'ചരിത്ര നിമിഷം'; അല്‍ഷൈമേഴ്‌സ് മരുന്നിന്റെ പരീക്ഷണം വിജയം

'ചരിത്ര നിമിഷം'; അല്‍ഷൈമേഴ്‌സ് മരുന്നിന്റെ പരീക്ഷണം വിജയം

ഈസായി, ബയോജന്‍ എന്നീ രണ്ട് ശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് മറവി രോഗത്തിന്റെ ചികിത്സയില്‍ നാഴികകല്ലായി മാറാന്‍ പോകുന്ന മരുന്ന് കണ്ടുപിടിച്ചത്
Updated on
2 min read

ഓര്‍മകള്‍ക്ക് മരണം സംഭവിക്കുമെന്നതിനാല്‍ ഓരോ മനുഷ്യനും ഭീതിയോടെ കാണുന്ന രോഗമാണ് അല്‍ഷൈമേഴ്‌സ്. എന്നാല്‍ അല്‍ഷിമേഴ്‌സ് മരുന്നിന്റെ പരീക്ഷണം വിജയകരമായതോടെ മറവി രോഗത്തിന്റെ ചികിത്സയ്ക്ക് ഇത് ചരിത്രനിമിഷം. അല്‍ഷൈമേഴ്‌സ് രോഗത്തിന്റെ തുടക്കം കണ്ടെത്തിയവരില്‍ പരീക്ഷണാത്മകമായ പുതിയ മരുന്ന് ഓര്‍മശക്തിയും ചിന്തയും കുറയുന്നതിന്റെ വേഗത കുറച്ചു. ഈസായി, ബയോജന്‍ എന്നീ രണ്ട് ശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് മറവി രോഗത്തിന്റെ ചികിത്സയില്‍ നാഴികകല്ലായി മാറാന്‍ പോകുന്ന മരുന്നിന്റെ കണ്ടുപിടുത്തം നടത്തിയത്.

18 മാസത്തെ പഠനത്തിനൊടുവില്‍ പ്ലാസിബോ ( രോഗത്തിന് ശരിയായ ചികിത്സാരീതി നിലവിലില്ലാത്ത സാഹചര്യത്തില്‍ ചികിത്സയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സമ്പ്രദായങ്ങള്‍ ചെയ്ത് രോഗിയെ 'കബളിപ്പി'ക്കുന്നതിനെയാണ് പ്ലാസിബോ എന്ന് പറയുന്നത്. ചില സാഹചര്യങ്ങളിലെങ്കിലും ഇത്തരം ചികിത്സയിലൂടെ രോഗം ഭേദമായതായി അനുഭവപ്പെടുകയോ, യഥാര്‍ത്ഥത്തിലുള്ള രോഗസൗഖ്യം ലഭിക്കുകയോ ചെയ്യുന്നതായി പറയുന്നു) ചികിത്സയിലുള്ളവരേക്കാള്‍ 27% കൂടുതല്‍ രോഗം ഭേദമായത് ഈസായിയും ബയോജനും ചേര്‍ന്ന് വികസിപ്പിച്ച മരുന്ന് ഉപയോഗിച്ച രോഗികളിലാണ്. ഇത് ക്ലിനിക്കല്‍ ഫലത്തിലെ ഒരു ചെറിയ മാറ്റമാണെങ്കിലും ആദ്യമായാണ് ഏതെങ്കിലും മരുന്ന് രോഗത്തിൽ മാറ്റം വരുത്തുന്നത് എന്നത് മറവി രോഗത്തിന്റെ ചികിത്സയില്‍ വലിയ നേട്ടമായാണ് ഡോക്ടർമാർ കണക്കാക്കുന്നത്.

പരീക്ഷണാത്മക മരുന്നിന്റെ ആദ്യഘട്ടത്തിലെ മൂന്ന് പരീക്ഷണങ്ങൾ വിജയകരമായി പൂര്‍ത്തിയായതായി അല്‍ഷിമേഴ്സ് റിസര്‍ച്ച് യുകെയിലെ ഗവേഷണ ഡയറക്ടര്‍ ഡോ. സൂസന്‍ കോല്‍ഹാസ് പറഞ്ഞു. വാര്‍ദ്ധക്യത്തിന്റെ അനിവാര്യമായ ഭാഗമാണ് അല്‍ഷൈമേഴ്‌സ് എന്ന് പലരും കരുതുന്നുണ്ട് എന്നാല്‍ നേരത്തെ ചികിത്സ തേടുകയാണെങ്കില്‍ രോഗത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അല്‍ഷൈമേഴ്‌സ് രോഗത്തിന്റെ തുടക്കം കണ്ടെത്തിയ 18000 രോഗികള്‍ക്ക് ഗവേഷണത്തിന്റെ ഭാഗമായി ആഴ്ചയില്‍ രണ്ട് തവണ ലെകനെമാബ് എന്ന മരുന്ന് നല്‍കി. ഇത് തലച്ചോറില്‍ വളരുന്ന പ്രോട്ടീന്‍ ക്ലസ്റ്ററുകളുടെ വളര്‍ച്ചയെ ചെറുക്കുകയും രോഗികളുടെ ഓര്‍മശക്തി കുറയ്ക്കുകയും ദൈനംദിന ജോലികള്‍ ചെയ്യാനുള്ള കഴിവ് മന്ദഗതിയിലാക്കുകയും ചെയ്യുന്നതായി കണ്ടെത്തി. അഞ്ചിലൊന്ന് രോഗികള്‍ക്ക് മസ്തിഷ്‌ക വീക്കമോ മസ്തിഷ്‌ക രക്തസ്രാവമോ ഉള്‍പ്പെടെ പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെട്ടു, അവരില്‍ 3% രോഗികളും പാര്‍ശ്വഫലങ്ങള്‍ അനുഭവിക്കുന്നുണ്ട്.

