ആഫ്രിക്കയിൽ മലേറിയ വാക്‌സിൻ പുറത്തിറക്കി സെറം ഇൻസ്റ്റിറ്റ്യൂട്ട്; വിതരണച്ചെലവ് ഏറ്റെടുക്കും

ആഫ്രിക്കയിൽ മലേറിയ വാക്‌സിൻ പുറത്തിറക്കി സെറം ഇൻസ്റ്റിറ്റ്യൂട്ട്; വിതരണച്ചെലവ് ഏറ്റെടുക്കും

ഓക്‌സ്‌ഫോർഡ് സർവകലാശാലയുമായി സഹകരിച്ചാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഉയർന്ന ഫലപ്രാപ്തിയുള്ള മലേറിയ വാക്‌സിൻ പ്രാവർത്തികമാക്കിയത്
Updated on
1 min read

ഉയർന്ന ഫലപ്രാപ്തിയുള്ള മലേറിയ വാക്‌സിനായ ആർ21/മെട്രിക്സ്-എം ആഫ്രിക്കയിൽ പുറത്തിറക്കി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ). ഓക്സ്ഫോർഡ് സർവകലാശാലയുമായുള്ള പങ്കാളത്തിത്തോടെയാണ് വാക്സിൻ നിർമിച്ചത്.

പശ്ചിമാഫ്രിക്കയിലെ കോട്ട് ഡി ഐവയറിലാണ് വാക്‌സിൻ ഔദ്യോഗികമായി പുറത്തിറക്കിയത്. ആഫ്രിക്കൻ ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ മലേറിയ വാക്സിനായ ആർ21/മെട്രിക്സ്-എംന്റെ നിർമാണത്തിനും വിതരണത്തിനും ലോകാരോഗ്യ സംഘടന കഴിഞ്ഞ വർഷം അംഗീകാരം നൽകിയിരുന്നു. മലേറിയ ബാധയും വ്യാപനവും തടയുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് ആർ21/മെട്രിക്സ്-എം മലേറിയ വാക്സിൻ നൽകാൻ ആരംഭിച്ച ആദ്യത്തെ ഔദ്യോഗിക രാജ്യമാണ് കോട്ട് ഡി ഐവയർ.

വളരെ ഫലപ്രാപ്തിയുള്ളതും മിതമായ വിലയിൽ ലഭിക്കുന്നതുമായ വാക്‌സിനാണ് ആർ21/മെട്രിക്സ്-എം എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഡോസ് കുറഞ്ഞ ഈ വാക്‌സിൻ വളരെ വേഗത്തിൽ നിർമിച്ചെടുക്കാൻ കഴിയും. റിപ്പോർട്ട് പ്രകാരം സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഏകദേശം 2.5 കോടി ഡോസ് വാക്സിൻ നിർമിച്ചിട്ടുണ്ട്.

പ്രതിവർഷം 10 കോടി ഡോസുകൾ നിർമിക്കാൻ കഴിയുമെന്നാണ് പൂനെ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് അവകാശപ്പെടുന്നത്. വാക്സിൻ വിതരണത്തിനു ഉൾപ്പെടെയുള്ള ചെലവ് വഹിക്കാനുള്ള സന്നദ്ധതയും പ്രകടിപ്പിച്ചിട്ടുണ്ട്. ഒരു ഡോസ് വാക്‌സിന് നാല് ഡോളറിൽ താഴെ (330 രൂപയോളം)യാണ് വില വരുന്നത്.

ആഫ്രിക്ക പോലെയുള്ള അവികസിത രാജ്യങ്ങളിൽ മലേറിയ വ്യാപനം മൂലമുള്ള ആരോഗ്യപ്രതിസന്ധിയെ ചെറുക്കുന്നതിനുള്ള നിർണായക ചുവടുവെപ്പായിട്ടാണ് ആർ21/മെട്രിക്സ്-എം വാക്‌സിൻ വിതരണത്തെ ആരോഗ്യവിദഗ്ധർ നോക്കിക്കാണുന്നത്. വലിയ വിപത്തായ മലേറിയയെ നിർമാർജനം ചെയ്യാനുള്ള വഴികളാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നതെന്നു സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഡയറക്ടർ അദാർ പൂനെവാല മാധ്യമങ്ങളോട് പറഞ്ഞു.

ഓക്‌സ്‌ഫോർഡിലെയും നോവാവാക്സിലെയും സഹപ്രവർത്തകരോടൊപ്പമുള്ള വർഷങ്ങൾ നീണ്ട അശ്രാന്തപരിശ്രമത്തിന് ഇതൊരു നാഴികക്കല്ലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in