'ഇന്ദ്രധനുഷും' കാര്യക്ഷമമായില്ല; 2021ല്‍ പ്രതിരോധ കുത്തിവയ്‌പ്പെടുക്കാത്ത കുട്ടികള്‍ 2.7 ദശലക്ഷം

'ഇന്ദ്രധനുഷും' കാര്യക്ഷമമായില്ല; 2021ല്‍ പ്രതിരോധ കുത്തിവയ്‌പ്പെടുക്കാത്ത കുട്ടികള്‍ 2.7 ദശലക്ഷം

30 വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ വര്‍ധന
Updated on
2 min read

ഇന്ത്യയില്‍ പ്രതിരോധ വാക്സിന്‍ എടുക്കാത്ത കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. കഴിഞ്ഞ വര്‍ഷം 2.7 മില്യണ്‍ കുട്ടികള്‍ക്ക് ഡിപ്റ്റീരിയ- ടെറ്റനസ്- വില്ലന്‍ ചുമ (ഡി റ്റിപി) കുത്തിവെപ്പ് എടുത്തിട്ടില്ല. 30 വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ വര്‍ധനവാണിതെന്ന് ലോകാരോഗ്യ സംഘടനയുടെയും യുണിസെഫിന്‍റെയും കണക്കുകള്‍ വ്യക്തമാക്കുന്നു. ലോകത്തെ ഏറ്റവും വലിയ കോവിഡ് വാക്സിനേഷന്‍ ഡ്രൈവ് (Vaccianation Drive) ബഹുമതി നേടിയ ഇന്ത്യയിലാണ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിരിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ കോവിഡ് വാക്സിനേഷന്‍ ഡ്രൈവ് ബഹുമതി നേടിയ ഇന്ത്യയിലാണ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികളുടെ എണ്ണത്തിലെ വര്‍ധന

കോവിഡ് പ്രതിസന്ധിക്കിടയില്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തതും ഡിഫ്തീരിയ-ടെറ്റനസ്-വില്ലന്‍ ചുമ (ഡിടിപി) സംയോജിത വാക്സിന്റെ ആദ്യ ഡോസ് നഷ്ടപ്പെടുത്തിയതുമായ ഇന്ത്യയിലെ കുട്ടികളുടെ എണ്ണം ഇരട്ടിയായി. 2019-ല്‍ ഇത് 1.4 ദശലക്ഷമായിരുന്നു. 2021-ല്‍ 2.7 ദശ ലക്ഷമായി ഉയര്‍ന്നു. പ്രതിരോധ കുത്തിവെപ്പിന്റെ കാര്യത്തില്‍ ഇന്ത്യക്ക് ഇത്ര വലിയൊരു ഇടിവ് സംഭവിക്കുന്നത് ഇത് ആദ്യമായാണെന്ന് യുണിസെഫ് ഇന്ത്യയിലെ ഹെല്‍ത്ത് സ്പെഷ്യലിസ്റ്റ് ഡോ മൈനക് ചാറ്റര്‍ജി പറഞ്ഞു.

2020 ല്‍ വാക്‌സിനേഷന്‍ എടുക്കാത്ത കുട്ടികളുടെ എണ്ണം 3 ദശലക്ഷം വരെ ഉയര്‍ന്നിരുന്നു. എന്നാല്‍ 2021 ല്‍ മൂന്നാം തീവ്ര ദൗത്യമായ ഇന്ദ്രധനുഷ് (IMI) പോലുള്ള ക്യാച്ചപ്പ് പ്രോഗ്രാമുകള്‍ കാരണം വാകസിനേഷന്‍ എടുക്കാത്ത കുട്ടികളുടെ എണ്ണം 2.7 ദശലക്ഷത്തിലേക്ക് കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെയും യുണിസെഫിന്റെയും റിപ്പോട്ടുകള്‍ പറയുന്നു.

വാക്സിന്‍
വാക്സിന്‍

രാജ്യത്ത് പ്രതിവര്‍ഷം 25 ദശലക്ഷം കുട്ടികള്‍ ജനിക്കുന്നുണ്ട്. ദേശീയ കുടുംബാരോഗ്യ സര്‍വേ (NFHS) -3 (2005-2006) പ്രകാരം കോവിഡിന് മുമ്പ് ഇന്ത്യയിലെ പ്രതിരോധ കുത്തിവയ്പ്പ് കവറേജ് 43 ശതമാനം ആയിരുന്നു. 2015 നും 2016 നും ഇടയില്‍ (NFHS) -4 ലും 2019 നും 2021 നും ഇടയിലെ (NFHS)-5 ലുമായി 62 ശതമാനത്തിലേക്ക് മെച്ചപ്പെടുത്തി. ഫെബ്രുവരി മുതല്‍ ഇന്ത്യ ഇന്ദ്രധനുഷിന്റെ നാലാമത്തെ റൗണ്ട് ആരംഭിച്ചു. യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാമിലൂടെ പ്രതി വര്‍ഷം 30 ദശ ലക്ഷത്തിലധികം ഗര്‍ഭിണികള്‍ക്കും 27 ദശലക്ഷം കുട്ടികള്‍ക്കും വാക്‌സിനേഷന്‍ നല്‍കുന്നുണ്ട്.