മുന്‍പുണ്ടായിരുന്ന മരുന്ന് തലച്ചോറിലെ അമിലോയിഡിന്റെ അളവ് വിജയകരമായി കുറയ്ക്കുന്നതായി കാണിച്ചിരുന്നുവെങ്കിലും ക്ലിനിക്കല്‍ ഫലങ്ങളില്‍ യാതൊരു പുരോഗതിയുമില്ലാത്തതിനാല്‍ ഗവേഷണം തെറ്റായ പാതയിലായിരുന്നോ എന്ന് ചില ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇസായിയും ബയോജനും ഈ വര്‍ഷാവസാനത്തോടെ യുഎസിലും യൂറോപ്പിലും റെഗുലേറ്ററി അംഗീകാരത്തിനായി അപേക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അംഗീകാരം ലഭിച്ചാല്‍ രണ്ടാഴ്ച കൂടുമ്പോള്‍ നല്‍കുന്നതിനാവശ്യമായ മരുന്നിന് ഫണ്ട് നല്‍കണോ വേണ്ടയോ എന്നതും ഇതിന് അര്‍ഹതപ്പെട്ട രോഗികള്‍ ആരൊക്കയെന്ന കാര്യത്തിലും തീരുമാനം എടുക്കുന്നത് ആരോഗ്യ പരിരക്ഷാ ദാതാക്കള്‍ക്ക് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. അല്‍ഷൈമേഴ്സിന്റെ പുരോഗതി വിലയിരുത്താന്‍ ഉപയോഗിക്കുന്ന 14-പോയിന്റ് സ്‌കെയിലില്‍, മരുന്ന് കഴിക്കുന്ന രോഗികള്‍ പ്ലാസിബോ ചികിത്സയിലേതിനേക്കാള്‍ 0.45 കൂടുതല്‍ സ്‌കോര്‍ ചെയ്തതായി കണ്ടു. പുതിയ മരുന്ന് കഴിക്കുന്നതിലൂടെ അല്‍ഷിമേഴ്സ് രോഗത്തില്‍ പ്രതിവര്‍ഷം 1 പോയിന്റ് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യത്തെ 18 മാസത്തിനപ്പുറം മരുന്ന് ഉപയോഗിക്കുന്ന രോഗികള്‍ മെച്ചപ്പെട്ട പാത നിലനിര്‍ത്തുന്നുണ്ടോ എന്നതിനെ ആശ്രയിച്ചായിരിക്കും മൊത്തത്തിലുള്ള നേട്ടങ്ങളുടെ വിലയിരുത്തല്‍.

അല്‍ഷൈമേഴ്‌സിന്റെ പ്രാരഭഘട്ടം തിരിച്ചറിഞ്ഞ രോഗികളില്‍ മാത്രമാണോ പുതിയ മരുന്ന് ഫലപ്രദമാകുക എന്ന ചോദ്യമുയരുന്നുണ്ട്. അതിനാല്‍ ഇതുവരെ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ലാത്തവരെയും പരീക്ഷണത്തില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. യുകെയില്‍ മറവി രോഗം ബാധിച്ച് 10 ലക്ഷം ആളുകളില്‍ ഫലപ്രദമായ അല്‍ഷിമേഴ്‌സ് രോഗ ചികിത്സയുടെ സാധ്യത എത്തിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കും. അല്‍ഷൈമേഴ്‌സ് റിസര്‍ച്ച് യുകെയുടെ അഭിപ്രായത്തില്‍, മൂന്നിലൊന്ന് സൈക്യാട്രി സേവനങ്ങള്‍ മാത്രമേ ഒരു വര്‍ഷത്തിനുള്ളില്‍ ഒരു പുതിയ ചികിത്സ നല്‍കാന്‍ തയ്യാറാകൂ. യുകെയില്‍ ഏറ്റവും പുതിയ പരീക്ഷണത്തില്‍ പങ്കെടുത്തവരേക്കാള്‍ വളരെ വൈകിയുള്ള ഘട്ടത്തിലാണ് പല രോഗികളും രോഗനിര്‍ണയം നടത്തുന്നത്.

പൂതിയ മരുന്നിന് ലൈസന്‍സ് ലഭിക്കുകയും ഇത് നൈസ് [നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ എക്‌സലന്‍സ്] വഴി ലഭ്യമാകുകയും ചെയ്താല്‍ മരുന്നിനുള്ള ആവശ്യകത വര്‍ധിക്കും. ഇത് വലിയ അളവില്‍ എത്തിക്കാന്‍ ഇപ്പോള്‍ കഴിയില്ലെന്നും എന്നാല്‍ ഇത് പരിഹരിക്കാന്‍ ശ്രമിക്കുമെന്നും അല്‍ഷൈമേഴ്‌സ് റിസര്‍ച്ച് യുകെയുടെ ചീഫ് മെഡിക്കല്‍ ഓഫീസറും യുസിഎല്ലിലെ ലെ ന്യൂറോളജി പ്രൊഫസറുമായ പ്രൊഫ.ജോണ്‍ ഷോട്ട് വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in