈന , കൊളംബിയ, ഇറ്റലി, ജപ്പാന്‍, എന്നീ രാജ്യങ്ങളിലെ 78 ശതമാനം പേരും രണ്ടു നേരവും പല്ലു വൃത്തിയാക്കുന്നവരാണ് അതേസമയം ഇന്ത്യയില്‍ രണ്ടു തവണ പല്ലു വൃത്തിയാക്കുന്നവര്‍ 45 ശതമാനം മാത്രമാണെന്ന് റിപ്പോര്‍ട്ടിലുണ്ട്.
ഓറല്‍ ഹെല്‍ത്ത് ഓബ്‌സര്‍വേറ്ററി 12 രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. ഇതിൽ ആറ് രാജ്യങ്ങളിലെ റിപ്പോർട്ടാണ് ലഭ്യമായത്.
മധുരം ഏറ്റവുമധികം ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയിലെ ദന്തരോഗികളിൽ 32 ശതമാനം പേരും ഉയർന്ന അളവിൽ മധുരം ഉപയോഗിക്കുന്നവരാണ്. ചൈനയിൽ ഇത് 11 ശതമാനമെന്നാണ് കണക്ക്. ദിവസവും ഒരു നേരം പല്ല് തേക്കുന്നവരാണ് ഇന്ത്യയിൽ ഏറെയും. രാവിലെയാണ് എല്ലാവരും പല്ലു തേക്കുന്നത്. രാത്രി കൂടി പല്ലു തേക്കുന്നവരുടെ എണ്ണം 42 ശതമാനം മാത്രമാണ്. രാവിലെ പ്രാതല്‍ കഴിക്കുന്നതിന് മുന്‍പ് പല്ല് വൃത്തിയാക്കുന്നതാണ് ഇന്ത്യയിലെയും ചൈനയിലെയും രീതി. അതേ സമയം ഇറ്റലിയിലും ജപ്പാനിലും കൊളംബിയയിലും ഉള്ള ജനങ്ങള്‍ ഭക്ഷണം കഴിച്ചതിന് ശേഷം ബ്രഷ് ചെയ്യാൻ താത്പര്യപ്പെടുന്നവരാണ്.
ഇന്ത്യയിലേയും ചൈനയിലേയും രോഗികള്‍ ആരും തന്നെ ദന്ത ഡോക്ടറുടെ സഹായം തേടാറില്ലെന്നും ഇന്റര്‍നാഷണല്‍ ഡെന്റല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു
ഇന്ത്യക്കാരും ചൈനക്കാരും ദന്ത ഡോക്ടർമാരെ കാണാൻ വിമുഖതയുള്ളവരാണെന്നും പഠനം തെളിയിക്കുന്നു. എന്നാല്‍ മറ്റ് രാജ്യങ്ങളിലെ ജനങ്ങള്‍ സ്ഥിരമായി ദന്തരോഗ വിദഗ്ധനെ കാണാറുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 51 ശതമാനം പേര്‍ മാത്രമാണ് ദന്ത ഡോക്ടറെ ചികിത്സയ്ക്കായി സമീപിച്ചത്. ഇതേ സമയം ജപ്പാനില്‍ 80 ശതമാനത്തിലധികം പേര് ദന്താരോഗ്യ വിദഗ്ധന്റെ സഹായം തേടാറുണ്ട്.
പല കാരണങ്ങാളാണ് ഇന്ത്യക്കാർ ദന്ത ഡോക്ടറെ കാണാൻ വിമുഖത കാട്ടുന്നതെന്ന് അരോഗ്യ മേഖലയിലെ വിദഗ്ധർ പറയുന്നു. പല്ലുകൾക്ക് കേടില്ലാത്തതോ മറ്റ് തിരക്കോ അല്ല ഡോക്ടറെ കാണാത്തതിന് കാരണം. മറിച്ച് ഭയമോ ദന്തഡോക്ടറെ ഇഷ്ടമല്ലാത്തതോ ആണ്. പ്രശ്നം വഷളാകുന്നത് വരെ ഡോക്ടറെ കാണാതിരിക്കുന്നതാണ് ഇന്ത്യക്കാരുടെ രീതി. ദന്താരോഗ്യത്തെ കുറിച്ച് അവബോധമില്ലാത്തതാണ് ആശുപത്രിയിൽ ചികിത്സ തേടാത്തതിന് ഒരു കാരണം. എന്നാൽ പ്രധാന കാരണം ദന്താരോഗ്യത്തിന് മുൻഗണന നൽകാത്തത് തന്നെയെന്നാണ് വിദഗ്ധാഭിപ്രായം.
ആറ് രാജ്യങ്ങളിൽ ജപ്പാനൊഴികെയുള്ള ഇടങ്ങളിലുള്ളവർ, തങ്ങളുടെ ദന്താരോഗ്യം മികച്ചതെന്ന് വിലയിരുത്തുന്നവരാണ്. ജപ്പാനിൽ 80 ശതമാനം പേർക്കും സ്വന്തം ദന്താരോഗ്യത്തിൽ ആശങ്കയുണ്ട്. കോവിഡ് തുടങ്ങുന്നതിന് തൊട്ടു മുൻപ് ശേഖരിച്ച ഡേറ്റയാണ് ഇപ്പോൾ പുറത്തുവിട്ടത്.