സ്ഥിരമായി സാലഡ് കഴിക്കുന്നവരാണോ? ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് വിദഗ്ധര്‍
പോഷകസമൃദ്ധമായ ഭക്ഷണം എന്നു ചിന്തിക്കുമ്പോള്‍ പലരുടെയും മനസ്സില്‍ ആദ്യം എത്തുന്നത് സാലഡാണ്. ആരോഗ്യത്തിന് ഉപകാരപ്രദമായ നിരവധി പോഷകങ്ങളാല്‍ സമ്പന്നമാണ് സാലഡ്. കലോറിയും കൊഴുപ്പും കുറഞ്ഞതും പ്രതിരോധ സംവിധാനത്തെയും ബോവല്‍ മൂവ്‌മെന്‌റുകളെയും സഹായിക്കുന്ന വിറ്റമിനുകളും നാരുകളും സാലഡിലൂടെ ലഭിക്കും. ശരിയായ ഭക്ഷണക്രമത്തിന്‌റെ ഭാഗമായി പലരും സാലഡിനെ പ്രോത്സഹാപ്പിക്കുന്നുണ്ട്. സെലിബ്രിറ്റി ഡയറ്റിലെ ഒപു പ്രധാന ഭാഗവും സാലഡുകളാണ്. തയ്യാറാക്കാന്‍ എളുപ്പവും പോഷകഗുണവുമുള്ളതിനാല്‍ ആരോഗ്യഭക്ഷണ എന്ന രീതിയില്‍ സാലഡ് ജനപ്രീതി നേടിയിട്ടുമുണ്ട്.
ചിലര്‍ പാകം ചെയ്ത ഭക്ഷണങ്ങളോടൊപ്പം സാലഡ് തിരഞ്ഞെടുക്കുമ്പോള്‍ ഒരുവിഭാഗം പാകം ചെയ്യാത്ത സാലഡ് മാത്രം ഉപയോഗിക്കുന്നവരാണ്. എന്നാല്‍ ഇത് സ്ഥിരമായി കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. പച്ചക്കറികള്‍ വളരുന്ന മണ്ണിലേക്ക് ചീത്ത വെള്ളം ഇറങ്ങാനുള്ള സാധ്യതയുണ്ട്. പാകം ചെയ്യാത്ത ഭക്ഷണം വൃത്തിഹീനമായി കൈകാര്യം ചെയ്യുന്നതിലൂടെ ഭക്ഷ്യവിഷബാധ ഉണ്ടാകാം. മത്സ്യം പാചകം ചെയ്തതിനു ശേഷം പോലും ശരിയായ രീതിയില്‍ സംരക്ഷിക്കാത്തത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നുണ്ട്.
പാകം ചെയ്ത ഭക്ഷണത്തില്‍ കാണപ്പെടുന്ന വിറ്റാമിന്‍ ബി12, ഡി, ഒമേഗ 3ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങള്‍ പാകം ചെയ്യാത്ത ഭക്ഷണങ്ങളിലുണ്ടാകില്ല. അതുകൊണ്ട് തന്നെ പാകം ചെയ്യാത്ത സാലഡ് മാത്രം കഴിക്കുന്നവര്‍ക്ക് വിറ്റാമിനുകളുടെ കുറവ് ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.
പാകം ചെയ്യാത്ത മാസം, പ്രത്യേകിച്ച് മത്സ്യം ഉപയോഗിച്ചുള്ള സാലഡില്‍ വിരകളുണ്ടാകാം. ഇത് ഓക്കാനം, ഛര്‍ദി, വയറിളക്കം, വിശപ്പില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാം. സാലഡ് മാത്രം കഴിക്കുന്നവരില്‍ ദഹനപ്രശ്‌നങ്ങള്‍ അധികരിക്കാം. ചിലരില്‍ നാരുകള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണം ദഹനം സാവധാനത്തിലാക്കുന്നുമുണ്ട്. ഇത് വയറില്‍ ഗ്യാസ് ഉണ്ടാകുന്നതിനും വയര്‍വീക്കത്തിനും കാരണമാകാം.