ബേസ് എഡിറ്റിങ്;  ലണ്ടനിലെ ഗ്രേറ്റ് ഓര്‍മോണ്ട് സ്ട്രീറ്റ് ആശുപത്രിയില്‍ കാന്‍സര്‍ രോഗത്തിനെതിരെ പുതിയ ചികിത്സാരീതി

ബേസ് എഡിറ്റിങ്; ലണ്ടനിലെ ഗ്രേറ്റ് ഓര്‍മോണ്ട് സ്ട്രീറ്റ് ആശുപത്രിയില്‍ കാന്‍സര്‍ രോഗത്തിനെതിരെ പുതിയ ചികിത്സാരീതി

ബയോളജിക്കല്‍ എഞ്ചിനീയറിങ്ങിന്റെ സാധ്യത ഉപയോഗപ്പെടുത്തി ബേസ് എഡിറ്റിങ്ങിലൂടെയാണ് അര്‍ബുദത്തിനുള്ള പുതിയ മരുന്ന് കണ്ടെത്തിയത്
Updated on
1 min read

കാന്‍സറിനെതിരെ പുതിയ കണ്ടുപിടിത്തവുമായി ലണ്ടനിലെ ഗ്രേറ്റ് ഓര്‍മോണ്ട് സ്ട്രീറ്റ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍. രോഗം ഭേദമാകില്ലെന്ന് വിധിയെഴുതിയ അലിസ എന്ന പെണ്‍കുട്ടിയുടെ രോഗം പൂര്‍ണമായും മാറ്റിയതോടെയാണ് ഈ കണ്ടുപിടിത്തം ശ്രദ്ധ നേടിയത്. ബയോളജിക്കല്‍ എഞ്ചിനിയറിങ്ങിന്റെ സാധ്യത ഉപയോഗപ്പെടുത്തി ബേസ് എഡിറ്റിങ്ങിലൂടെയാണ് അര്‍ബുദത്തിനുള്ള പുതിയ മരുന്ന് കണ്ടെത്തിയത്. 13 വയസ്സുകാരിയായ അലിസയ്ക്ക് കഴിഞ്ഞ മെയിലാണ് ടി സെല്‍ അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ സ്ഥിരീകരിക്കുന്നത്.

കീമോതെറാപ്പി ചികിത്സാ രീതി പരീക്ഷിച്ചെങ്കിലും അതും അലിസയുടെ ശരീരത്തില്‍ ഫലപ്രദമായില്ല

ശരീരത്തിനെ സംരക്ഷിക്കുന്ന ടി സെല്ലുകള്‍ നശിക്കുന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. ഒരു തരം വെളുത്ത രക്താണുക്കളെയാണ് ടി സെല്ലുകള്‍ എന്ന് പറയുന്നത്. ഇവ രോഗപ്രതിരോധ സംവിധാനത്തിന്റെ ഭാഗമാണ്. അസ്ഥി മജ്ജയിലെ സ്റ്റെം സെല്ലുകളില്‍ നിന്നാണ് ഇവ വികസിക്കുന്നത്. ഇവ ശരീരത്തെ അണുബാധയില്‍ നിന്ന് സംരക്ഷിക്കുകയും ക്യാന്‍സറിനെ ചെറുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അലിസയെ സംബന്ധിച്ചിടത്തോളം അവ നിയന്ത്രണാതീതമായതോടെയാണ് സ്ഥിതി വഷളായത്. കീമോതെറാപ്പി ചികിത്സാ രീതി പരീക്ഷിച്ചെങ്കിലും അതും അലിസയുടെ ശരീരത്തില്‍ ഫലപ്രദമായില്ല. തുടര്‍ന്ന് മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വരെ നടത്തി. എന്നിട്ടും രോഗം പൂര്‍ണമായി ഭേദമാക്കാന്‍ സാധിച്ചില്ല. മരുന്ന് കണ്ടു പിടിച്ചില്ലായിരുന്നെങ്കില്‍ അലിസ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല. ജനിതക ശാസ്ത്രത്തിലെ അവിശ്വസനീയമായ ഒരു കണ്ടുപിടിത്തമായിരുന്നു ഇത്.ഗ്രേറ്റ് ഓര്‍ക്കണ്ട് സ്ട്രീറ്റിലെ സംഘം ബേസ് എഡിറ്റിങ് എന്ന സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിച്ചത്. വെറും ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇത് കണ്ടുപിടച്ചത്.

നമ്മുടെ ഡിഎന്‍എയിലെ കോടിക്കണക്കിന് ബേസുകളാണ് നമ്മുടെ ശരീരത്തിന് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നത്

ശരീരത്തിന് സംവദിക്കാനുള്ള ഭാഷകളെയാണ് ബേസ് എന്ന് പറയുന്നത്. അഡിനൈന്‍ (എ), സൈറ്റോസിന്‍ (സി), ഗ്വാനിന്‍ (ജി), തൈമിന്‍ (ടി) തുടങ്ങിയവയാണ് നാല് തരത്തിലുള്ള ബേസുകള്‍. നമ്മുടെ ജനിതക കോഡിന്റെ നിര്‍മാണ ഘടകങ്ങളാണിവ. നമ്മുടെ ഡിഎന്‍എയിലെ കോടിക്കണക്കിന് ബേസുകളാണ് നമ്മുടെ ശരീരത്തിന് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നത്. ബേസ് എഡിറ്റിങ്ങിലൂടെ ജനിതക കോഡിനെ കൃത്യമായ ഒരു ഭാഗത്തേയ്ക്ക് വലുതാക്കാനും തുടര്‍ന്ന് ബേസിന്റെ തന്മാത്രാ ഘടന മാറ്റാനും അതിനെ മറ്റൊന്നാക്കി മാറ്റാനും ജനിതക നിര്‍ദേശങ്ങള്‍ മാറ്റാനും അനുവദിക്കുന്നുണ്ട്.

ഡോക്ടര്‍മാരുടെയും ശാസ്ത്രജ്ഞരുടെയും ഒരു വലിയ സംഘം ഈ ഉപകരണം ഉപയോഗിച്ച് അലീസയുടെ ക്യാന്‍സര്‍ ബാധിച്ച ടി കോശങ്ങളെ നശിപ്പിക്കുകയും പുതിയ തരം കോശങ്ങളെ നിര്‍മിക്കുകയും ചെയ്തു. ടി സെല്ലുകള്‍ ആരോഗ്യമുള്ള മറ്റൊരു ദാതാവില്‍ നിന്ന് സ്വീകരിച്ചാണ് പുതിയത് നിര്‍മിച്ചത്. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചികിത്സിക്കുന്ന ആദ്യത്തെ വ്യക്തിയാണ് അലീസ. ശാസ്ത്രത്തിന്റെ ഈ നേട്ടം ഒരുപാട് മനുഷ്യര്‍ക്ക് ഉപയോഗമാകുമെന്നാണ് കരുതുന്നത്. ശസ്ത്രക്രിയക്ക് ശേഷം ഒരു മാസത്തോളമാണ് പെണ്‍കുട്ടി ആശുപത്രിയില്‍ കഴിഞ്ഞത്. പ്രതിരോധ ശേഷി പുനഃസ്ഥാപിക്കുന്നതിനായി മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്ര ക്രിയ നടത്തുകയും ചെയ്തു. ഭാവിയില്‍ ഈ ചികിത്സാ രീതി ഇത്തരം ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ ഉപകാര പ്രദമാകുമെന്നാണ് കരുതുന്നത്.

logo
The Fourth
www.thefourthnews.in