വവ്വാലുകളുടെ കാഷ്ഠത്തില്‍ പകര്‍ച്ചവ്യാധിക്ക് കാരണമാകാവുന്ന പുതിയ വൈറസ് കണ്ടെത്തി ഗവേഷകര്‍
തായ്‌ലന്‍ഡില്‍ കര്‍ഷകര്‍ വളമായി ഉപയോഗിക്കുന്ന വവ്വാലുകളുടെ കാഷ്ഠത്തില്‍ നിന്ന് പുതിയ വൈറസിനെ കണ്ടെത്തി ഗവേഷകര്‍. മുന്‍പ് ചൈനയില വുഹാനില്‍ പരീക്ഷണങ്ങള്‍ നടത്തിയിരുന്ന ന്യുയോര്‍ക്ക് ആസ്ഥാനമായുള്ള ഇക്കോ-ഹെല്‍ത് അലയന്‍സിലെ ഗവേഷകരാണ് വവ്വാലുകളിലെ പുതിയ വൈറസിനെ കണ്ടെത്തിയിരിക്കുന്നതെന്ന് യുകെയിലെ ഡെയ്‌ലി എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭാവിയിലെ പകര്‍ച്ചവ്യാധികള്‍ക്കെതിരായ തയ്യാറെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഗവേഷണത്തെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) യോഗത്തിലാണ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഡോ. പീറ്റര്‍ ദസാക്ക് പുതിയ കണ്ടെത്തലിനെക്കുറിച്ച് പറഞ്ഞത്. സാര്‍സുമായി ബന്ധപ്പെട്ട നിരവധി കൊറോണ വൈറസുകളെ ഞങ്ങള്‍ കണ്ടെത്തി. എന്നാല്‍ വവ്വാലുകളില്‍ പൊതുവായി കാണപ്പെടുന്ന ഒരു വൈറസുകളുണ്ട്. തായ്ലന്‍ഡിലെ വവ്വാലുകളില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വൈറസ് ഗവേഷകസംഘം തിരിച്ചറിഞ്ഞതായും പീറ്റര്‍ പറഞ്ഞു.
എന്നാല്‍ പുതുതായി കണ്ടെത്തിയ വൈറസിന് പേര് ഇട്ടിട്ടില്ല. പ്രാദേശിക കര്‍ഷകര്‍ വവ്വാലുകളുടെ വിസര്‍ജ്യങ്ങള്‍ ശേഖരിക്കുന്ന തായ് ഗുഹയില്‍ നിന്നാണ് തന്റെ സംഘം വൈറസ് കണ്ടെത്തിയതെന്ന് പീറ്റര്‍ പറഞ്ഞു.
മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് വൈറസുകള്‍ എങ്ങനെ പടരുന്നുവെന്ന് വിശകലനം ചെയ്യുന്ന സൂനോസിസിലെ വിദഗ്ധരുടെ അഭിപ്രായത്തില്‍ പുതിയ വൈറസ് ഒരു രോഗകാരിയാകാം. വവ്വാലുകളുടെ കാഷ്ഠത്തിലുള്ള വൈറസ് പകര്‍ച്ചവ്യാധികള്‍ക്കുള്ള സാധ്യത ഉണ്ടാക്കുന്നതായും പീറ്റര്‍ പറഞ്ഞു.
എന്നാല്‍ വൈറസുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന തായ്ലന്‍ഡിലെ ആളുകള്‍ക്ക് ഇതിനെതിരെ നല്ല സംരക്ഷണമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മേഖലയിലെ ഭൂരിഭാഗം ആളുകളും കോവിഡ് ബാധിച്ചവരോ അല്ലെങ്കില്‍ വാക്‌സിനേഷന്‍ എടുത്തിട്ടുള്ളവരോ ആണ്. ഇവ ഈ വൈറസിനെതിരെ സംരക്ഷണം നല്‍കുമെന്ന് കരുതുന്നതായും പീറ്റര്‍ പറഞ്ഞു.
കോവിഡ് ലാബ് റിപ്പോര്‍ട്ടുകള്‍ പുറത്തായതിനെത്തുടര്‍ന്ന് ഇക്കോഹെല്‍ത്ത് അലയന്‍സ് ഫണ്ടിങ് റദ്ദാക്കി. എന്നാല്‍ മനുഷ്യര്‍ക്ക് ഭീഷണിയായേക്കാവുന്ന കൂടുതല്‍ മൃഗവൈറസുകള്‍ കണ്ടെത്താനുള്ള നടപടികള്‍ തന്റെ സംഘം സ്വീകരിക്കുന്നുണ്ടെന്ന് ചീഫ് ഡോ.ദസാക്ക് പറഞ്ഞു.