ദിവസേന ഒരു മുട്ട കഴിച്ചാല്‍ ആരോഗ്യം ഉറപ്പാക്കാം; കാരണങ്ങള്‍
പോഷകങ്ങളുടെ പവര്‍ ഹൗസ് എന്നാണ് മുട്ടയെ ഭക്ഷ്യശാസ്ത്രം വിശേഷിപ്പിക്കുന്നത്. മുട്ടകഴിച്ചാല്‍ ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. ഒരാള്‍ പ്രതിവര്‍ഷം 180 മുട്ടയെങ്കിലും കഴിച്ചിരിക്കണമെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) നിര്‍ദ്ദേശം. കുട്ടികള്‍ വര്‍ഷം 90 മുട്ടയെങ്കിലും കഴിക്കണമെന്നും ഐസിഎംആര്‍ നിര്‍ദേശിക്കുന്നു.
മുട്ടയിലെ ഘടകങ്ങള്‍
കോഴി മുട്ടയില്‍ ജലാംശം, മാംസ്യം, കൊഴുപ്പ്, അന്നജം, ധാതുലവണങ്ങള്‍ എന്നിവയുടെ അളവ് യഥാക്രമം 76.1, 12.6, 9.5, 0.7, 1.1 ശതമാനമാണ്. മുട്ടയുടെ മഞ്ഞക്കരുവും വെള്ളയും മാംസ്യത്തിന്റെ കലവറയാണ്. 50 മുതല്‍ 55 ഗ്രാം വരെ തൂക്കമുള്ള ഒരു കോഴിമുട്ടയില്‍ 6.3 ഗ്രാമോളം മാംസ്യം മാത്രമുണ്ട്. മനുഷ്യശരീരത്തിന് ആവശ്യമായ അമിനോഅമ്ലങ്ങള്‍ എല്ലാം അടങ്ങിയിട്ടുള്ള ഐഡിയല്‍ പ്രോട്ടീന്‍ സ്രോതസായാണ് മുട്ട അറിയപ്പെടുന്നത്. ആഹാരത്തില്‍ അടങ്ങിയ മാംസ്യമാത്രകള്‍ എത്രത്തോളം കാര്യക്ഷമമായി ശരീരകലകളായി പരിവര്‍ത്തനം ചെയ്യപ്പെടും എന്നതിന്റെ സൂചകമാണ് ജൈവീകമൂല്യം അല്ലെങ്കില്‍ ബയോളജിക്കല്‍ വാല്യൂ.
ബയോളജിക്കല്‍ വാല്യുവില്‍ മുട്ടയെ വെല്ലാന്‍ മറ്റൊരു മാംസ്യമാത്രയില്ലെന്നു തന്നെ പറയാം. പശുവിന്‍ പാലിന്റെ ജൈവികമൂല്യം 90 ആണങ്കില്‍ മുട്ടയിലേത് 94 ആണ്. മുലപ്പാലിന്റെ ജൈവികമൂല്യത്തോട് അടുത്തതാണിത്. മുട്ടയില്‍ നിന്ന് 550- ഓളം പ്രോട്ടീനുകള്‍ ഇതുവരെ വേര്‍ത്തിരിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ഇതില്‍ ഇരുപതോളം മാംസ്യമാത്രകളുടെ പ്രവര്‍ത്തനം മാത്രമേ ശാസ്ത്രത്തിന് തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളൂ. മുട്ടയ്ക്കുള്ളില്‍ മറഞ്ഞിരിക്കുന്നത് നമുക്ക് ഇനിയുമറിയാത്ത എത്രയോ പോഷക രഹസ്യങ്ങളായിരിക്കും.
