സംസ്ഥാനത്തെ എല്ലാ ആരോഗ്യ ഉപകേന്ദ്രങ്ങളേയും ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും
നവകേരളം കര്‍മ പദ്ധതി 2 ആര്‍ദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആരോഗ്യ ഉപകേന്ദ്രങ്ങളേയും (സബ് സെന്ററുകള്‍) ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി മാറ്റാന്‍ പദ്ധതിയിട്ട് ആരോഗ്യ വകുപ്പ്. ആരോഗ്യ ഉപകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് പ്രദേശത്തെ ജനപങ്കാളിത്തത്തോടെ എല്ലാവര്‍ക്കും ആരോഗ്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
ജീവിത ശൈലി രോഗങ്ങളും പകര്‍ച്ച വ്യാധികളും വര്‍ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്താണ് പൗര പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. പൊതുജനപങ്കാളിത്തം ഉറപ്പാക്കികൊണ്ടാണ് എല്ലാ സബ് സെന്ററുകളേയും ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് വ്യക്തമാക്കി.
ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍
പ്രദേശത്തെ ആരോഗ്യ കേന്ദ്രങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി ജനസൗഹൃദ സ്ഥാപനങ്ങളായി മാറ്റിയെടുക്കുക
പ്രദേശത്തെ എല്ലാ ജനങ്ങളുടേയും വാര്‍ഷിക ആരോഗ്യ പരിശോധന നടത്തുക
വാര്‍ഷിക ആരോഗ്യ പരിശോധനയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജനങ്ങളുടെ ആരോഗ്യം വിലയിരുത്തുകയും ആവശ്യമെങ്കില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജനങ്ങള്‍ക്ക് ക്യാമ്പയിനും നല്‍കുക
കുടുംബക്ഷേമ പദ്ധതികള്‍, ഗര്‍ഭകാല പരിചരണം, മാതൃ-ശിശു ആരോഗ്യം എന്നിവയില്‍ ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുക
എല്ലാ വിഭാഗം ജനങ്ങളുടേയും പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്ന വിഭാഗങ്ങളുടെയും (മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, ഗോത്രവിഭാഗക്കാര്‍, അതിദരിദ്രര്‍, തീരദേശവാസികള്‍ മുതലായവര്‍) ആരോഗ്യകരമായ ജീവിതം ഉറപ്പുവരുത്തുക.
പകര്‍ച്ചവ്യാധി, പകര്‍ച്ചേതര രോഗങ്ങള്‍, ജീവിതശൈലി രോഗങ്ങള്‍ എന്നിവയെ പ്രതിരോധിക്കുവാന്‍ വേണ്ടി ജനങ്ങളില്‍ ആരോഗ്യകരമായ ജീവിതരീതികള്‍ പ്രോത്സാഹിപ്പിക്കുവാന്‍ വേണ്ട ഇടപെടലുകള്‍ നടത്തുക.
പൊതുജന പങ്കാളിത്തത്തോടെ രോഗികളെ മാനസികവും സാമൂഹികവുമായി പുനരധിവസിപ്പിക്കുന്നതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക.
കിടപ്പിലായവര്‍ക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും വയോജനങ്ങള്‍ക്കും വേണ്ട ആരോഗ്യ സേവനങ്ങള്‍ ഉപകേന്ദ്രങ്ങള്‍ വഴി ഏകോപിപ്പിക്കുക.