വിറ്റാമിന്‍ ബി3 കൂടുന്നത് ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കും; അറിഞ്ഞിരിക്കാം അപകടസാധ്യതകള്‍

വിറ്റാമിന്‍ ബി3 കൂടുന്നത് ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കും; അറിഞ്ഞിരിക്കാം അപകടസാധ്യതകള്‍

ബി3 ശരീരത്തില്‍ വര്‍ധിക്കുമ്പോള്‍ ഹൃദയത്തിലേക്കുള്ള രക്തധമനികളില്‍ നീര്‍ക്കെട്ട് ഉണ്ടാക്കുകയും ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകുകയും ചെയ്യും
Updated on
1 min read

ശരീരത്തില്‍ വിറ്റാമിന്‍ ബി3 അഥവാ നിയാസിന്‌റെ അളവ് കൂടുന്നത് ഹൃദ്രോഗത്തിനു കാരണമാകുമെന്ന് പുതിയ പഠനം. ബി3 ശരീരത്തില്‍ വര്‍ധിക്കുമ്പോള്‍ ഹൃദയത്തിലേക്കുള്ള രക്തധമനികളില്‍ നീര്‍ക്കെട്ട് ഉണ്ടാക്കുകയും ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകുകയും ചെയ്യുമെന്ന് നേച്ചര്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 11,000 പേരെയാണ് പഠനത്തിനായി ഗവേഷകര്‍ നിരീക്ഷണ വിധേയമാക്കിയത്. നിയാസിന്‌റെ അളവ് കൂടുമ്പോള്‍ ശരീരം ഉല്‍പ്പാദിപ്പിക്കുന്ന 2PY, 4PY എന്നീ തന്‍മാത്രകളെ ഗവേഷകര്‍ തിരിച്ചറിഞ്ഞു.

2PY, 4PY എന്നീ തന്‍മാത്രകളുടെ സ്വാധീനം മനസിലാക്കാന്‍ അമേരരിക്കയിലെയും യൂറോപ്പിലെയും ഓരോ ഗ്രൂപ്പുകളില്‍ക്കൂടി ഗവേഷകര്‍ പഠനം നടത്തിയിരുന്നു. ഈ തന്‍മാത്രകള്‍ കാര്‍ഡിയാക് രോഗങ്ങളുടെ അപകടസാധ്യത കൂട്ടുന്നതായി പഠനത്തില്‍ കണ്ടെത്തി. ഈ തന്‍മാത്രകളുടെ അളവ് 25 ശതമാനത്തില്‍ അധികം ഉള്ളവരില്‍ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ കാര്‍ഡിയാക് രോഗത്തിനുള്ള സാധ്യത 1.6 മുതല്‍ രണ്ട് മടങ്ങുവരെ അധികമാണെന്ന് പഠനം സൂചിപ്പിക്കുന്നു.

ശരീരത്തിന്‌റെ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വെള്ളത്തില്‍ ലയിക്കുന്ന ബി കോംപ്ലക്‌സ് വിറ്റാമിനാണ് ബി 3 അഥവാ നിയാസിന്‍. നിക്കോട്ടിനിക് ആസിഡ്, നിക്കോട്ടിനാമൈഡ് എന്നീ രണ്ട് രൂപത്തിലാണ് ഇവയുള്ളത്. സെല്ലുലാര്‍ മെറ്റബോളിസം, എനര്‍ജി പ്രൊഡക്ഷന്‍, ഡിഎന്‍എ നിര്‍മാണം തുടങ്ങിയവയ്ക്ക് ഇവ പ്രധാനമാണ്.

വിറ്റാമിന്‍ ബി3 കൂടുന്നത് ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കും; അറിഞ്ഞിരിക്കാം അപകടസാധ്യതകള്‍
'റെസ്ഡിഫ്ര'; നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ പ്രതിരോധത്തിനുള്ള ആദ്യ മരുന്ന്, എഫ്ഡിഎ അംഗീകാരം

ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡില്‍നിന്ന് ശരീരം നിയാസിന്‍ സമന്വയിപ്പിക്കുന്നുമുണ്ട്. എന്നാല്‍ ഇതുകൊണ്ടുമാത്രം ശരീരത്തിനാവശ്യമായ നിയാസിന്‍ ലഭിക്കില്ല. മാംസം, മുട്ട, മത്സ്യം, ന്ടസ്, സീഡ്‌സ്, ഫോര്‍ട്ടിഫൈ ചെയ്ത ധാന്യങ്ങള്‍ എന്നിവയില്‍ നിയാസിന്‍ കൂടുതലായി കാണപ്പെടുന്നു.

വിറ്റാമിന്‍ ബി3യുടെ അളവ് കുറയുന്നതു പെല്ലഗ്ര എന്ന രോഗത്തിനു കാരണമാകും. ഡെര്‍മറ്റൈറ്റിസ്, വയറിളക്കം, ഡിമെന്‍ഷ്യ എന്നിവയ്ക്കും ചിലപ്പോള്‍ മരണത്തിനുംവരെ ഇത് കാരണമാകാം. ആവശ്യത്തിന് വിറ്റാമിന്‍ ബി3 ലഭിക്കാത്തവരില്‍ പെല്ലാഗ്ര സാധാരണയായി കാണപ്പെടുന്നുണ്ട്.

ഹൈപ്പര്‍ലിപ്പിഡീമിയ ചികിത്സയ്ക്കായി നിയാസിന്‍ സപ്ലിമെന്‌റുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ അളവ് കുറയ്ക്കാനും എച്ച്ഡിഎല്‍ അളവ് കൂട്ടാനും സഹായിക്കും. നിയാസിന്‍ അളവ് കൂടിയ ഗുളികകള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള ആദ്യത്തെ മരുന്നുകളിലൊന്നാണ്. നിയാസിന്‌റെ അളവ് കൂടുന്നത് ചൊറിച്ചില്‍, കരളില്‍ വിഷബാധ എന്നീ പാര്‍ശ്വഫലങ്ങളും സൃഷ്ടിക്കുന്നുണ്ട്.

നിയാസിന്‍ ഹൃദ്രോഗങ്ങള്‍ക്കുള്ള പുതിയ ഒരു അപകടഘടകമാണെന്ന് പഠനം വിലയിരുത്തുന്നു.

logo
The Fourth
www.thefourthnews.in