ഓര്‍മ്മകളെ ഉണര്‍ത്തും, ഗന്ധം വാക്കുകളേക്കാള്‍ ശക്തം; പഠനം
മനുഷ്യന്റെ ഓര്‍മ്മകളെ ഉണര്‍ത്താന്‍ വാക്കുകളേക്കാള്‍ ശക്തമാണ് ഗന്ധമെന്ന് പഠനം. വിഷാദ രോഗത്തില്‍ നിന്നും ഉള്‍പ്പെടെ മുക്തിനേടാന്‍ ചില ഗന്ധങ്ങള്‍ സഹായിക്കുമെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് പിറ്റ്‌സ്ബര്‍ഗിലെ സ്‌കൂള്‍ ഓഫ് മെഡിസിന്‍ ആന്‍ഡ് യുപിഎംസി പുറത്തുവിട്ട പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
സുഗന്ധങ്ങളാല്‍ ഉണര്‍ത്തപ്പെട്ട ഓര്‍മ്മകള്‍ക്ക് മറ്റ് സംഭവങ്ങളേക്കാള്‍ വ്യക്തികള്‍ക്ക് അടുപ്പം കൂടുതലാണ്
ചിരപരിചിതമായ സുഗന്ധങ്ങള്‍ ഓര്‍മകളെ ഉണര്‍ത്താന്‍ സഹായിക്കുന്നു എന്നാണ് പഠനത്തിലെ പ്രധാന പരാമര്‍ശം. ഈ സാഹചര്യം വിഷാദരോഗത്തിനുള്ള ചികിത്സയ്ക്ക് ഉപയോഗിക്കാമെന്നും ആളുകളെ നെഗറ്റീവ് ചിന്തകളില്‍ നിന്ന് അകറ്റാനും ചിന്താരീതികളെ മാറ്റാനും ഇത്തരം അവസ്ഥകളില്‍ നിന്ന് വേഗത്തില്‍ മുക്തരാകാനും സഹായിക്കുന്നു എന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ഒരു സാഹചര്യത്തോട് പ്രതികരിക്കാന്‍ മനുഷ്യനെ സജ്ജമാക്കുന്ന മസ്തിഷ്‌കത്തിലെ അമിഗ്ഡാലയില്‍ ഇടപെടുന്നതില്‍ ഗന്ധങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. വിഷാദമുള്ള വ്യക്തികളില്‍ മുമ്പ് സുഗന്ധ സൂചകങ്ങള്‍ ഉപയോഗിച്ച് ഓര്‍മ്മകളെ ഉണര്‍ത്തുന്ന രീതിയെ കുറിച്ച് ഗവേഷണങ്ങള്‍ നടന്നില്ലെന്നത് അത്ഭുതപ്പെടുത്തുന്നതായി പഠനത്തിന്റെ മുതിര്‍ന്ന രചയിതാവും പിറ്റ്സ്ബര്‍ഗ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ സൈക്യാട്രി അസോസിയേറ്റ് പ്രൊഫസറുമായ ഡോ. കിംബെര്‍ലി യംഗ് പറയുന്നു.
വ്യക്തികളില്‍ ചില പ്രത്യേക ഗന്ധങ്ങള്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ പരിശോധിച്ചാണ് പഠനത്തിലെ വിലയിരുത്തലുകള്‍. ഓറഞ്ച് മുതല്‍ കാപ്പി വരെയുള്ള മണങ്ങള്‍ വ്യക്തികളിലേക്ക് എത്തിക്കുന്ന ഓര്‍മകളെ പിന്‍പറ്റിയായിരുന്നു പഠനം. വിക്‌സ്, കോഫി, വെളിച്ചെണ്ണ, ജീരകം, റെഡ് വൈന്‍, വാനില, വെളുത്തുള്ളി, ഷൂ പോളിഷ്, കെച്ചപ്പ് എന്നിവയാണ് പ്രധാനമായും പരീക്ഷണത്തിന് ഉപയോഗിച്ചത്. ഇതില്‍ ചില ഗന്ധങ്ങള്‍ വിഷാദം ബാധിച്ചവരില്‍ ഓര്‍മ്മകളെ ഉണര്‍ത്തുന്ന നിലയില്‍ പ്രവര്‍ത്തിച്ചതായും, വാക്കുകളേക്കാള്‍ ഗുണം ചെയ്യുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു.
സുഗന്ധങ്ങളാല്‍ ഉണര്‍ത്തപ്പെട്ട ഓര്‍മ്മകള്‍ക്ക് മറ്റ് സംഭവങ്ങളേക്കാള്‍ വ്യക്തികള്‍ക്ക് അടുപ്പം കൂടുതലാണ്. സുഗന്ധങ്ങളോട് അടുത്തിരിക്കുന്നത് അധികവും പോസിറ്റീവ് സംഭവങ്ങളാണെന്നതും വ്യക്തികളെ ഉന്‍മേഷവാന്‍മാരാക്കുന്നു. വിഷാദരോഗികളിലെ അമിഗ്ഡാലകളെ സുഗന്ധങ്ങള്‍ ഫലപ്രദമായി എങ്ങനെ ഇടപെടുന്നു എന്ന് പരിശോധിക്കാന്‍ വിപുലമായ പഠനം നടത്താന്‍ ഡോ യംഗ് പദ്ധതിയിടുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.