ക്ഷയരോഗത്തിനുള്ള കുത്തിവയ്പ്പായ ബിസിജി, പിള്ളവാതത്തിനുള്ള പോളിയോ തുള്ളിമരുന്ന്, ഡിഫ്തീരിയ, വില്ലന്‍ചുമ, ടെറ്റനസ്, ഹെപ്പറ്റൈറ്റിസ് ബി, ഹീമോഫിലസ് ഇന്‍ഫ്ളൂവന്‍സാ ന്യൂമോണിയ എന്നിവയ്ക്കെതിരെയുള്ള വാക്സിനുകള്‍, അഞ്ചാംപനിക്കെതിരെയുള്ള കുത്തിവയ്പ് എന്നിവയാണ് യുഐപി യിലൂടെ ഇപ്പോള്‍ ലഭ്യമാക്കിയിട്ടുള്ളത്. ഈ രോഗങ്ങളെല്ലാം ഒരു വര്‍ഷത്തില്‍ താഴെ പ്രായമുള്ള കുട്ടികളെ മാരകമായി ബാധിക്കുന്നതിനാല്‍ ഈ രോഗങ്ങള്‍ക്കെതിരെയുള്ള എല്ലാ വാക്സിനുകളുടെയും പ്രാഥമിക കുത്തിവയ്പുകള്‍ ജനിച്ച് ഒരു വര്‍ഷത്തിനകം നല്‍കുന്നുണ്ട്.

രോഗികളുടെ നിരക്ക് വളരെ താഴ്ത്തികൊണ്ടുവരുന്നതിനും രോഗങ്ങള്‍ ഇല്ലാതാക്കുന്നതിനും പ്രതിരോധ വാക്സിനുകള്‍ 85 ശതമാനം മുതല്‍ 95 ശതമാനം വരെ കുട്ടികളെങ്കിലും എടുത്തിരിക്കണമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. യൂണിവേഴ്സല്‍ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാം തുടങ്ങി കാല്‍നൂറ്റാണ്ട് പിന്നിടുമ്പോഴും രാജ്യത്ത് വാക്സിനേഷന്‍ എടുക്കുന്ന കുട്ടികളുടെ എണ്ണം വളരെയധികം പിന്നിലാണ്.

ലോകമെമ്പാടും ഡിഫ്തീരിയ-ടെറ്റനസ്- വില്ലന്‍ ചുമ (ഡിടിപി3) സംയോജിത വാക്സിന്റെ 3 പ്രതിരോധ കുത്തിവെപ്പുകളും ലഭിച്ച കുട്ടികളുടെ എണ്ണം 2019 നും 2021 ഇടയില്‍ 5 ശതമാനം കുറഞ്ഞ് 81 ശതമാനത്തില്‍ എത്തി. അതിന്റെ ഫലമായി 2021 ല്‍ മാത്രം 25 ദശലക്ഷം കുട്ടികല്‍ ഡിടിപിയുടെ ഒന്നോ അതിലധികമോ പ്രതിരോധ കുത്തിവെപ്പുകള്‍ നഷ്ടപ്പെടുത്തിയിട്ടുണ്ട്.

കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വലിയ പ്രതിസന്ധിയാണ് പ്രതിരോധ കുത്തിവെപ്പ് നഷ്ട്ടപ്പെടുത്തുന്നതിലൂടെ സംഭവിക്കുന്നത്. കുട്ടിക്കാലത്തെ പ്രതിരോധ കുത്തിവെപ്പില്‍ ഒരു തലമുറയിലുണ്ടായ ഏറ്റവും വലിയ ഇടിവാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ഇതിന്റെ അനന്തരഫലങ്ങള്‍ ജീവിതത്തില്‍ പ്രകടമാകുമെന്ന് യുനിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കാതറിന്‍ റസ്സല്‍ പറഞ്ഞു.

കോവിഡ് പ്രതിസന്ധി ജനജീവിത്തെ സാരമായി ബാധിച്ചപ്പോള്‍ വരുമാനത്തിലുണ്ടായ കുറവ്, കടുത്ത പോഷകാഹാരക്കുറവിനും കാരണമായി. അതോടൊപ്പമുണ്ടാകുന്ന രോഗപ്രതിരോധത്തിലെ കുറവ് ഏറെ ആശങ്കാജനകമാണ്. പോഷകാഹാരക്കുറവുള്ള ഒരു കുട്ടിക്ക് പ്രതിരോധശേഷിയും ദുര്‍ബലമായിരിക്കും. കൂടാതെ പ്രതിരോധ കുത്തിവയ്പ്പുകള്‍ മുടങ്ങുന്നത് സാധാരണ ചെറുപ്രായത്തിലുണ്ടാകുന്ന രോഗങ്ങള്‍ അവരെ പെട്ടെന്ന് മാരകമാകുന്നതിനും കാരണമാകും. പ്രതിരോധ കുത്തിവയ്പ്പ് കുറയുന്നിതിനോടൊപ്പം ഉയരുന്ന പട്ടിണിയും കുട്ടികളുടെ അതിജീവനത്തിന് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ലോകാരോഗ്യ സംഘടനയും യുണിസെഫും മുന്നറിയിപ്പ് നല്‍കുന്നു.

logo
The Fourth
www.thefourthnews.in