അന്തരീക്ഷ മലിനീകരണം പാര്‍ക്കിന്‍സണ്‍സ് രോഗാവസ്ഥയിലേക്ക് നയിക്കുന്നു: പഠനം
അന്തരീക്ഷ മലിനീകരണം പാര്‍ക്കിന്‍സണ്‍സ് രോഗ സാധ്യത കൂട്ടുന്നതായി പഠനം. അന്തരീക്ഷ മലിനീകരണം കുറഞ്ഞ പ്രദേശങ്ങളേക്കാള്‍ കൂടിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പാര്‍ക്കിന്‍സണ്‍സ് രോഗം വരാനുള്ള സാധ്യത 56 ശതമാനമാണെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജിയുടെ മെഡിക്കല്‍ ജേര്‍ണലായ ന്യൂറോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം സൂചിപ്പിക്കുന്നു.
പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ ദേശീയവും ഭൂമിശാസ്ത്രപരവുമായ രീതികള്‍ പരിശോധിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. കൂടാതെ പ്രദേശങ്ങളിലെ സൂക്ഷ്മ കണികകളെ കുറിച്ചും പരിശോധന നടത്തിയിട്ടുണ്ട്.
പാര്‍ക്കിന്‍സണ്‍സ് രോഗാവസ്ഥയിലേക്ക് നയിക്കുന്ന തലച്ചോറിന്റെ വീക്കത്തിന് സൂക്ഷ്മ കണികകള്‍ കാരണമാകുന്നുവെന്ന് നേരത്തെയുള്ള പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ബേറോ ന്യൂറോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബ്രിട്ടാനി ക്രിസനോവ്‌സ്‌കി പറയുന്നു.
അത്യാധുനിക ജിയോസ്‌പേഷ്യല്‍ അനലിറ്റിക്കല്‍ ടെക്‌നിക്ക് ഉപയോഗിച്ചാണ് പഠനം നടത്തിയിരിക്കുന്നത്. ഈ പഠനത്തിലൂടെ സൂക്ഷ്മ കണികകളും പാര്‍ക്കിന്‍സണ്‍സ് രോഗവും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്താന്‍ സാധിച്ചതായും ബ്രിട്ടാനി പറഞ്ഞു.
പ്രദേശങ്ങള്‍ക്കനുസരിച്ച് പാര്‍ക്കിന്‍സണ്‍സ് രോഗ സാധ്യതയിലും വ്യത്യാസം വരുന്നു. ചില പ്രദേശങ്ങളിലെ അന്തരീക്ഷത്തില്‍ വിഷലിപ്തമായ കണികകളും കാണപ്പെടുന്നു. ഉദാഹരണമായി അമേരിക്കയിലെ മിസിസിപ്പി, ഒഹിയോ നദീതടം, സെന്‍ട്രല്‍ നോര്‍ത്ത് ഡകോട്ട, ടെക്‌സാസിന്റെ ഭാഗങ്ങള്‍, കെന്‍സസ്, കിഴക്കന്‍ മിഷിഗണ്‍, ഫ്‌ളോറിഡ തുടങ്ങിയ ഭാഗങ്ങളില്‍ പാര്‍ക്കിന്‍സണ്‍സ് കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ജനസംഖ്യാടിസ്ഥാനത്തിലുള്ള ഭൂമിശാസ്ത്ര പഠനത്തിലൂടെ മെഡികേയര്‍ ഡാറ്റാസെറ്റിലെ ഏകദേശം 22 ദശലക്ഷത്തോളം വരുന്ന ആളുകളില്‍ 90,000പേര്‍ക്ക് പാര്‍ക്കിന്‍സണ്‍സ് രോഗബാധയുണ്ടെന്ന് കണ്ടെത്തി. പാര്‍ക്കിന്‍സണ്‍സ് രോഗമുള്ളവരുടെ പ്രദേശം ഗവേഷകര്‍ തിരിച്ചറിയുകയും ഓരോ പ്രദേശത്തെയും പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ നിരക്ക് കണക്കാക്കുകയുമായിരുന്നു.
ഇത്തരത്തില്‍ ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള ഭൂമിശാസ്ത്ര പഠനങ്ങള്‍ക്ക് പാര്‍ക്കിന്‍സണ്‍സ് രോഗകാരണത്തിലും പുരോഗതിയിലും അന്തരീക്ഷത്തിലെ മലിനീകരണപങ്ക് മനസിലാക്കാന്‍ സാധിക്കും. മറ്റ് ന്യൂറോളജിക്കല്‍ രോഗങ്ങള്‍ക്കും ഈ പഠനം പ്രയോഗിക്കാമെന്നും ബ്രിട്ടാനി അഭിപ്രായപ്പെടുന്നു. അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ച് പാര്‍ക്കിന്‍സണ്‍സ് രോഗം കുറയ്ക്കാന്‍ ഈ പഠനം സഹായിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
തലച്ചോറിലെ സബ്സ്റ്റന്‍ഷ്യ നിഗ്ര എന്ന ഭാഗത്തെ നാഡീകോശങ്ങളുടെ അപചയം മൂലം അതുല്‍പാദിപ്പിക്കുന്ന ഡോപ്പമിന്‍ എന്ന രാസപദാര്‍ഥത്തില്‍ കുറവു വരുന്നതുകാരണം ഉണ്ടാകുന്ന അസുഖമാണ് പാര്‍ക്കിന്‍സണ്‍സ്. ആധുനിക വൈദ്യശാസ്ത്രത്തിന് ഈ രോഗത്തിന്റെ മൂലകാരണം എന്താണെന്ന് ഇന്നേ വരെ വ്യക്തമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും പാരിസ്ഥിതികവും ജനിതകവുമായി ഘടകങ്ങള്‍ രോഗകാരണമാകുന്നതായാണ് അനുമാനം.
ജനിതകമായി ഈ രോഗം വരാന്‍ സാധ്യതയുള്ളവരില്‍ പരിസ്ഥിതി മലിനീകരണമോ ചില കീടനാശിനികളുടെ ഉപയോഗമോ മൂലം ഈ രോഗം വരാന്‍ സാധ്യതയുണ്ട്.