ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന പോപ്‌കോണ്‍ ലങ്; തിരിച്ചറിയാം ഈ അപകടസാധ്യതകള്‍, വേണം ശ്രദ്ധ
സമീപകാലത്തായി ഇ സിഗരറ്റിന്‌റെയും വേപ്പിങ്ങിന്‌റെയും ജനപ്രീതി വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഇവ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ആളുകള്‍ ബോധവാന്‍മാരാകുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. വേപ്പിങ്ങുമായി ബന്ധപ്പെട്ട് കണ്ടുവരുന്ന ഒരു പ്രധാന ആരോഗ്യപ്രശ്‌നമാണ് പോപ്‌കോണ്‍ ലങ്. ശാസ്ത്രീയമായി ബ്രോങ്കിയോലൈറ്റിസ് ഒബ്ലിറ്ററന്‍സ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ അവസ്ഥ വളരെ അപൂര്‍വമായി ഉണ്ടാകുന്നതാണെങ്കിലും ഗുരുതരമായ ശ്വാസകോശപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
ശ്വാസകോശത്തിലെ ചെറിയ വായു അറകള്‍ക്കും ബ്രോങ്കിയോളുകള്‍ എന്നറിയപ്പെടുന്ന ഭാഗങ്ങള്‍ക്കും ക്ഷതം വരുത്തുന്ന രോഗാവസ്ഥയാണ് പോപ്‌കോണ്‍ ലങ്. ഈ ക്ഷതം കലകളില്‍ മുറിവുകളുണ്ടാക്കുകയും ഇത് ശ്വാസനാളത്തെ തടസപ്പെടുത്തുന്നതുവഴി ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു. മൈക്രോവേവ് പോപ്‌കോണ്‍ പ്ലാന്‌റിലെ ജീവനക്കാര്‍ക്കിടയിലാണ് ഈ രോഗം ആദ്യം കണ്ടെത്തുന്നത്. ക്ലോറിന്‍, ഫോര്‍മാല്‍ ഡിഹൈഡ് എന്നിവയ്‌ക്കൊപ്പം ഡയസറ്റൈല്‍ എന്ന വെണ്ണയുടെ മണമുള്ള രാസവസ്തുവാണ് ഇതിനു കാരണമായി കണ്ടെത്തിയത്.
ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ശ്വാസംമുട്ട്, പനിയോ ആസ്മയോ ഇല്ലാതെ പ്രത്യക്ഷപ്പെടുന്ന ചുമ എന്നിവയാണ് പോപ്‌കോണ്‍ ലങ്ങിന്‌റെ ലക്ഷണങ്ങളായി ഹാര്‍വാഡ് ഹെല്‍ത് പറയുന്നത്. കാലക്രമേണ ഈ ലക്ഷണങ്ങള്‍ കൂടുതല്‍ വഷളാകുകയും ശാരീരികാധ്വാനസമയത്ത് രൂക്ഷമാകുകയും ചെയ്യും. ഈ ലക്ഷണങ്ങള്‍ നേരത്തേ കണ്ടെത്തുന്നത് രോഗം തിരിച്ചറിയുന്നതിലും ചികിത്സയിലും നിര്‍ണായകമാണ്.
തൊഴില്‍പരമായി റിപ്പോര്‍ട്ട് ചെയ്ത പോപ്കോണ്‍ ലങ്, ഡയാസിറ്റൈല്‍ എന്ന രാസവസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്നു. വേപ്പിങ്ങുമായും പോപ്‌കോണ്‍ ലങ് രേഗം ബന്ധപ്പെട്ടിരിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. ഇ സിഗരറ്റുകളില്‍ മണത്തിനായി ഉപയോഗിക്കുന്ന ഡയാസിറ്റൈലും മറ്റ് മാരക രാസവസ്തുക്കളായ ഫോര്‍മാല്‍ ഡിഹൈഡ്, അക്രോലിന്‍ എന്നിവയും ശ്വാസകോശത്തിന്‌റെ നാശത്തിന് കാരണമാകുന്നതായി ജോണ്‍ ഹോപ്കിന്‍സ് മെഡിസിന്‍ പറയുന്നു. ഇതിനൊപ്പംതന്നെ വേപ്പിങ് ശ്വാസകോശത്തിന് മുറിവ് ഉണ്ടാക്കുകയും ഇത് ബ്രോങ്കിയോലൈറ്റിസിലേക്കു നയിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഡയാസിറ്റൈലുമായോ മാരകമായ രാസവസ്തുക്കളുമായോ സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ക്ക് പോപ്‌കോണ്‍ ലങ് ഡിസീസിനുള്ള സാധ്യത കൂടുതലാണ്. ശ്വാസകോശം മാറ്റിവയ്ക്കല്‍, മാരകമായ ശ്വാസകോശ അണുബാധ ഉണ്ടായിട്ടുള്ളവര്‍, ഓട്ടോ ഇമ്മ്യൂണ്‍ രോഗബാധിതരൊക്കെ അപകടപരിധിയില്‍ പെടും. ഇത്തരക്കാര്‍ അപകടസാധ്യതകള്‍ മുന്നില്‍ക്കണ്ട് വേണ്ട പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് വിദഗ്ധര്‍ ഓര്‍മപ്പെടുത്തുന്നു.
മെഡിക്കല്‍ ഹിസ്റ്ററി, ശാരീരിക പരിശോധന, നെഞ്ചിന്‌റെ എക്‌സ് റേ, സിടി സ്‌കാന്‍, ശ്വാസകോശ പരിശോധനകള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് രോഗം സ്ഥിരീകരിക്കുന്നത്. പോപ്‌കോണ്‍ ലങ്ങിന് ചികിത്സ ഇല്ലെങ്കിലും രോഗലക്ഷണങ്ങള്‍ കുറയ്ക്കാനും രോഗം അധികരിക്കുന്നത് തടയാനുമുള്ള ചികിത്സകള്‍ ലഭ്യമാണ്. നീര്‍വീക്കം തടയാനായി കോര്‍ട്ടിക്കോസ്റ്റിറോയ്ഡ്, വായുസഞ്ചാരം സുഗമമാക്കുന്നതിന് ബ്രോങ്കോഡയലേറ്റേഴ്‌സ്, ഓക്‌സിജന്‍ തെറാപ്പി എന്നിവയും ചിലരില്‍ ശ്വാസകോശം മാറ്റിവയ്ക്കലുമാണ് ചികിത്സയില്‍ ചെയ്യുന്നത്.