രാജ്യത്ത് 35.5 ശതമാനം കുട്ടികളിൽ വളർച്ചാ മുരടിപ്പ്; സ്ത്രീകളിൽ പോഷകാഹാരക്കുറവ് ആശങ്കാജനകം
രാജ്യത്ത് 35.5 ശതമാനം കുട്ടികളിലും പോഷകാഹാരക്കുറവും വളർച്ച മുരടിപ്പുമെന്ന് ദേശീയ കുടുംബാരോഗ്യ സർവേ. കേന്ദ്ര വനിതാ ശിശുവികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി രാജ്യസഭയിലാണ് സര്‍വേ വിവരങ്ങള്‍ പുറത്ത് വിട്ടത്. ആറ് വയസിന് താഴെയുള്ള കുട്ടികളിലെ പോഷകാഹാര കുറവ് പ്രതിവർഷം രണ്ട് ശതമാനം വീതം കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കൗമാരക്കാരായ പെൺകുട്ടികളിലും സ്ത്രീകളിലും കണ്ടുവരുന്ന പോഷകാഹാര കുറവ് 3% ആക്കി കുറയ്ക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
2015-16 റിലെതിനേക്കാൾ മെച്ചപ്പെട്ട നിലയാണ് 2019-21 ലെന്ന് സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു. വളർച്ചാ മുരടിപ്പ് 38.4 ശതമാനത്തിൽ നിന്ന് 35.5 ശതമാനത്തിലേക്ക് കുറഞ്ഞു. പോഷകാഹാരക്കുറവ് 21% ൽ നിന്ന് 19.3 ശതമാനമായി കുറഞ്ഞു. ഭാരക്കുറവ് 35.8 ശതമാനത്തിൽ നിന്ന് 32.1 ശതമാനമായും കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. 15 വയസ്സിനും 49 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ ഉയരത്തിന് അനുപാതികമായ ശരീരഭാരം ഇല്ലാത്ത 22.9% പേരുണ്ടായത് 18.7 ശതമാനമായി കുറഞ്ഞതായും സർവേയിൽ പറയുന്നു.
15 വയസ്സിനും 49 വയസ്സിനും ഇടയിൽ പ്രായമുള്ള പോഷകാഹാര കുറവ് നേരിടുന്ന സ്ത്രീകൾ ഏറ്റവുമധികം ഉള്ളത് ജാർഖണ്ഡിലാണ്. ജാർഖണ്ഡിലെ സ്ത്രീകളിൽ 26 ശതമാനത്തിലധികം ആവശ്യത്തിൽ താഴെ ബിഎംഐ (body mass index) ഉള്ളവരാണ്. അതിന് പുറമേ ബിഹാർ , ചത്തിസ്ഗഡ്, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ എന്നിവിടങ്ങളിലും പോഷകാഹാരക്കുറവുള്ള സ്ത്രീകളുടെ എണ്ണം കൂടുതലാണ്. മഹാരാഷ്ട്രയിലും ഗുജറാത്തിലും പ്രായത്തിനനുസരിച്ച് ഉയരവും ഭാരവുമില്ലാത്ത കുട്ടികളുടെ എണ്ണം കൂടുതലാണ്. മഹാരാഷ്ട്രയിൽ 25. 6 ഉം, ഗുജറാത്തിൽ 25.1ഉം ശതമാനമാണ്
കുട്ടികൾ, കൗമാരപ്രായക്കാരായ പെൺകുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരിൽ കണ്ടുവരുന്ന പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിനു കീഴിലുള്ള അങ്കണവാടികൾ കേന്ദ്രീകരിച്ച് 'സാക്ഷം അങ്കണവാടി, പോഷൻ 2.0' നടപ്പാക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.