ദിവസേന ഒരു മുട്ട കഴിക്കൂ, ഡോക്ടറെ അകറ്റി നിര്‍ത്തൂ
ജീവക സമൃദ്ധിയില്‍ മാത്രമല്ല, ധാതുസമൃദ്ധിയിലും മുട്ട ഒട്ടും പിന്നിലല്ല. ഫോസ്ഫറസ്, കാത്സ്യം, പൊട്ടാസ്യം, സോഡിയം എന്നിവയെല്ലാം നൂറ് ഗ്രാമില്‍ 142 മില്ലിഗ്രാം വരെ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. കോപ്പര്‍, ഇരുമ്പ്, മഗ്‌നീഷ്യം, മാംഗനീസ്, സെലീനീയം, സിങ്ക്, അയഡിന്‍ തുടങ്ങി മുട്ടയില്‍ അടങ്ങിയ മറ്റ് ധാതുമൂലകങ്ങളും ഏറെ. അയണിന്റെയും സിങ്കിന്റെയും സമൃദ്ധിയുള്ളതിനാല്‍ മുട്ടയുടെ മഞ്ഞക്കരു വിളര്‍ച്ച തടയാനുള്ള പ്രതിരോധ ഔഷധമാണ്. രക്തസമ്മര്‍ദ്ദം കുറയ്ക്കുക, (Anti-hypertensive activity), പ്രതിരോധ ഗുണം പ്രദാനം ചെയ്യുക (Immunomodulatory activities). അര്‍ബുദ കോശങ്ങള്‍ക്കും (Tumor-inhibitory activity), രോഗാണുക്കള്‍ക്കും എതിരെയുള്ള പ്രതിരോധം ( Antimicrobial activity), നിരോക്‌സീകരണ ഗുണം (Antioxidant) തുടങ്ങിയവയും മുട്ടയുടെ പ്രത്യേകതകളാണ്. മുട്ടയേക്കാള്‍ ചുരുങ്ങിയ ചെലവില്‍ ലഭ്യമാവുന്ന ഇത്രയും പോഷക സമ്യദ്ധമായ മറ്റൊരു ആഹാര സ്രോതസില്ലെന്നു തന്നെ പറയാം. 'ദിവസേന ഒരു ആപ്പിള്‍ കഴിക്കൂ, ഡോക്ടറെ അകറ്റി നിര്‍ത്തൂ'- An apple a day keeps the doctor away എന്ന ഇംഗ്ലീഷ് പഴമൊഴി 'ദിവസേന ഒരു മുട്ട കഴിക്കൂ ഡോക്ടറെ അകറ്റി നിര്‍ത്തൂ'-A n egg a day keeps the doctor away എന്നാക്കി മാറ്റണമെന്ന ഇന്റര്‍നാഷണല്‍ എഗ് കമ്മീഷന്റെ കൗതുകകരമായ നിരീക്ഷണം ഈ അവസരത്തില്‍ ഏറെ ശ്രദ്ധേയമാണ്.
മുട്ടയുത്പാദനത്തില്‍ ഇന്ത്യന്‍ മുന്നേറ്റം
മുട്ടയുത്പാദനത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ന്മൂന്നാമതാണ് ഇന്ത്യ.1950- 51 കാലഘട്ടത്തില്‍1.83 ബില്യണായിരുന്നവാര്‍ഷിക മുട്ടയുത്പാദനം 2022- 23 -ല്‍
138.38 ബില്യണിലെത്തി.പ്രതിശീര്‍ഷ മുട്ട ലഭ്യത പ്രതിവര്‍ഷം 5 - ല്‍ നിന്ന് 101 ആയി.മുട്ട ഉത്പാദനം കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി 8-10 ശതമാനം എന്ന തോതില്‍ വര്‍ധിക്കുന്നുമുണ്ട്. തമിഴ്‌നാട്, തെലുങ്കാന, ആന്ധ്രാപ്രദേശ്, ഹരിയാന, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളാണ് രാജ്യത്തെ മുട്ടയുത്പാദനത്തില്‍ ഭൂരിഭാഗവും സംഭാവന ചെയ്യുന്നത്.
കോവിഡ് കാലത്ത് രാജ്യത്തെ കാര്‍ഷികോത്പാദന, വിപണന മേഖലയില്‍ പൊതുവെ ഇടിവുണ്ടായപ്പോഴും മുട്ടയുത്പാദനത്തില്‍ തടസമുണ്ടായില്ല. കോവിഡിനെ തുടര്‍ന്ന് ആരോഗ്യവും പ്രതിരോധശേഷിയും വര്‍ധിപ്പിക്കാന്‍ മുട്ട കഴിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു. ഇതോടെ മുട്ടയ്ക്ക് ആവശ്യക്കാര്‍ കൂടി. ഇത് രാജ്യത്തെ മുട്ടയുത്പാദനമേഖലയില്‍ വളര്‍ച്ചയുണ്ടാക്കിയതായും വിദഗ്ധര്‍ പറയുന്നു.