ഇനി വേദനയുടെ ആഴം അറിയാം; മസ്തിഷ്‌കത്തില്‍ നിന്നുള്ള സിഗ്‌നലുകള്‍ തിരിച്ചറിഞ്ഞ് ശാസ്ത്രജ്ഞര്‍
വേദനയുടെ ആഴം മനസിലാക്കാന്‍ സാധിക്കുന്ന മസ്തിഷ്‌ക സിഗ്നലുകള്‍ കണ്ടെത്തി ശാസ്ത്ര ലോകം. വേദനയനുഭവിക്കുമ്പോള്‍ മസ്തിഷ്‌കത്തിലുണ്ടാകുന്ന പ്രവര്‍ത്തനത്തെ ഡീകോഡ് ചെയ്യുന്നതാണ് പഠനം. വിട്ടു മാറാത്ത വേദനകളുടെ ചികിത്സയില്‍ നിര്‍ണായക ചുവടുവയ്പ്പാണിത്. നേച്ചര്‍ ന്യൂറോ സയന്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പരീക്ഷണത്തെക്കുറിച്ച് വിശദീകരിക്കുന്നത്.
പാര്‍ക്കിന്‍സണ്‍സ് , കടുത്ത വിഷാദം എന്നീ രോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഉത്തേജന തെറാപ്പിക്ക് സമാനമായ ചികിത്സ വിട്ടുമാറാത്ത വേദനകള്‍ക്കും പരിഹാരം കണ്ടെത്താന്‍ സഹായിക്കുമെന്നാണ് പഠനം
വിട്ടുമാറാത്ത വേദനകള്‍ അനുഭവിക്കുന്ന നിരവധിയാളുകള്‍ ലോകത്തുണ്ട്. യുകെയില്‍ തന്നെ 28 ദശലക്ഷത്തിന് മുകളിലാണ് പല കാരണങ്ങള്‍ കൊണ്ടും വിട്ടു മാറാത്ത വേദന അനുഭവിക്കുന്നവരുടെ എണ്ണം. ജനസംഖ്യയുടെ 44 ശതമാനത്തിലധികം പേരും മരുന്നും ചികിത്സയും കൃത്യമായി ലഭിച്ചിട്ടുണ്ടെങ്കിലും വേദന അനുഭവിക്കുന്നവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
വേദനസംഹാരി ഗുളികകള്‍ കഴിക്കുന്നത് ശീലമാണെങ്കിലും ഒരു ശാശ്വത പരിഹാരം കണ്ടെത്താന്‍ ശാസ്ത്രത്തിനും കഴിഞ്ഞിരുന്നില്ല. പക്ഷാഘാതം വന്ന് കൈകാലുകള്‍ തളര്‍ന്ന രോഗികളിലായിരുന്നു പരീക്ഷണം. ശാസ്ത്രക്രിയ നടത്തി ഇവരില്‍ ഇലക്ട്രോഡുകള്‍ ഘടിപ്പിച്ചു. ആന്റീരിയര്‍ സിങ്ഗുലേറ്റ് കോര്‍ട്ടെക്‌സ് (എസിസി ) ഓര്‍ബിറ്റോഫ്രോണ്ടല്‍ കോര്‍ട്ടെക്‌സ് എന്നീ തലച്ചോറിലെ രണ്ട് മേഖലകളുടെ പ്രവര്‍ത്തനം രേഖപ്പെടുത്താന്‍ ഈ ഉപകരണത്തിലൂടെ സാധിച്ചു. ഇതിലൂടെയാണ് വേദന മനസിലാക്കാന്‍ കഴിഞ്ഞത്
കൂടാതെ നിരന്തരം ഈ രോഗികളുമായി സര്‍വേ നടത്തി അവര്‍ അനുഭവിക്കുന്ന രോഗത്തിന്റെ തീവ്രത അടയാളപ്പെടുത്താനും വോളന്റിയേര്‍സിനോട് ആവശ്യപ്പെട്ടു. ഇതിനോടൊപ്പം അവരുടെ മസ്തിഷ്‌കത്തിന്റെ സ്‌നാപ്പ് ഷോട്ടുകളും തയ്യാറാക്കി. സര്‍വേയുടേയും സ്‌നാപ്പ് ഷോട്ടുകളുടേയും അടിസ്ഥാനത്തില്‍ ഒ എഫ് സിയില്‍ രേഖപ്പെടുത്തുന്ന സിഗ്നലുകള്‍ കൂടി ഉള്‍പ്പെടുത്തി ഒരു അല്‍ഗോരിതം തയ്യാറാക്കാന്‍ സാധിക്കുമെന്നും ഇവർ കണ്ടെത്തി.
വര്‍ഷങ്ങളായി അനുഭവിക്കുന്ന വേദനകളെ മനസിലാക്കാന്‍ സാധിക്കുന്നതിലൂടെ മസ്തിഷ്‌ക ഉത്തേജക ചികിത്സകള്‍ വികസിപ്പിക്കുന്നതിന് ഈ പഠനം ഉപകരിക്കുമെന്നാണ് പ്രതീക്ഷ. അതേ സമയം പെട്ടന്നുണ്ടാകുന്ന വേദനയും സ്ഥിരമായുണ്ടാകുന്ന വേദനകളും മസ്തിഷ്‌ക പ്രവര്‍ത്തനത്തെ രണ്ട് തരത്തിലാണ് ബാധിക്കുന്നതെന്നും പഠനം ചൂണ്ടിക്കാട്ടി.
മസ്തിഷ്‌ക ഉത്തേജനം ആഴത്തില്‍ മനസിലാക്കുന്നതോടെ വര്‍ഷങ്ങളായി വേദന അനുഭവിക്കുന്നവരുടെ ചികിത്സയില്‍ വലിയ മുന്നേറ്റം നടത്താന്‍ സാധിക്കും. മസ്തിഷ്‌കത്തില്‍ നടത്തേണ്ടി വരുന്ന ശാസ്ത്രക്രിയക്കും തുടര്‍ ചികിത്സയ്ക്കുമെല്ലാം പുതിയ പഠനം സഹായകരമാകും.