കോവിഡ് ജെഎന്‍.1 വകഭേദത്തിന്‌റെ രണ്ട് പുതിയ ലക്ഷണങ്ങള്‍ കണ്ടെത്തി ഗവേഷകര്‍
കോവിഡ് ജെഎന്‍.1 വകഭേദം ബാധിക്കുന്നവരില്‍ പുതിയ രണ്ട് ലക്ഷണങ്ങള്‍ കൂടി കണ്ടെത്തി. ഉറക്കപ്രശ്‌നങ്ങളും ഉത്കണ്ഠയുമാണ് പുതിയ കോവിഡിന്‌റേതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന അധിക ലക്ഷണങ്ങള്‍. വ്യാപന നിരക്ക് കണക്കിലെടുത്ത് ജെഎന്‍.1 വകഭേദത്തെ 'വേരിയന്‌റ് ഓഫ് ഇന്‌ററസ്റ്റ്' എന്ന വിഭാഗത്തിലേക്ക് ലോകാരോഗ്യസംഘടന മാറ്റിയിരുന്നു. റിപ്പോര്‍ട്ടുകളനുസരിച്ച് ബുധനാഴ്ച വരെ ഇന്ത്യയില്‍ 511 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‌റെ കണക്കനുസരിച്ച് കര്‍ണാടകയില്‍ 199 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തൊട്ടുപിന്നില്‍ 148 കേസുകളുമായി കേരളമുണ്ട്. ഗോവയില്‍ 47, ഗുജറാത്തില്‍ 36, മഹാരാഷ്ട്രയില്‍ 32, തമിഴ്‌നാട്ടില്‍ 26, ഡല്‍ഹിയില്‍ 15, രാജസ്ഥാനില്‍ 4, തെലങ്കാനയില്‍ 2, ഒഡീഷയിലും ഹരിയാനയിലും ഓരോ കേസുകളുമാണ് കോവിഡിന്‌റേതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇതുവരെയുള്ള കോവിഡ് വകഭേദങ്ങളെല്ലാം കൂടുതല്‍ ബാധിച്ചിരുന്നത് തൊണ്ടയ്ക്കു മുകളിലുള്ള ഭാഗങ്ങളെയായിരുന്നു. മൂക്കൊലിപ്പ്, ചുമ, തലവേദന, ക്ഷീണം, ശരീരവേദന, നടുവേദന, തൊണ്ടവേദന, ബ്രെയ്ന്‍ഫോഗ്, കടുത്ത പനി എന്നിവയാണ് കോവിഡിന്‌റേതായി കണ്ടിരുന്ന ലക്ഷണങ്ങള്‍.
എന്നാല്‍ പുതിയ ജെഎന്‍.1 വകഭേദം കൂടുതലും ബാധിക്കുന്നത് റസ്പിറേറ്ററി ഹെല്‍തിനെയാണ്. ഉത്കണ്ഠ, ഉറക്കപ്രശ്‌നങ്ങള്‍ എന്നിവയാണ് ഇതില്‍ പെടുന്ന ലക്ഷണങ്ങള്‍. എന്നാല്‍ ഈ ലക്ഷണങ്ങള്‍ മാത്രമേ പ്രകടമാകാവൂ എന്നില്ലെന്ന് ഗവേഷകര്‍ പറയുന്നു. രോഗം ബാധിക്കുന്ന വ്യക്തിയുടെ പ്രതിരോധശേഷി, ആരോഗ്യാവസ്ഥ എന്നിവ അനുസരിച്ച് രോഗലക്ഷണങ്ങള്‍ വ്യത്യാസപ്പെടാം.