പ്രമേഹരോഗ ചികിത്സയില്‍ വിപ്ലവകരമായ കണ്ടെത്തല്‍; സെല്‍ തെറാപ്പിയിലൂടെ രോഗം പൂര്‍ണമായി ഭേദപ്പെടുത്തി ചൈനീസ് സംഘം
പ്രമേഹരോഗ ചികിത്സയില്‍ നൂതനമായ ചികിത്സാരീതി വിജയകരമായി പരീക്ഷിച്ച് ചൈനീസ് ശാസ്ത്രജ്ഞര്‍. സെല്‍ തെറാപ്പി ഉപയോഗിച്ചാണ് പ്രമേഹരോഗിയെ പൂര്‍ണമായി സുഖപ്പെടുത്തിയത്. ഷാങ്ഹായ് ചാങ്ഷെങ് ഹോസ്പിറ്റല്‍, ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന് കീഴിലുള്ള സെന്റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ മോളിക്യുലാര്‍ സെല്‍ സയന്‍സ്, റെന്‍ജി ഹോസ്പിറ്റല്‍ എന്നിവടങ്ങളിലെ ഡോക്റ്റര്‍മാരുടെ സംഘമാണ് പുതിയ ചികിത്സാരീതി വിജയകരമായി പരീക്ഷിച്ചത്.
2021 ജൂലൈയില്‍ ആരംഭിച്ച ചികിത്സാ പരീക്ഷണം രണ്ടേമുക്കാല്‍ വര്‍ഷം നീണ്ടു. പുതിയ ചികിത്സാരീതി വിജയകരമായതിനു പിന്നാലെ ഇത് ഡിസ്‌കവറി ജേണലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
2021 ജൂലൈയിലാണ് രോഗിക്ക് ചികിത്സ ആരംഭിച്ചത്. പതിനൊന്ന് ആഴ്ചകള്‍ക്ക് ശേഷം രോഗി ഇന്‍സുലിന്‍ കുത്തിവയ്ക്കുന്നത് അവസാനിപ്പിച്ചു. അടുത്ത വര്‍ഷം പ്രമേഹം ക്രമേണ കുറയുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഗുളികകള്‍ കഴിക്കുന്നത് പൂര്‍ണമായും നിര്‍ത്തുകയും ചെയ്തു. 'രോഗിയുടെ പാന്‍ക്രിയാറ്റിക് സെല്ലുകളുടെ പ്രവര്‍ത്തനം ഫലപ്രദമായി പുനഃസ്ഥാപിച്ചതായും തുടര്‍ പരിശോധനകളില്‍ തെളിഞ്ഞു. ഇതോടെയാണ് ചികിത്സാ പരീക്ഷണം വിജയകരമാണെന്ന് സംഘം വ്യക്തമാക്കിയത്.
എന്താണ് സെല്‍ തെറാപ്പി?
സെല്‍ തെറാപ്പി എന്ന് വിളിക്കപ്പെടുന്ന നൂതന സാങ്കേതികവിദ്യ ശരീരത്തിലേക്ക് പുതിയതും ആരോഗ്യകരവുമായ കോശങ്ങളെ പുന:സ്ഥാപിക്കുന്ന പ്രകിയയാണ്. ബഹുമുഖ കോശങ്ങളെ സൂക്ഷ്മമായി ഒറ്റപ്പെടുത്തുന്നതിലൂടെയാണ് സെല്‍ തെറാപ്പി ആരംഭിക്കുന്നത്. ഇത്തരത്തില്‍ ശേഖരിക്കപ്പെടുന്ന കോശങ്ങളെ അതിനൂതന ലബോറട്ടറി ക്രമീകരണത്തില്‍ പഠനങ്ങള്‍ക്ക് വിധേയമാക്കും. തുടര്‍ന്ന് മൂലകോശങ്ങളുടെ ചികിത്സാ ഗുണങ്ങള്‍ വര്‍ധിപ്പിക്കുകയും പ്രതിരോധശേഷി കൂട്ടുകയും ചെയ്യുന്നു. തുടര്‍ന്നാണ് ഇവയെ വീണ്ടും ശരീരത്തിലേക്ക് എത്തിക്കുക. തുടര്‍ന്ന് ഇവയുടെ പ്രവര്‍ത്തനം സാധാരണനിലയില്‍ എത്തുംവരെ പരിശോധനകള്‍ തുടരും. ഈ കോശങ്ങള്‍ മറ്റുകോശങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തനം സാധാരണനിലയില്‍ എത്തിയാല്‍ രോഗപ്രതിരോധശേഷിയില്‍ കാര്യമായ വര്‍ധനവുണ്ടാകുന്നു.
ഇത്തരം ചികിത്സാരീതിയാണ് ചൈനീസ് സംഘം വിജയകമായി പ്രമേഹത്തിനെതിരേയും പരീക്ഷിച്ച് വിജയിച്ചത്. ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് സെല്‍ തെറാപ്പി ലോകമെമ്പാടും പ്രയോഗിക്കുന്നങ്കിലും ജീവിതശൈലി രോഗമായ പ്രമേഹത്തിനെതിരേ ആദ്യമായാണ് ഇത്തരമൊരു ചികിത്സാരീതി പരീക്ഷിച്ചു വിജയിക്കുന്നത്. ചൈനീസ് സംഘം രോഗിയുടെ പെരിഫറല്‍ ബ്ലഡ് മോണോ ന്യൂക്ലിയര്‍ സെല്ലുകള്‍ ശേഖരിക്കുകയായിരുന്നു. ഈ കോശങ്ങള്‍ 'വിത്ത് കോശങ്ങള്‍' ആയി രൂപാന്തരപ്പെടുത്തുകയും പ്രത്യേക ലബോറട്ടറിയില്‍ പാന്‍ക്രിയാറ്റിക് ടിഷ്യു പുനഃസൃഷ്ടിക്കുകയുമായിരുന്നു. ഇതാണ് പിന്നീട് രോഗിയുടെ പാന്‍ക്രിയാസില്‍ പ്രവര്‍ത്തിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായ ക്രമീകരിക്കുകയും ചെയ്തത്.
ആഗോളതലത്തില്‍ ഏറ്റവുമധികം പ്രമേഹ രോഗികളുള്ള രാജ്യമാണ്. ചൈന. ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷന്റെ കണക്കനുസരിച്ച്, ചൈനയില്‍ 14 കോടി പ്രമേഹരോഗികളുണ്ട്, അവരില്‍ നാലു കോടി ജനങ്ങള്‍ ആജീവനാന്തം ഇന്‍സുലിന്‍ കുത്തിവയ്പ്പുകളെ ആശ്രയിക്കുന്നവരാണ്. പുതിയ സെല്‍ തെറാപ്പി വിജയം കണ്ടതോടെ ചൈനയിലെ പ്രമേഹ ചികിത്സയില്‍ വിപ്ലവകരമായ മാറ്റമാണ് ആരോഗ്യവിദഗ്ധര്‍ മുന്നില്‍കാണുന്നത്.