വൃക്കകള്‍ തകരാറിലാണോ? അറിയാം ഈ ലക്ഷണങ്ങളിലൂടെ
കാഴ്ചയില്‍ ചെറുതെന്നു തോന്നുമെങ്കിലും ശരീരത്തിന്‌റ ശരിയായ പ്രവര്‍ത്തനത്തിന് വൃക്കകള്‍ പരമപ്രധാനമാണ്. ഓരോ 30 മിനിട്ട് കൂടുമ്പോഴും വൃക്കകള്‍ രക്തം ശുദ്ധീകരിച്ചുകൊണ്ടിരിക്കുകയും മാലിന്യങ്ങളും വിഷപദാര്‍ഥങ്ങളും ആവശ്യത്തിലധികമുള്ള വെള്ളവും നീക്കം ചെയ്യുകയും ചെയ്യുന്നു. യുഎസ് സെന്‌റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‌റെ കണക്കനുസരിച്ച് ഏഴ് അമേരിക്കക്കാരില്‍ ഒരാള്‍ വീതം ക്രോണിക് കിഡ്‌നി ഡിസീസ് അനുഭവിക്കുന്നുണ്ട്.
ആവശ്യത്തിന് രക്തം ശുദ്ധീകരിച്ച് ശരീരത്തിനു നല്‍കാന്‍ വൃക്കകള്‍ക്കു സാധിക്കാതെ വരുമ്പോഴാണ് ക്രോണിക് കിഡ്‌നി ഡിസീസ് ബാധിക്കുക. ഇത് ശരീരത്തില്‍ മാലിന്യങ്ങളും വെള്ളവും അടിഞ്ഞുകൂടുന്ന അവസ്ഥ സൃഷ്ടിക്കും. ഒപ്പം പക്ഷാഘാതം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളും പിടികൂടും. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗം, പാരമ്പര്യ വൃക്കരോഗം, അമിതവണ്ണം എന്നിവ രോഗസാധ്യത കൂട്ടുന്ന ഘടകങ്ങളാണ്.
സൈലന്‌റ് കില്ലര്‍ എന്നാണ് കിഡ്‌നി രോഗത്തെ വിശേഷിപ്പിക്കുന്നത്. കാരണം രോഗത്തിന്‌റെ ആരംഭദശയില്‍ പ്രത്യേക ലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. മൂത്രത്തിന്‌റെയും രക്തത്തിന്‌റെയും പരിശോധയിലൂടെയാണ് രോഗനിര്‍ണയം സാധ്യമാകുന്നത്. പ്രമേഹവും രക്തസമ്മര്‍ദവുമുള്ളവര്‍ വൃക്കരോഗ സാധ്യത കരുതിയിരിക്കുകയും രോഗനിര്‍ണയം നടത്തുകയും വേണം.
വൃക്കരോഗത്തിന്‌റേതായി ശരീരം പ്രകടമാക്കുന്നതില്‍ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍ അറിയാം.
വിശപ്പില്ലായ്മയും ഭാരനഷ്ടവും
അകാരണമായ ഭാരനഷ്ടവും വിശപ്പ് ഇല്ലായ്മയും ശരീരത്തില്‍ നിന്ന് മാലിന്യം ശരിയായി പുറന്തള്ളുന്നില്ല എന്നതിന്‌റെ സൂചനയാണ്.
കണങ്കാലിലെ തടിപ്പ്
വെള്ളം നിലനില്‍ക്കുന്നതുകാരണം കണങ്കാലിലും പാദത്തിലും കാലുകളിലും നീര് പ്രത്യക്ഷപ്പെടാം.
ശ്വാസമെടുക്കാന്‍ പ്രയാസം
ഇലക്ട്രോലൈറ്റിന്‌റെയും ഫ്‌ളൂയിഡിന്‌റെയും അസന്തുലിതാവസ്ഥ കാരണം ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് നേരിടാം.
ക്ഷീണം
വൃക്കകളുടെ പ്രവര്‍ത്തനം ശരിയായി നടക്കാതെ വരുമ്പോള്‍ അനീമിയയ്ക്കുള്ള സാധ്യത കൂടുന്നു. ഇത് കടുത്ത ക്ഷീണം സൃഷ്ടിക്കും.
മൂത്രത്തില്‍ രക്തം
മൂത്രത്തില്‍ രക്തം കാണപ്പെടുന്നത് വൃകക്കള്‍ തകരാറിലാണെന്നതിന്‌റെ പ്രധാന സൂചനയാണ്.
തലവേദന
വൃക്കകളുടെ പ്രവര്‍ത്തനം നടക്കാതെ വരുന്നതിന്‌റെ ഫലമായി അത് നിലനിര്‍ത്താന്‍ ശരീരം ശ്രമിക്കുന്നതാണ് കടുത്ത തലവേദനയായി പ്രകടമാകുന്നത്.
വിളര്‍ച്ച
ചുവന്ന രക്താണുക്കളുടെ എണ്ണം കുറയുന്നത് വിളര്‍ച്ചയിലേക്കും ക്ഷീണത്തിലേക്കും തളര്‍ച്ചയിലേക്കുമെല്ലാം കൊണ്ടെത്തിക്കുന്നു.
അണുബാധ
പ്രതിരോധ വ്യവസ്ഥ നഷ്ടമാകുന്നതിന്‌റെ ഫലമായി വൃക്കരോഗവുമായി ബന്ധപ്പെട്ട് അണുബാധാസാധ്യത കൂടുന്നു.
കാല്‍സ്യത്തിന്‌റെ കുറവ്
ക്രോണിക് കിഡ്‌നി ഡിസീസ് രക്തത്തിലെ മിനറലുകളില്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നു. ഇത് കാല്‍സ്യത്തിന്‌റെ കുറവിനു കാരണമാകുകയും എല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുകയും ചെയ്യുന്നു.
പൊട്ടാസ്യവും ഫോസ്ഫറസും
രക്തത്തില്‍ കൂടിയ അളവില്‍ കാണപ്പെടുന്ന പൊട്ടാസ്യവും ഫോസ്ഫറസും കിഡ്‌നി രോഗത്തിന്‌റെയോ ഹൃദ്രോഗത്തിന്‌റെയോ സൂചനയാകാം.
ക്രോണിക് കിഡ്‌നി ഡിസീസ് ശരീരത്തെ മാത്രമല്ല, മൊത്തം മാനസികാരോഗ്യത്തെയും ബാധിക്കാം. വിഷാദം, സമ്മര്‍ദം, ഉത്കണ്ഠ തുടങ്ങിയവയിലേക്ക് രോഗം കൊണ്ടെത്തിക്കാം.
രോഗസാധ്യതയുള്ളവര്‍ ഇടയ്ക്കിടെ പരിശോധനകള്‍ നടത്തി വൃക്കകള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കുക, പ്രമേഹവും രക്തസമ്മര്‍ദവുമുള്ളവര്‍ അത് നിയന്ത്രിച്ചു നിര്‍ത്തുക, അമിതഭാരമുള്ളവര്‍ വ്യായാമം ചെയ്തും ഡയറ്റ് ക്രമീകരിച്ചും ശരിയായ ഭാരം നിലനിര്‍ത്താന്‍ ശ്രമിക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുക.