ഊര്‍ ഷാഹിന്‍, ഓസ്ലേം തുറേസി
ഊര്‍ ഷാഹിന്‍, ഓസ്ലേം തുറേസി

എട്ട് വര്‍ഷത്തിനുള്ളില്‍ കാന്‍സറിനെതിരെ വാക്സിന്‍; അവകാശവാദവുമായി ബയോടെക്ക് കമ്പനി

കോവിഡ് വാക്സിന്‍ വികസിപ്പിക്കാനുപയോഗിച്ച mRNA സാങ്കേതികവിദ്യ കാന്ർസർ പ്രതിരോധത്തിനും ഉപയോഗപ്പെടുത്താനാവുമെന്ന് ബയോടെക്ക് ഉടമകള്‍
Updated on
1 min read

കാന്‍സറിനെതിരെ ഫലപ്രദമായ വാക്‌സിന്‍ 2030-ഓടെ ലഭ്യമാക്കുമെന്ന് കോവിഡ് വാക്‌സിന്റെ സ്രഷ്ടാക്കളായ ബയോടെക്ക് കമ്പനി. ജര്‍മന്‍ കമ്പനിയായ ബയോടെക്കിന്റെ സ്ഥാപകരും ലോക പ്രശസ്ത ശാസ്ത്രജ്ഞരുമായ ഊര്‍ ഷാഹിനും ഓസ്ലേം തുറേസിയുമാണ് എട്ട് വര്‍ഷത്തിനുള്ളില്‍ വാക്‌സിന്‍ വികസിപ്പിച്ച് ലഭ്യമാക്കുമെന്ന അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.

കാന്‍സറിനെതിരെയുള്ള വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ സുപ്രധാന മുന്നേറ്റം നടത്തിയെന്നും വരും വര്‍ഷങ്ങളില്‍ പ്രതിരോധമരുന്ന് വിജയകരമായി ജനങ്ങളിലേക്ക് എത്തിക്കാനാകുമെന്നും ദമ്പതികളായ ഷാഹിനും തുറേസിയും പറയുന്നു. ഫൈസറും ബയോടെക്കും ചേർന്നാണ് കോവിഡിനെതിരെ വാക്‌സിന്‍ വികസിപ്പിച്ചത്.

ഊര്‍ ഷാഹിന്‍, ഓസ്ലേം തുറേസി
സെർവിക്കല്‍ കാന്‍സറിനെ പ്രതിരോധിക്കാം; ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്സിന്‍ പുറത്തിറക്കി

വൈറസിന്റെ നിരുപദ്രവകരമായ സ്പൈക്ക് പ്രോട്ടീനുകള്‍ വാക്‌സിനിലൂടെ ശരീരത്തില്‍ കുത്തി വെച്ചാണ് കോവിഡ് വാക്‌സിന്‍ പ്രവര്‍ത്തിക്കുന്നത്. സമാന രീതിയില്‍ കാന്‍സറിനെതിരെയും വാക്‌സിന്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താനാകുമെന്നാണ് ശാസ്ത്രജ്ഞരുടെ വാദം.

കുടലിലുള്‍പ്പെടെ ഉണ്ടാകുന്ന എല്ലാ തരം കാന്‍സറിനുമുള്ള പ്രതിരോധമരുന്നിന്റെ നിര്‍മാണമാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ വെല്ലുവിളികള്‍ ഏറെയുണ്ടെന്ന് നിര്‍മാതാക്കള്‍ സമ്മതിക്കുന്നുണ്ട്. കാന്‍സറിന് കാരണമാകുന്ന ട്യൂമര്‍ കോശങ്ങളില്‍ പല തരത്തിലുള്ള പ്രോട്ടീനുകള്‍ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ ഒരു പ്രോട്ടീനെ മാത്രം ലക്ഷ്യമാക്കി വാക്‌സിന്‍ നിര്‍മിക്കാനാകില്ല എന്നതാണ് പ്രധാന വെല്ലുവിളി.

കോവിഡ് കാലത്തിന് മുന്‍പ് തന്നെ തങ്ങള്‍ കാന്‍സര്‍ വാക്‌സിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലായിരുന്നുവെന്നും എന്നാല്‍ കോവിഡ് പ്രതിസന്ധി ലോകത്തെ പിടികൂടിയതോടെ അതിനെ തരണം ചെയ്യാനുള്ള വാക്‌സിന്‍ നിര്‍മാണത്തിലേക്ക് കടക്കുകയായിരുന്നുവെന്നും കമ്പനി വ്യക്തമാക്കി. അത് വിജയിച്ചത് കാന്‍സര്‍ വാക്‌സിന്‍ വിജയമാക്കുമെന്ന ശുഭാപ്തി വിശ്വാസം നല്‍കിയെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.

കോവിഡ് വാക്‌സിന്‍ ചെറിയ കാലയളവിനുള്ളില്‍ വികസിപ്പിക്കേണ്ടി വന്നത്, വാക്‌സിനുകളെ കുറിച്ചും മനുഷ്യ ശരീരത്തിന്റെ പ്രതികരണത്തെ കുറിച്ചും കൂടുതല്‍ മനസ്സിലാക്കാന്‍ തങ്ങളെ സഹായിച്ചുവെന്നും കാന്‍സറിനുള്ള വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ അത് പ്രയോജനപ്പെടുത്താനാകുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

logo
The Fourth
www.thefourthnews.in