അഞ്ചാം പനി അപകടകരം; ഒരാളില്‍നിന്ന് 18 പേര്‍ക്ക് രോഗം പകരാം: ലോകാരോഗ്യ സംഘടന

അഞ്ചാം പനി അപകടകരം; ഒരാളില്‍നിന്ന് 18 പേര്‍ക്ക് രോഗം പകരാം: ലോകാരോഗ്യ സംഘടന

2021ൽ ലോകമെമ്പാടും അഞ്ചാംപനി ബാധിച്ച് 90 ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്
Updated on
1 min read

അഞ്ചാംപനി ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ അപകടത്തിലാക്കുന്നതായി ലോകാരോ​ഗ്യ സംഘടന. ഒരു കേസ് 12 മുതൽ 18 വരെ അണുബാധകളിലേക്ക് നയിച്ചേക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. കഴിഞ്ഞ വർഷം രൂക്ഷമായ വൈറസ് വ്യാപനത്തിന് സമാനമായ സ്ഥിതിയാണ് ഈ വര്‍ഷമെന്നും യുഎൻ ആരോഗ്യ ഏജൻസി ചൂണ്ടിക്കാട്ടി.

2021ൽ ലോകമെമ്പാടും അഞ്ചാംപനി ബാധിച്ച് 90 ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. 128,000 മരണങ്ങളാണ് ആ വർഷം റിപ്പോർട്ട് ചെയ്തതെന്ന് ലോകാരോഗ്യ സംഘടന അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഇരുപത്തിരണ്ട് രാജ്യങ്ങളിലായി വലിയ തോതിലുളള പ്രശ്നങ്ങളാണ് ഉണ്ടായത്. വാക്‌സിനേഷന്റെ അഭാവവമാണ് പ്രധാനമായും രോ​ഗ വ്യാപനം കൂടാനിടയായതെന്ന് യുഎൻ ആരോഗ്യ ഏജൻസി കണ്ടെത്തി.

2021ൽ ഏകദേശം 40 ദശലക്ഷം കുട്ടികൾക്കാണ് അഞ്ചാംപനി വാക്‌സിൻ ഡോസ് നഷ്‌ടമായത്. കോവിഡിനെതിരായ വാക്സിനുകൾ റെക്കോർഡ് സമയത്ത് വികസിപ്പിച്ചെടുക്കുകയും ചരിത്രത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ കാമ്പെയ്‌നിൽ വിന്യസിക്കുകയും ചെയ്തപ്പോൾ, പതിവ് പ്രതിരോധ കുത്തിവെപ്പ് പരിപാടികളുടെ താളം തെറ്റിയിരുന്നു.

ദശലക്ഷക്കണക്കിന് കുട്ടികൾക്ക് മാരക രോഗങ്ങൾക്കെതിരായ ജീവൻ രക്ഷാ കുത്തിവെപ്പുകള്‍ നഷ്‌ടമായി എന്നാണ് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞത്. പ്രതിരോധ കുത്തിവെപ്പ് പരിപാടികള്‍ തിരികെ കൊണ്ടുവന്നാൽ തടയാവുന്ന രോഗമാണ് അഞ്ചാം പനിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in