സ്ഥിരം തലവേദനയ്ക്കൊപ്പം ഛർദി; കരുതിയിരിക്കാം ബ്രെയിൻ ട്യൂമറിനെ

സ്ഥിരം തലവേദനയ്ക്കൊപ്പം ഛർദി; കരുതിയിരിക്കാം ബ്രെയിൻ ട്യൂമറിനെ

രണ്ടായിരത്തി മുപ്പതോടെ ത്വക്ക് ക്യാന്‍സറിനെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ വലിയ രോഗമായി ബ്രെയിൻ ട്യൂമർ മാറുമെന്നാണ് പഠനങ്ങള്‍
Updated on
1 min read

ഇന്ന് ജൂണ്‍ എട്ട്, ലോക ബ്രെയിന്‍ ട്യൂമര്‍ ദിനം. ലോകത്ത് ബ്രെയിന്‍ ട്യൂമറെന്ന രോഗത്തെപ്പറ്റി അവബോധം വളര്‍ത്തുന്നതിനും ഒട്ടേറെ വെല്ലുവിളി നിറഞ്ഞ ഈ അസുഖം ബാധിച്ചവരെ മാനസികമായി പിന്തുണയ്ക്കാനുമാണ് ഈ ദിനം ആചരിക്കുന്നത്.

ലോകത്ത് ഏറ്റവും വലിയ നാലാമത്തെ ഗുരുതരമായ രോഗമാണ് ഇത്. മസ്തിഷ്കത്തെ ബാധിക്കുന്നതിനാല്‍ രണ്ടായിരത്തി മുപ്പതോടെ ത്വക്ക് ക്യാന്‍സറിനെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ വലിയ രോഗമായി ബ്രെയിൻ ട്യൂമർ മാറുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

രണ്ടായിരത്തിന്റെ തുടക്കത്തിലാണ് ജര്‍മന്‍ ബ്രെയിന്‍ ട്യൂമര്‍ സംഘടനയുടെ നേതൃത്വത്തില്‍ ഈ രോഗത്തെപ്പറ്റിയുള്ള ബോധവത്കരണത്തിന് തുടക്കം കുറിക്കുന്നത്

ഒരു വ്യക്തിയില്‍ രോഗം സ്ഥിരീകരിക്കുന്നതോടെ ഒരു കുടുംബം കൂടിയാണ് വളരെ സങ്കീര്‍ണമായ അവസ്ഥയിലേക്ക് നീങ്ങുക. അതിനാൽ ചികിത്സാ മാര്‍ഗങ്ങള്‍ക്ക് പുറമെ ആളുകളില്‍ പ്രത്യാശ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവും ഈ ദിനത്തിനുണ്ട്. ജര്‍മന്‍ ബ്രെയിന്‍ ട്യൂമര്‍ സംഘടനയുടെ നേതൃത്വത്തില്‍ രണ്ടായിരമാണ്ടിന്റെ തുടക്കത്തിലാണ് രോഗത്തെപ്പറ്റിയുള്ള ബോധവത്കരണത്തിന് തുടക്കം കുറിക്കുന്നത്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര ശ്രദ്ധ നേടി. 2010 ആയപ്പോഴേക്കും ഇന്റര്‍നാഷണല്‍ ബ്രെയിന്‍ ട്യൂമര്‍ സംഘടന ലോകമെമ്പാടുമുള്ള ഇത്തരം സംഘടനകളെ ഒരുമിച്ച് കൊണ്ടുവരുകയും ജൂണ്‍ 8ന് ലോക ബ്രെയിന്‍ ട്യൂമര്‍ ദിനമായി ആചരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

ഓരോ ബ്രെയിന്‍ ട്യൂമറും വ്യത്യസ്തമാണ്. അതിന്റെ വലുപ്പം, സ്ഥാനം, എന്നിവയെ ആശ്രയിച്ച് തീവ്രതയില്‍ വ്യത്യാസമുണ്ടാകും. കഠിനമായ തലവേദന, ഛര്‍ദി, കാഴ്ചക്കുറവ്, സംസാരിക്കാനുള്ള ബുദ്ധിമുട്ട്, കേള്‍വി പ്രശ്‌നങ്ങള്‍ എന്നീ ലക്ഷണങ്ങളാണ് ബ്രെയിന്‍ ട്യൂമറിന് പ്രധാനമായും ഉണ്ടാകുക. സ്ഥിരമായി തലവേദന വരുന്നതും രാവിലെ എഴുന്നേല്‍ക്കുന്നതേ തലവേദനയോടെ ആകുന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇതേപോലെ തന്നെയാണ് ഛർദിയും. ഇത്തരം ലക്ഷണങ്ങള്‍ തുടർച്ചയായി കണ്ടാല്‍ ഡോക്ടറുടെ സഹായം തേടണം.

ഒന്നും രണ്ടും ഗ്രേഡ് ക്യാൻസർ സാധ്യത തീരെയില്ലാത്തതും ഗ്രേഡ് നാല് ക്യാൻസർ സാധ്യത ഏറ്റവും കൂടിയതുമാണ്

ലോകാരോഗ്യ സംഘടന ട്യൂമറുകളെ നൂറ്റിഇരുപതോളമായി തരംതിരിച്ചിട്ടുണ്ട്. മെനിൻജിയോമ, ഗ്ലയോമ എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഈ ട്യൂമറുകളുടെ ക്യാൻസർ ശേഷി അനുസരിച്ച് ഒന്ന് മുതല്‍ നാല് വരെ ഗ്രേഡായി തരംതിരിച്ചിട്ടുണ്ട്. ഒന്നും രണ്ടും ഗ്രേഡ് ക്യാൻസർ സാധ്യത തീരെയില്ലാത്തതും ഗ്രേഡ് നാല് ക്യാൻസർ സാധ്യത ഏറ്റവും കൂടിയതുമാണ്.

ഇന്ത്യയില്‍ കേന്ദ്ര നാഡീവ്യൂഹ ക്യാന്‍സറുകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഒരു ലക്ഷം ജനസംഖ്യയില്‍ പത്ത് ശതമാനത്തോളം പേര്‍ക്ക് കേന്ദ്ര നാഡീവ്യൂഹ ക്യാന്‍സറുണ്ടാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

logo
The Fourth
www.thefourthnews.in