കൗമാരക്കാരായ പെണ്‍കുട്ടികളില്‍ അറുപത് ശതമാനം പേരും അനീമിയ ബാധിതര്‍; പഠനം
രാജ്യത്തെ കൗമാരക്കാരായ പെണ്‍കുട്ടികളില്‍ അറുപത് ശതമാനം പേരും അനീമിയ ബാധിതരാണെന്ന് റിപ്പോര്‍ട്ട്. കൗമാരപ്രായത്തിലുള്ള വിവാഹവും മാതൃത്വവും ഇതിനൊരു കാരണമാണെന്നും നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയില്‍ നിന്നുള്ള കണക്കുകള്‍ വിശകലനം ചെയ്തുള്ള പുതിയ ഇന്ത്യന്‍ ഗവേഷണത്തില്‍ സൂചിപ്പിക്കുന്നു.
പോഷാകാഹാര കുറവ്, സമ്പത്ത്, വിദ്യാഭ്യാസം തുടങ്ങി മറ്റ് സാമൂഹ്യവും സാമ്പത്തികവുമായ വ്യതിയാനങ്ങളും 15 മുതല്‍ 19 വരെ പ്രായമുള്ള പെണ്‍കുട്ടികളില്‍ അനീമീയക്ക് കാരണമാകുന്നുണ്ടെന്ന് ഉത്തര്‍പ്രദേശിലെ ബനാറസ് സര്‍വകലാശാലയിലെയും മറ്റ് സ്ഥാപനങ്ങളിലെയും പഠനത്തിലൂടെ കണ്ടെത്തി.
പഠനത്തില്‍ 18 വയസിന് മുമ്പ് വിവാഹിതരാകുന്ന പെണ്‍കുട്ടികള്‍ക്കിടയിലാണ് അനീമിയ കൂടുതലായും ബാധിക്കുന്നതെന്ന് കണ്ടെത്തി. ഇതില്‍ 70 ശതമാനവും ഗ്രാമപ്രദേശങ്ങളിലുള്ളവരാണ്. കുട്ടികളില്ലാത്ത കൗമാരക്കാരായ അമ്മമാരേക്കോള്‍ അനീമിയ ബാധിച്ചിരിക്കുന്നത് 2 കുട്ടികളെങ്കിലുമുള്ള മുലയൂട്ടുന്ന കൗമാര്‍ക്കാരായ അമ്മമാര്‍ക്കിടയിലാണെന്നും പഠനം കണ്ടെത്തി.
അനീമിയ ബാധിതര്‍ കൂടുന്ന സംസ്ഥാനങ്ങളുടെ എണ്ണത്തിലും വര്‍ധന ഉണ്ടായിട്ടുണ്ടെന്ന് പിഎല്‍ഒഎസ് ഗ്ലോബല്‍ പബ്ലിക് ഹെല്‍ത്ത് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ സൂചിപ്പിക്കുന്നു. 2015-16ല്‍ 60 ശതമാനത്തിലധികം അനീമിയ ബാധിതരുള്ള സംസ്ഥാനങ്ങളുടെ എണ്ണം അഞ്ച് ആയിരുന്നെങ്കില്‍ 2019-21ല്‍ അത് 11 ആയി വര്‍ധിച്ചുവെന്നും പഠനത്തില്‍ തെളിഞ്ഞു.
എന്‍എഫ്എച്ച്എസ്-4 (2015-16), എന്‍എഫ്എച്ച്എസ്-5 (2019-21) എന്നീ ദേശീയ സര്‍വേകളുടെ നാലും അഞ്ചും റൗണ്ടുകളിലെ ഡാറ്റ പ്രകാരം യഥാക്രമം 1,16,117ഉം 1,09,400ഉം കൗമാരക്കാരിലാണ് പഠനം നടത്തിയത്. അനീമിയയുടെ വ്യാപനവും അതിന്റെ അപകട സാധ്യതയും പഠനവിധേയമാക്കി.
വിദ്യാസമ്പന്നരായ കൗമാരക്കാര്‍ക്കിടയില്‍ അനീമിയ ബാധിക്കുന്നത് കുറവാണെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. ആരോഗ്യത്തെയും പോഷകത്തെയും കുറിച്ചുള്ള അറിവും, മെച്ചപ്പെട്ട തൊഴിലവസരവും വരുമാനവും വഴി ലഭിക്കുന്ന പോഷകസമൃദ്ധമായ ഭക്ഷണവുമാണിതിന് കാരണമെന്നും സൂചിപ്പിക്കുന്നു.
സാമൂഹ്യപരമായി നോക്കുമ്പോള്‍ സമൂഹത്തിലെ മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് എസ്‌സി, എസ്ടി വിഭാഗങ്ങളിലെ സ്ത്രീകള്‍ക്കാണ് അനീമിയ കൂടുതലായും ബാധിക്കുന്നത്. പോഷാകാഹാരക്കുറവ്, പരിമിതമായ ആരോഗ്യരപരിരക്ഷ ലഭ്യത, നേരത്തെയുള്ള പ്രസവം, വിവേചനം തുടങ്ങിയവയാണ് ഇതിന് പിന്നിലെ കാരണം.
എന്നാല്‍ രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ കൗമാരക്കാര്‍ക്ക് അനീമിയ ബാധിക്കുന്നത് വിരളമാണെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു. പരമ്പരാഗതമായുള്ള ഇരുമ്പ് കൂടുതലായി അടങ്ങിയിട്ടുള്ള ചുവന്ന അരി കൊണ്ടുള്ള വൈവിധ്യവും പോഷകസമൃദ്ധമായ ഭക്ഷണമാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
എന്നിരുന്നാലും 28 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ 21 സംസ്ഥാനങ്ങളിലും അനീമിയ ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ആസാം, ചത്തീസ്ഗണ്ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ 15 ശതമാനത്തിന്റെ വര്‍ധനവുണ്ടായപ്പോള്‍ പഞ്ചാബ്, കര്‍ണാടക, തെലങ്കാന, ബിഹാര്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ 5 ശതമാനത്തിന് താഴെ വരുന്ന വര്‍ധനവാണുണ്ടായത്.
അതേസമയം പഠനകാലയളവില്‍ കേരളത്തിലും ഉത്തരാഖഢിലും അനീമിയ ബാധിച്ചവരുടെ എണ്ണത്തില്‍ കുറവാണുണ്ടായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി കുട്ടികളിലും സ്ത്രീകളിലുമുള്ള അനീമിയ പരിഹരിക്കാന്‍ ശ്രമിച്ച് കൊണ്ടുള്ള നിരവധി പരിപാടികള്‍ നടപ്പാക്കിയെങ്കിലും അനീമിയ ബാധിതരുടെ എണ്ണത്തില്‍ വര്‍ധനയാണുണ്ടായതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.