അവശ്യ മരുന്നുകളുടെ പട്ടിക പുതുക്കി; കാന്‍സര്‍ മരുന്നുകളുടെ വില കുറയും

അവശ്യ മരുന്നുകളുടെ പട്ടിക പുതുക്കി; കാന്‍സര്‍ മരുന്നുകളുടെ വില കുറയും

പരിഷ്കരിച്ച പട്ടികയിൽ 384 മരുന്നുകള്‍
Updated on
1 min read

രാജ്യത്ത് കാന്‍സർ ചികിത്സാ മരുന്നുകളുടെ വില കുറയും. അവശ്യ മരുന്നുകളുടെ പരിഷ്കരിച്ച പട്ടിക കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. കാന്‍സറിനുള്ള നാല് മരുന്നുകള്‍ പുതുക്കിയ പട്ടികയിൽ ഉൾപ്പെടുത്തിയതായി കേന്ദ്ര ആരോ​ഗ്യ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ അറിയിച്ചു. പട്ടികയിൽ 384 മരുന്നുകളാണുള്ളത്. 26 മരുന്നുകളെ പട്ടികയിൽ നിന്നും നീക്കി.

പ്രമേഹത്തിനുളള ഇൻസുലിൻ ഗ്ലാർജിൻ, ക്ഷയരോഗത്തിനുളള ഡെലാമനിഡ് അടക്കം പട്ടികയിൽ ഉൾപ്പെടുന്നു. അവശ്യ മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെട്ട മരുന്നുകൾ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി (NPPA) നിശ്ചയിച്ചിട്ടുള്ള വില പരിധിക്ക് താഴെയാണ് വിൽക്കുന്നത്. പട്ടികയിൽപ്പെടാത്ത മരുന്നുകൾക്ക് എല്ലാ വർഷവും 10 ശതമാനം വരെ കമ്പനികൾക്ക് വില വർധിപ്പിക്കാം.

മൂന്ന് വര്‍ഷത്തിലൊരിക്കലാണ് കേന്ദ്രം അവശ്യ മരുന്നുകളുടെ പട്ടിക പരിഷ്‌കരിക്കുന്നത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മരുന്നുകളുടെ പട്ടിക പരിഷ്കരിക്കുന്നത് വൈകിയിരുന്നു‌. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഡയറക്ടർ ജനറൽ ബൽറാം ഭാർഗവയുടെ നേതൃത്വത്തിലുള്ള എൻഎൽഇഎം കമ്മിറ്റിയാണ് അവശ്യ മരുന്നുകളുടെ പട്ടിക തയ്യാറാക്കിയത്. ഐസിഎംആർ കഴിഞ്ഞ വർഷം ആരോഗ്യ മന്ത്രാലയത്തിന് നൽകിയ കരടിന്റെ അടിസ്ഥാനത്തിലാണ് പട്ടിക പുതുക്കിയത്.

ആഭ്യന്തര വിപണിയിലെ 18 ശതമാനം വരെ മരുന്നുകള്‍‌ അവശ്യ മരുന്നുകളുടെ പട്ടികയിൽ ഉള്‍പ്പെടും. വിപണിയിൽ ഒരു ശതമാനമെങ്കിലും വിഹിതമുള്ള മരുന്നുകൾക്കാണ് ഇത്തരത്തിൽ വില നിശ്ചയിക്കുന്നത്. പട്ടികയിലുള്‍പ്പെട്ട വില പരിധി ലംഘിക്കുന്ന കമ്പനികൾക്ക് പിഴ ചുമത്തും.

logo
The Fourth
www.thefourthnews.in