എന്തുകൊണ്ട് അകാലനര? സ്വാഭാവിക നിറം എങ്ങനെ വീണ്ടെടുക്കാം
തലമുടിയില്‍ വെള്ളനിറം വീഴുന്നത് പ്രായമാകലിന്‌റെ ലക്ഷണമായാണ് കരുതുന്നത്. എന്നാല്‍ ഇപ്പോള്‍ 25-30 വയസ് ആകുമ്പോഴേ മുടിയില്‍ വെള്ളനിറം വീഴുന്നവരുടെ എണ്ണം കൂടുകയാണ്. ചിലര്‍ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക് എന്നൊക്കെ പറഞ്ഞ് ആശ്വസിക്കുന്നുണ്ടെങ്കിലും ഒരുപ്രായം എത്തുന്നതിനു മുന്നേ നരച്ച മുടി എത്തിയോ എന്ന് ആശങ്കപ്പെടുന്നവരാണ് അധികവും. അകാലനരയ്ക്കു പിന്നിലെ കാരണങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.
മുടിക്ക് നിറം നല്‍കുന്ന മെലാനിന്‌റെ ഉല്‍പാദനം കുറയുന്നതാണ് നര വീഴുന്നതിനുള്ള പ്രധാനകാരണം. പ്രായമാകുമ്പോഴുള്ള നര സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ്. പാരിസ്ഥിതികമായ നിരവധി ഘടകങ്ങളും ജനിതക ഘടകവും അകാലനരയെ സ്വാധീനിക്കുന്നുണ്ട്. സൂര്യപ്രകാശം അമിതമായി ഏല്‍ക്കുക, വിറ്റാമിനുകളുടെ അഭാവം, പുകവലി, സമ്മര്‍ദം എന്നിവയെല്ലാം അകാലനരയ്ക്കു പിന്നിലെ കാരണങ്ങളായി കരുതപ്പെടുന്നു. അകാലനരയക്കു പിന്നില്‍ ശക്തമായ ജനിതക പ്രേരണ ഉള്ളതായി ഇന്‌റര്‍നാഷണല്‍ ജേണല്‍ ഓഫ് ട്രൈക്കോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. ഇത് ജനിതക മുന്‍കരുതലുകളെയോ ജീവിതശൈലി തിരഞ്ഞെടുപ്പുകളെയോ പ്രതിഫലിപ്പിക്കുമെങ്കിലും മോശം ആരോഗ്യ സൂചകമായി കരുതാനാകില്ല.
ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് അകാലനര വൈകിപ്പിക്കാന്‍ സഹായിക്കും. ആവശ്യത്തിന് വിറ്റാമികളും മിനറലുകളുമടങ്ങിയ ഡയറ്റ് പിന്തുടരാം, പ്രത്യേകിച്ച് വിറ്റാമിന്‍ ബി12, ഫോളിക് ആസിഡ് തുടങ്ങിയവ ഉള്‍പ്പെട്ട ഭക്ഷണങ്ങള്‍. പുകവലി ഒഴിവാക്കുകയും പരിസ്ഥിതി മലിനീകരണം കുറയ്ക്കുകയും വഴി മുടിയുടെ സ്വാഭാവിക നിറവും ആരോഗ്യവും നിലനിര്‍ത്താനാകും.
മുടിക്ക് അതിന്‌റെ യാഥാര്‍ഥ നിറം വീണ്ടെടുക്കാനാകുമോ എന്നത് നരയുടെ കാരണത്തെ ആശ്രയിച്ചിരിക്കും. ജനിതക ഘടകങ്ങള്‍ മാറ്റാന്‍ സാധിക്കാത്തതാണെങ്കിലും പോഷകഹാരക്കുറവ് പരിഹരിക്കുകയോ തൈറോയ്ഡ് പോലുള്ള പ്രശ്‌നങ്ങള്‍ ചികിത്സിക്കുകയോ ചെയ്യുകവഴി സ്വാഭാവികനിറം വീണ്ടെടുക്കാനാകും. സമ്മര്‍ദം കാരണമുണ്ടാകുന്ന അകാലനരയാണെങ്കില്‍ റിലാക്‌സേഷന്‍ മാര്‍ഗങ്ങള്‍ അവലംബിക്കുകവഴി പരിഹാരം കണ്ടെത്താനാകും.
അകാലനര നിങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നെങ്കില്‍ വിദഗ്‌ധോപദേശം സ്വീകരിക്കാവുന്നതാണ്. വാര്‍ധക്യത്തിന്‌റെ സ്വാഭാവികഭാഗമാണ് നര എന്നിരിക്കെ, അത് വിറ്റാമിന്‍ കുറവിന്‌റെയും തൈറോയ്ഡ് പ്രശ്‌നങ്ങളുടെയും ലക്ഷണമായും പ്രത്യക്ഷപ്പെടാം. എന്തെങ്കിലും ആരോഗ്യപ്രശ്‌നത്തിന്‌റെ ഭാഗമാണോ എന്നറിയാന്‍ ഡോക്ടറെ കണ്ട് ഉപദേശം സ്വീകരിക്കാം.