കോവിഡ് അണുബാധ കണ്ടെത്താന്‍ ഇനി നായ്ക്കളും; ആർടി-പിസിആർ പരിശോധനയേക്കാള്‍ ഫലപ്രദമെന്ന് പഠനം
പരിശീലനം ലഭിച്ച നായ്ക്കള്‍ക്ക് കോവിഡ് അണുബാധ കണ്ടെത്താനുള്ള കഴിവുണ്ടെന്ന് പഠനങ്ങള്‍. ആർടി-പിസിആർ പരിശോധനകളേക്കാള്‍ കൃത്യമായും കാര്യക്ഷമമായും കോവിഡ് അണുബാധ കണ്ടെത്താന്‍ പരിശീലനം ലഭിച്ച നായ്ക്കള്‍ക്ക് കഴിയുമെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. ജേണൽ ഓഫ് ഓസ്റ്റിയോപതിക് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, നായ്ക്കൾക്ക് സാർസ്-കോവ്-2 വൈറസ് വേഗത്തിൽ കണ്ടെത്താൻ കഴിയും. ഇത് വേഗത്തിലുള്ള ഫലം നൽകുന്നതിന് പുറമെ, ഡയഗ്നോസ്റ്റിക് ചെലവുകൾ ഗണ്യമായി കുറയ്ക്കുമെന്നും ഗവേഷകർ വ്യക്തമാക്കി. രോഗികളില്‍ നിന്ന് ശേഖരിച്ച 31000 സാമ്പിളുകളിലായി കഴിഞ്ഞ രണ്ട് വർഷമായി നടക്കുന്ന പഠനങ്ങളിൽ വൈറസിനെയും അതിന്റെ വകഭേദങ്ങളെയും കണ്ടെത്തുന്നതിലുള്ള നായ്ക്കളുടെ കഴിവ് എടുത്തുകാട്ടുന്നു.
ജലദോഷം, പനി പോലെയുള്ള മറ്റ് ശ്വാസകോശ വൈറസുകളുടെ സാന്നിധ്യത്തിലും നായ്ക്കൾക്ക് കോവിഡിനെയും അതിന്റെ വകഭേദങ്ങളെയും വേർതിരിച്ചറിയാൻ കഴിയു
മനുഷ്യരുമായി താരതമ്യപ്പെടുത്തുമ്പോൾ നായ്ക്കൾക്ക് ദശലക്ഷക്കണക്കിന് ഘ്രാണ റിസപ്റ്ററുകൾ ഉണ്ട്. കൂടാതെ അവരുടെ തലച്ചോറിന്റെ മൂന്നിലൊന്ന് ഗന്ധങ്ങൾ തിരിച്ചറിയാനായി രൂപകല്പന ചെയ്തിരിക്കുന്നു. കോവിഡ് അണുബാധയുടെ വളരെ കുറഞ്ഞ സാന്ദ്രതയുള്ള ദുർഗന്ധം പോലും നായ്ക്കൾക്ക് കണ്ടെത്താൻ കഴിയും.
30 രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രഞ്ജർ നടത്തിയ 29 ല്‍ പരം പഠനങ്ങളില്‍ നിന്നാണ് കണ്ടെത്തലെന്ന് യുഎസിലെ കാലിഫോർണിയ സർവകലാശാലയിലെ (യുസി) സാന്താ ബാർബറയിലെ വിശിഷ്ട പ്രൊഫസർ ടോമി ഡിക്കി പറഞ്ഞു. ഇത് മറ്റ് പരിശോധനകള്‍ക്കായി ഉപയോഗിക്കാവുന്ന ഒറ്റത്തവണമാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനൊപ്പം വരുന്ന പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിന് സഹായിക്കും. സാധാരണ പരിശോധനകൾക്ക് കണ്ടെത്താൻ കഴിയാത്ത, അധികം രോഗലക്ഷണങ്ങൾ പ്രകടമാകാത്ത രോഗികളിൽ പോലും നായ്ക്കൾക്ക് കോവിഡ് കണ്ടെത്താൻ കഴിഞ്ഞതായി ഗവേഷകർ കണ്ടെത്തി. ജലദോഷം, പനി പോലെയുള്ള മറ്റ് ശ്വാസകോശ വൈറസുകളുടെ സാന്നിധ്യത്തിലും നായ്ക്കൾക്ക് കോവിഡിനെയും അതിന്റെ വകഭേദങ്ങളെയും വേർതിരിച്ചറിയാൻ കഴിയുമെന്നും അവർ പറഞ്ഞു.
ബീഗിൾസ്, ബാസെറ്റ് ഹൗണ്ട്സ്, കൂൻഹൗണ്ട്സ് തുടങ്ങിയ നായ്ക്കൾ ഈ ദൗത്യത്തിന് അനുയോജ്യമാണ്. രോഗിയെ നേരിട്ട് മണത്താൽ, നിമിഷങ്ങൾക്കുള്ളിൽ കോവിഡ് ഉണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കാൻ ഇത്തരം നായ്ക്കള്‍ക്ക് കഴിയും. ചില കേസുകളില്‍ ഇതിനായി വ്യക്തിയുടെ വിയർപ്പ് അടങ്ങിയ വസ്തുക്കള്‍ ഉപയോഗിക്കും. പ്രമേഹം, കാൻസർ തുടങ്ങിയ മറ്റ് അവസ്ഥകൾ കണ്ടെത്തുന്നതിൽ മൃഗങ്ങൾ വിജയിച്ചിട്ടുണ്ടെങ്കിലും, നായ്ക്കളെ മെഡിക്കൽ രോഗനിർണയത്തിന്റെ മുഖ്യധാരയിൽ ഉൾപ്പെടുത്തുന്നതിൽ വെല്ലുവിളികൾ നിലനിൽക്കുന്നുവെന്നും ഗവേഷകർ എടുത്തുപറയുന്നു. ഫീൽഡ് പരീക്ഷണങ്ങളിൽ നായ്ക്കളെ ഉപയോഗിക്കാൻ ഫിൻലാൻഡ്, കൊളംബിയ തുടങ്ങിയ ചെറിയ രാജ്യങ്ങളില്‍ അനുവാദമുണ്ട്. ഇത്തരം പരിശോധനാ രീതികള്‍ ഭാവിയില്‍ വലിയ ഗുണം ചെയ്യുമെന്നും പകർച്ചവ്യാധികള്‍ നിർണയിക്കുന്നതില്‍ വിപ്ലവം സൃഷ്ടിക്കുമെന്നും ഗവേഷകർ കൂട്ടിച്ചേർത്തു.