ഇന്ത്യയില്‍ ഇനിയും കോവിഡ് വാക്സിനെടുക്കാതെ 4 കോടി ജനങ്ങള്‍
രാജ്യത്ത് ഒരു ഡോസ് പോലും കോവിഡ് വാക്സിനെടുക്കാതെ 4 കോടി പേര്‍. കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാറാണ് ഇക്കാര്യം അറിയിച്ചത്. ഒരു ഡോസ് പോലും എടുക്കാത്ത ആളുകളുടെ എണ്ണത്തെയും ശതമാനത്തെയും കുറിച്ചുള്ള ചോദ്യത്തിന് ലോക്‌സഭയിലായിരുന്നു മന്ത്രിയുടെ മറുപടി.
കോവിഡ് മഹാമാരിയ്ക്കെതിരായ പോരാട്ടത്തിലാണ് ഇന്ത്യ. 200 കോടി കോവിഡ് വാക്‌സിന്‍ ഇതിനകം നല്‍കുകയും ചെയ്തു. സൗജന്യമായാണ് വാക്സിന്‍ നല്‍കുന്നത്. എന്നിട്ടും ഇനിയും 4 കോടി പേര്‍ വാക്സിന്‍ എടുക്കാന്‍ തയ്യാറായിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തന്നെ വ്യക്തമാക്കുന്നത്.
ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്സിനേഷന്‍ സെന്ററുകളില്‍ (സിവിസി) 1,78,38,52,566 വാക്സിന്‍ ഡോസുകള്‍ (97.34%) സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലം മറുപടി നല്‍കി.
വാക്സിനേഷന്‍ ഡ്രൈവ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി ബൂസ്റ്റര്‍ ഡോസുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സൗജന്യമാക്കിയിട്ടുണ്ട്. ഇതുവരെ നല്‍കിയ 200 കോടി വാക്‌സിനുകളില്‍ 90 ശതമാനത്തിലേറെയും സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ സൗജന്യമായി നല്‍കിയവയാണ്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 60 വയസ്സിന് മുകളിലുള്ളലുള്ളവര്‍ക്കും മുന്‍കരുതല്‍ ഡോസുകള്‍ സൗജന്യമായി ലഭ്യമാണ്. ഇതുവരെ 7 കോടിയോളം പേര്‍ ബൂസ്റ്റര്‍ ഡോസ് എടുത്തിട്ടുണ്ട്. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാര്‍ഷികവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ കോവിഡ് ബൂസ്റ്റര്‍ ഡോസുകള്‍ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള 'കോവിഡ് വാക്സിനേഷന്‍ അമൃത് മഹോത്സവം' ജൂലൈ 15 മുതല്‍ ആരംഭിച്ചു. 75 ദിവസത്തെ ഈ പ്രത്യേക ഡ്രൈവില്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും മുന്‍കരുതല്‍ ഡോസുകള്‍ ലഭിക്കും.