ഭക്ഷണത്തിലൂടെ രോഗികളാകുന്ന ജനത; ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് വെറും 28 ശതമാനം മാത്രം
കഴിക്കാന്‍ വേണ്ടി ജീവിക്കുന്നവരും ജീവിക്കാന്‍ വേണ്ടി കഴിക്കുന്നവരുമാണ് നമ്മുടെ സമൂഹത്തിലുള്ളത്. ഗ്ലോബല്‍ ഫുഡ് പോളിസിയുടെ 2024-ലെ റിപ്പോര്‍ട്ട് അനുസരിച്ച് ഭക്ഷണശീലങ്ങള്‍ ദിനംപ്രതി നമ്മളെ രേഗികളാക്കിക്കൊണ്ടിരിക്കുകയാണ്. അതായത് ഇന്ത്യക്കാര്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിനെക്കാള്‍ കൂടുതല്‍ ലഘുഭക്ഷണത്തെ ആശ്രയിക്കുകയാണെന്ന് മെയ് 29ന് ഇന്‌റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്(ഐഎഫ്പിആര്‍ഐ) പുറത്തിറക്കിയ ഗ്ലോബല്‍ ഫുഡ് പോളിസി റിപ്പോര്‍ട്ട് പറയുന്നു. ആരോഗ്യകരമായ ഭക്ഷണത്തിനു പകരം 38 ശതമാനം ഇന്ത്യക്കാരും കഴിക്കുന്നത് ജങ്ക് ഫുഡും പ്രോസസ്ഡ് ഫുഡുമാണ്. 28 ശതമാനം പേരാണ് ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത്. ജനസംഖ്യയുടെ 16.6 ശതമാനം പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ട്. ഇന്ത്യക്കാരുടെ ഭക്ഷണശീലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഈ റിപ്പോര്‍ട്ട് തീര്‍ത്തും ആശങ്കാജനകമാണ്. ഭക്ഷണശീലങ്ങള്‍ ഒരു വ്യക്തിയുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നുണ്ട്. ജനസംഖ്യയുടെ പകുതിയോളം ആളുകള്‍ പോഷകങ്ങളില്ലാത്ത ആഹാരം ശീലമാക്കിയാല്‍ രോഗങ്ങളുടെ തോത് കൂടാന്‍ തുടങ്ങും.
അടുത്തിടെ കൂടുതല്‍ ആളുകള്‍ പാക്ക് ചെയ്ത ഭക്ഷണങ്ങള്‍, സംസ്‌കരിച്ചതും ഉയര്‍ന്ന ഉപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്‌കരിച്ചതും ശുദ്ധമല്ലാത്തതുമായ മാംസം, മണിക്കൂറുകളെടുത്ത് പാചകം ചെയ്യുന്നതിനു പകരം തല്‍ക്ഷണം പാകം ചെയ്യാവുന്ന ഭക്ഷണങ്ങള്‍ എന്നിവ കൂടുതല്‍ കഴിക്കാന്‍ തുടങ്ങി. ഇതിനര്‍ഥം ഇതേ ആളുകള്‍ ആവശ്യത്തിന് പച്ചക്കറി, പയര്‍വര്‍ഗങ്ങള്‍, പ്രോട്ടീന്‍, നാരുകള്‍, പഴങ്ങള്‍, മൈക്രോന്യൂട്രിയന്‌റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നില്ല എന്നാണ്. ആരോഗ്യകരമായ പോഷകങ്ങള്‍ അടങ്ങിയിട്ടില്ലാത്ത ഭക്ഷണം കഴിക്കുന്നത് നിരവധി രോഗങ്ങള്‍ക്കും പോഷകാഹാരക്കുറവിനും കാരണമാകും. ഇപ്പോള്‍ത്തന്നെ ഇത് സംഭവിക്കുന്നുമുണ്ട്. ഭക്ഷണശീലങ്ങള്‍ കാരണം രാജ്യത്തെ ജനസംഖ്യയുടെ 16.6 ശതമാനം പോഷകാഹാരക്കുറവ് അനുഭവിക്കുന്നതായി ഗ്ലോബല്‍ ഫുഡ് റിപ്പോര്‍ട്ട് പറയുന്നു.
റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ ജനസംഖ്യയുടെ വെറും 28 ശതമാനം മാത്രമാണ് ആരോഗ്യ ഭക്ഷണശീലം നയിക്കുന്നത്. അതായത് പച്ചക്കറികള്‍, അരി, പഴങ്ങള്‍, പയര്‍, നട്‌സ്, വിത്തുകള്‍, മൃഗസ്രോതസില്‍ നിന്നുള്ള ഭക്ഷണം, അന്നജം അടങ്ങിയ ഭക്ഷണം എന്നിവ കഴിക്കുന്നത് 26 ശതമാനം മാത്രമാണ്.
ആരോഗ്യം നിലനിര്‍ത്തുന്നതിനും രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ഏറ്റവും കൂടുതല്‍ ശിപാര്‍ശ ചെയ്യുന്ന അഞ്ച് ഭക്ഷണഗ്രൂപ്പുകളില്‍നിന്ന് ഭക്ഷണം കഴിക്കണം അതായത് മാംസം, നട്‌സ് അല്ലെങ്കില്‍ സീഡ്, ഏതെങ്കിലും ഒരു പച്ചക്കറി, അന്നജം അടങ്ങിയ ഒരു ഭക്ഷണം, ഏതെങ്കിലും ഒരു പഴം എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഒരു വ്യക്തിയെ പോഷകാഹാരക്കുറവില്‍നിന്ന് അകറ്റി നിര്‍ത്താന്‍ ദിവസേന ആവശ്യമായ ഏറ്റവും കുറഞ്ഞ പോഷകാഹാരമാണിത്.
പാക്കേജ്ഡ് ഫുഡും സംസ്‌കരിച്ച ഭക്ഷണങ്ങളും എങ്ങനെ ആരോഗ്യത്തെ നശിപ്പിക്കുന്നുവെന്ന് നോക്കാം
ഇത്തരം ഭക്ഷണങ്ങളില്‍ സോഡിയം കൂടുതലായി അടങ്ങിയിരിക്കുന്നു. ഇത് ഹൃദ്രോഗങ്ങള്‍ക്കും തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കും രക്താതിമര്‍ദത്തിനുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
അനാരോഗ്യകരമായ എണ്ണ, കലോറി, ട്രാന്‍സ് ഫാറ്റ്, സാച്ചുറേറ്റഡ് ഫാറ്റ് എന്നിവ കൂടുതലുള്ള ഇത്തരം ഭക്ഷണങ്ങള്‍ അമിതവണ്ണം, ഹൃദ്രോഗം, പ്രമേഹം, ഫാറ്റിലിവര്‍, കിഡ്‌നി രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു
കൃത്രിമ പഞ്ചസാര, അഡിറ്റീവുകള്‍, പ്രിസര്‍വേറ്റീവുകള്‍, കൃത്രിമ നിറം, ഫ്‌ളേവറുകള്‍എന്നിവ അടങ്ങിയവയാണ് പ്രോസസ്ഡ് ഭക്ഷണവും പാക്കേജ്ഡ് ഫുഡുകളും. ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ഉയര്‍ന്ന പഞ്ചസാരയുടെ ഉപഭോഗം ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
ഇത്തരത്തിലുള്ള ഭക്ഷണത്തില്‍ മസാലകള്‍ കൂടുതലായി അടങ്ങിയിരിക്കുന്നു. ഇവ അധികമായി കഴിക്കുന്നത് അര്‍ബുദത്തിന് കാരണമാകും.