അല്‍ഷൈമേഴ്‌സിന് പുതിയ മരുന്ന്; പ്രതീക്ഷയോടെ ശാസ്ത്രലോകം
അല്‍ഷൈമേഴ്സ് രോഗത്തിന് ഫലപ്രദമായ പുതിയ മരുന്നുമായി ശാസ്ത്ര ലോകം. അമേരിക്ക ആസ്ഥാനമായ എലി ലില്ലി എന്ന കമ്പനിയാണ് ഡോണാനെമാബ് എന്ന പുതിയ മരുന്ന് കണ്ടുപിടിച്ചിരിക്കുന്നത്. ഇതുവരെ മരുന്നില്ലെന്ന് ശാസ്ത്രം എഴുതിത്തള്ളിയ അല്‍ഷൈമേഴ്സ് ബാധ നിയന്ത്രിക്കാന്‍ കഴിയുമെന്ന കണ്ടെത്തല്‍ വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. മുന്‍പ് വികസിപ്പിച്ച ലിക്കനെമാബ് എന്ന മരുന്നിന്റെ അതേ രീതിയിലാണ് ഡോണാനെമാബ് എന്ന പുതിയ മരുന്നും പ്രവര്‍ത്തിക്കുന്നതെങ്കിലും രോഗത്തിന്റെ തീവ്രത കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
വൈറസുകളെ നശിപ്പിക്കാനായി ശരീരം നിര്‍മ്മിക്കുന്ന ആന്റിബോഡികളോട് സമാനമായാണ് രണ്ട് മരുന്നുകളും നിര്‍മ്മിച്ചിരിക്കുന്നത്. ഇത് അല്‍ഷൈമേഴ്സിന് കാരണമാകുന്ന ബീറ്റാ അമിലോയ്ഡിനെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. മസ്തിഷ്ക കോശങ്ങള്‍ക്കിടയില്‍ പറ്റിപ്പിടിക്കുന്ന അമിലോയ്ഡ് അടിഞ്ഞുകൂടി കിടക്കുന്നതാണ് അല്‍ഷൈമേഴ്സിന്റെ കാരണങ്ങളിലൊന്ന്. പതിറ്റാണ്ടുകളായി അല്‍ഷൈമേഴ്‌സ് രോഗത്തിന്റെ മരുന്നിനായി നടത്തിയ പോരാട്ടങ്ങള്‍ ഇപ്പോള്‍ ഫലം കണ്ടിരിക്കുകയാമെന്ന് ലണ്ടനിലെ കോഗ്നിറ്റീവ് ഡിസോര്‍ഡേര്‍സ് ന്യൂറോ സര്‍ജറി ക്ലിനിക്കിലെ ഡോ. കാത്ത് മെമ്മറി പറഞ്ഞു.
ആദ്യ ഘട്ടത്തില്‍ 1,734 അല്‍ഷൈമേഴ്‌സ് രോഗികള്‍ക്ക് മരുന്ന് നല്‍കി. രോഗത്തിന്റെ തീവ്രത കുറയുന്നതിനായി മാസത്തില്‍ ഒരിക്കല്‍ ഡോണനെമാബ് നല്‍കി. രോഗം മൂർഛിക്കുന്നതിന്റെ വേഗം 29 ശതമാനം കുറഞ്ഞതായി കണ്ടെത്തി. 35 ശതമാനം രോഗികള്‍ മരുന്നിനോട് പ്രതികരിക്കാന്‍ സാധ്യതയുളളതായി ഗവേഷകര്‍ പറഞ്ഞു. മരുന്ന് എടുത്തവര്‍ ദൈനംദിന കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നതായും ആനുകാലിക വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതായും കണ്ടെത്തി. എങ്കിലും മൂന്നിലൊന്ന് രോഗികളില്‍ തലച്ചോറിലുണ്ടാകുന്ന വീക്കം ഇതിന്റെ പാര്‍ശ്വഫലമാണ്. സാധരണഗതിയില്‍ മറ്റ് പ്രശ്‌നങ്ങളൊന്നും മസ്തിഷ്‌കവീക്കം കാരണം ഉണ്ടാകുന്നില്ലെങ്കിലും 1.6 ശതമാനം പേരില്‍ ഇത് അപകടകരമായി മാറുന്നു. രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.
അപകട സാധ്യതകളുണ്ടെങ്കിലും ഡോണാനെമാബ് മുന്നോട്ട് വയ്ക്കുന്ന നേട്ടങ്ങളാണ് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതെന്ന് എലി ലില്ലി ഗ്രൂപ്പ് ന്യൂറോ സയന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വൈസ് പ്രസിഡന്റ് ഡോ മാര്‍ക്ക് മിന്റുന്‍ പറഞ്ഞു. ഏതാനും മാസങ്ങള്‍ക്കുളളില്‍ തന്നെ ആശുപത്രികളില്‍ തങ്ങളുടെ മരുന്ന് അംഗീകരിക്കപ്പെടുന്നതിനുളള നടപടികള്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. ഡാറ്റയുടെ അഭാവമുണ്ടെങ്കിലും അല്‍ഷെമേഴ്‌സ് ബാധിതര്‍ക്ക് കൂടുതല്‍ കാലം ജീവിക്കാന്‍ ഈ മരുന്ന് സഹായിക്കുന്നുവെന്ന് ബ്രിസ്‌റ്റോള്‍ സര്‍വകലാശാലയിലെ ഡോ. ലീസ് കൗള്‍താര്‍ഡ് പറഞ്ഞു.
രോഗത്തിന്റെ ആദ്യ ഘട്ടത്തില്‍ മരുന്നുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതായി ഗവേഷകയായ ഡോ. സൂസന്‍ കോല്‍ഹൗസ് പറഞ്ഞു. അല്‍ഷൈമേര്‍സിന് ചികിത്സ തേടിയ ആദ്യ തലമുറ രോഗികളുടെ ചികിത്സയിലാണ് ഡോ. സൂസന്‍. മസ്തിഷ്‌കം തകരാറിലാകുന്നതിന് മുന്‍പ് മരുന്ന് കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ശ്രദ്ധേയമായ നിരീക്ഷണം .
മരുന്നുമായി ബന്ധപ്പെട്ട പഠനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. അല്‍ഷൈമേഴ്‌സ് രോഗികളില്‍ മാത്രമേ മരുന്ന് ഫലപ്രദമാവുകയുളളൂ. ലിക്കനെമാബ് എന്ന മരുന്നുപയോഗിച്ചുളള ചികിത്സയ്ക്ക് ഒരാള്‍ക്ക് വര്‍ഷത്തില്‍ ഏകദേശം 21 ലക്ഷത്തോളമാണ് ചെലവ് വരുന്നത്. അതേ സമയം രോഗനിര്‍ണയം നടത്തുന്നതില്‍ മാറ്റങ്ങള്‍ ആവശ്യമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 1-2 ശതമാനം ആളുകള്‍ മാത്രമേ തലയുടെ സ്‌കാനിങ്ങോ മറ്റ് ടെസ്റ്റുകളോ നടത്തി അല്‍ഷൈമേഴ്‌സോ ഡിമന്‍ഷ്യയോ ഉണ്ടോ എന്ന് പരിശോധിക്കുന്നുളളൂ. ഇതില്‍ മാറ്റം വരണമെന്നും ഡോക്ടർമാർ നിർദേശിക്കുന്നു.