പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

എന്താണ് നെഗ്ലേരിയ ഫൗളേരി? അണുബാധ റിപ്പോര്‍ട്ട് ചെയ്ത് ദക്ഷിണ കൊറിയ

കൊറിയയില്‍ നെഗ്ലേരിയ ഫൗളേരി അണുബാധ ബാധിച്ച് അന്‍പത് വയസുകാരന്‍ മരിച്ചു
Updated on
2 min read

മനുഷ്യന്റെ തലച്ചോറിനെ തകരാറിലാക്കുന്ന അണുബാധ റിപ്പോര്‍ട്ട് ചെയ്ത് ദക്ഷിണ കൊറിയ. നെഗ്ലേരിയ ഫൗളേരി എന്ന പേരില്‍ അറിയപ്പെടുന്ന അണുബാധയിലൂടെ അന്‍പത് വയസുകാരന്‍ മരിച്ചു. ചൈനയില്‍ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം ലോകരാജ്യങ്ങളില്‍ വലിയ ഭീതി ഉയര്‍ത്തുന്നതിനിടെയാണ് പുതിയ അണുബാധയുടെ ഭീഷണി

ശുദ്ധജല തടാകങ്ങളിലും, നദികളിലും, മണ്ണിലുമായി ജീവിക്കുന്ന ഈ അമീബ, മൂക്കിലൂടെയാണ് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നത്

തായ്‌ലൻഡിൽ വച്ചാണ് ഇയാള്‍ രോഗബാധിതനായതെന്നാണ് കണ്ടെത്തല്‍. കൊറിയ ടൈംസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, നാല് മാസത്തോളം തായ്‌ലൻഡിൽ താമസിച്ചിരുന്ന ഇയാൾ, ഡിസംബർ 10 ന് കൊറിയയിലേക്ക് മടങ്ങുന്നതിന് മുന്‍പാണ് നെഗ്ലേരിയ ഫൗളേരി ബാധിച്ച് മരിച്ചത്. ഈ കണ്ടെത്തലുകൾ സ്ഥിരീകരിച്ച് കൊറിയ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഏജൻസി (കെഡിസിഎ) പ്രസ്താവനയിറക്കി.

എന്താണ് നെഗ്ലേരിയ ഫൗളേരി ?

പ്രത്യക്ഷത്തില്‍ കാണാന്‍ സാധിക്കാത്ത സൂക്ഷ്മമായ ഏകകോശ ജീവിയാണ് (അമീബ) നെഗ്ലേരിയ. ശുദ്ധജല തടാകങ്ങളിലും, നദികളിലും, മണ്ണിലുമായി ജീവിക്കുന്ന ഈ അമീബ മനുഷ്യരെയാണ് ബാധിക്കുന്നത്. താഴ്ന്ന ജലനിരപ്പിലും ഉയര്‍ന്ന താപനിലയിലുമാണ് ഇവയുടെ സാന്നിധ്യം കൂടുതലായുള്ളത്. യുഎസ് ആസ്ഥാനമായുള്ള സെന്റർ ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) ആൻഡ് പ്രിവൻഷന്റെ അഭിപ്രായത്തിൽ, ഇവ മൂക്കിലൂടെയാണ് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നത്. മൂക്കില്‍ നിന്ന് തലച്ചോറിലേക്ക് സഞ്ചരിക്കുകയും കോർ ടിഷ്യൂകളെയും ഞരമ്പുകളെയും നശിപ്പിക്കുകയും ചെയ്യുന്നു. ഇത് പ്രൈമറി അമീബിക് മെനിന്‍ജോ എൻസെഫാലിറ്റിസ് (PAM) എന്ന അണുബാധയ്ക്ക് കാരണമാകുന്നു. ഭൂരിഭാഗം കേസുകളിലും ഇത് മാരകമാകാനാണ് സാധ്യത.

പ്രധാനലക്ഷ ണം തലവേദനയാണ് . പനി, മനംപുരട്ടല്‍, ഛര്‍ദി, കഴുത്ത് വീക്കം തുടങ്ങിയവയും ലക്ഷണങ്ങളില്‍പ്പെടുന്നു

നെഗ്ലേരിയ ഫൗളേരിയുടെ ലക്ഷണങ്ങൾ എന്തൊക്കെ ?

സിഡിസിയുടെ കണക്കനുസരിച്ച്, 1962 മുതൽ 2021 വരെ യുണൈറ്റഡ് സ്റ്റേറ്റ്സിലെ 154 പേരിൽ 4 പേർ മാത്രമേ അണുബാധയെ അതിജീവിച്ചിട്ടുള്ളൂ. പ്രൈമറി അമീബിക് മെനിന്‍ജോ എൻസെഫാലിറ്റിസ് കാരണമുണ്ടാകുന്ന തലവേദനയാണ് പ്രധാനലക്ഷണം. പനി, മനംപുരട്ടല്‍, ഛര്‍ദി, കഴുത്ത് വീക്കം തുടങ്ങിയവയും ലക്ഷണങ്ങളിൽപ്പെടുന്നു.ഗുരുതരമാകുന്ന സാഹചര്യങ്ങളില്‍, മാനസികാവസ്ഥ മോശമാകാനും കോമയിലേക്ക് വരെ മാറാനും സാധ്യതയുണ്ട്. എന്നാല്‍ രോഗബാധിതരില്‍ നിന്ന് ഇത് മറ്റുള്ളവരിലേക്ക് പകരില്ലെന്ന് പഠനങ്ങള്‍ പറയുന്നു.

നെഗ്ലേരിയ ഫൗളേരിയെ പ്രതിരോധിക്കാന്‍ വാക്സിൻ പുറത്തിറങ്ങിയിട്ടുണ്ടോ?

അണുബാധയ്ക്കെതിരായി ചുരുക്കം ചില ചികിത്സകൾ ലഭ്യമാണെങ്കിലും, ഫലപ്രദമായ ചികിത്സ ഇനിയും കണ്ടെത്താനായിട്ടില്ല. നിലവിൽ, ആംഫോട്ടെറിസിൻ ബി, അസിത്രോമൈസിൻ, ഫ്ലൂക്കോണസോൾ, റിഫാംപിൻ, മിൽറ്റെഫോസിൻ, ഡെക്സമെതസോൺ എന്നിവയുൾപ്പെടെയുള്ള മരുന്നുകള്‍ സംയോജിപ്പിച്ചാണ് പിഎഎം ചികിത്സിക്കുന്നതെന്നും സിഡിസി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in