ചൊറിച്ചില്‍ മുതല്‍ ഉണങ്ങാത്ത മുറിവുകള്‍ വരെ; ചര്‍മാര്‍ബുദത്തിന്‌റെ ഈ ആറ് സൂചനകള്‍ ശ്രദ്ധിക്കണം
ആഗോളതലത്തില്‍ വളരെ സാധാരണയായി കാണപ്പെടുന്ന അര്‍ബുദങ്ങളിലൊന്നാണ് ചര്‍മാര്‍ബുദം. അതുപോലെതന്നെ നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചുമാറ്റാവുന്ന ഒന്നും. ചികിത്സയുടെ വിജയത്തിനും നേരത്തേ രോഗം തിരിച്ചറിയുന്നതിനും ചര്‍മാര്‍ബുദത്തിന്‌റേതായി പ്രകടമാകുന്ന ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ശരീരത്തില്‍ പ്രകടമാകുന്ന ചര്‍മാര്‍ബുദ ലക്ഷണങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.
1. മറുകുകളിലെ വ്യത്യാസം
ചര്‍മാര്‍ബുദത്തിന്‌റെ ഏറ്റവും പ്രധാന സൂചനയാണ് ശരീരത്തിലെ മറുകുകളുടെ നിറത്തിലും രൂപത്തിലും വലുപ്പത്തിലുണ്ടാകുന്ന വ്യത്യാസം. അമേരിക്കന്‍ അക്കാഡമി ഓഫ് ഡെര്‍മറ്റോളജി പറയുന്നതനുസരിച്ച് നിലവിലുള്ള മറുകുകള്‍ക്കുണ്ടാകുന്ന വളര്‍ച്ചയും അവയുടെ രൂപത്തിലുണ്ടാകുന്ന വ്യത്യാസവും ചര്‍മാര്‍ബുദത്തിന്‌റെ ഗുരുതര രൂപമായ മെലനോമയുടെ ലക്ഷണണാകാം. അതിനാല്‍ മറുകുകളിലോ നിറത്തിലോ ആകൃതിയിലോ വരുന്ന വ്യത്യാസം കൃത്യമായി ശ്രദ്ധിക്കുകയും വിദഗ്‌ധോപദേശം തേടുകയും വേണം.
2. പുതുതായുണ്ടാകുന്ന മറുകുകള്‍
ശരീരത്തില്‍ പുതുതായി മറുകുകള്‍ രൂപപ്പെടുന്നതും വളര്‍ച്ചയുണ്ടാകുന്നതും ശ്രദ്ധിക്കണം. പ്രത്യേകിച്ച് 30 വയസ്സിനുശേഷം. ഇവ മെലനോമയുടെ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി അമേരിക്കന്‍ അക്കാഡമി ഓഫ് ഡെര്‍മറ്റോളജിയുടെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
3. ഉണങ്ങാത്ത മുറിവുകള്‍
ചര്‍മത്തിലുണ്ടാകുന്ന മുറിവുകള്‍ കരിയാതിരിക്കുന്നതും അതില്‍നിന്ന് രക്തം വരുന്നതുമൊക്കെ ബേസല്‍ സെല്‍ കാര്‍സിനോമ എന്ന ചര്‍മാര്‍ബുദത്തിന്‌റെ സൂചനയാകാം. സ്‌കിന്‍ കാന്‍സര്‍ ഫൗണ്ടേഷന്‍ പറയുന്നത് ആഴ്ചകളോളം ഉണങ്ങാതിരിക്കുന്ന മുറിവുകള്‍ ചര്‍മാര്‍ബുദമാണോയെന്ന് പരിശോധിച്ചറിയേണ്ടതുണ്ടെന്നാണ്.
4. ചൊറിച്ചില്‍ അല്ലെങ്കില്‍ ചര്‍മത്തിലുണ്ടാകുന്ന വേദന
ചര്‍മാര്‍ബുദം ചിലപ്പോള്‍ ചൊറിച്ചിലോ വേദനയോ സ്പര്‍ശിക്കുമ്പോള്‍ മൃദുവായോ ഒക്കെ അനുഭവപ്പെടാം. ജാമ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് മെലനോമയുടെ വളരെ സാധാരണമായ ഒരു ലക്ഷണമാണ് ചര്‍മത്തിലുണ്ടാകുന്ന ചൊറിച്ചില്‍ എന്നാണ്. പ്രത്യേകിച്ച് ഇതിന്‌റെ പ്രാരംഭ ഘട്ടത്തില്‍. ചര്‍മത്തില്‍ ചൊറിച്ചിലുണ്ടാക്കുന്ന പാടുകളോ മുറിവുകളോ ശ്രദ്ധയില്‍ പെട്ടാല്‍ അവഗണിക്കാതെ ചര്‍മരോഗ വിദഗ്ധന്‌റെ സേവനം തേടണം.
5. ചര്‍മഘടനയിലെ മാറ്റങ്ങള്‍
ചര്‍മത്തിന് കട്ടികൂടുക, പുതുതായി തടിപ്പ് പ്രത്യക്ഷമാകുക എന്നിവ ചര്‍മാര്‍ബുദത്തിന്‌റെ ലക്ഷണമാകാം. ഇവ ബേസല്‍ സെല്‍ കാര്‍സിനോമയുടെ ലക്ഷണങ്ങളാകാമെന്ന് സ്‌കിന്‍ കാന്‍സര്‍ ഫൗണ്ടേന്‍ പറയുന്നു.
6. നീര്‍വീക്കവും ചുവന്ന പാടുകളും
മറുകുകളില്‍ നീര്‍വീക്കം ഉണ്ടാകുകയോ ചുവന്ന നിറം പ്രത്യക്ഷമാകുകയോ ചെയ്യുന്നത് മെലനോമയുടെ ലക്ഷണമാകാം. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ അഭിപ്രായത്തില്‍ മെലനോമകള്‍ രക്തസ്രാവമോ ചൊറിച്ചിലോ വേദനയോ ആയി മാറുകയും ചുറ്റുമുള്ള ചര്‍മം ചുവക്കുകയോ നീര്‍വീക്കമോ ആകുകയും ചെയ്യും.