പ്രമേഹത്തിനുള്ള മരുന്ന് വയറ്റിലെ പേശികളുടെ ചലനശേഷി നഷ്ടപ്പെടുത്തുമെന്ന് റിപ്പോർട്ട്; ഇന്ത്യയിലും ആശങ്ക പടർത്തി റൈബെൽസസ്
പ്രമേഹ രോഗ ചികിത്സയ്ക്കുള്ള മരുന്ന് വയറ്റില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് റിപ്പോർട്ട്. ഡാനിഷ് മരുന്ന് കമ്പനിയായ നോവോ നോർഡിസ്ക്കിന്റെ റൈബെല്‍സസ് എന്ന ബ്രാൻഡ് നെയിമില്‍ വില്‍ക്കുന്ന സെമാഗ്ലൂറ്റൈഡ് മരുന്ന് ആമാശയത്തിലെ പേശികളുടെ ചലനശേഷി നഷ്ടപ്പെടുത്തുമെന്ന റിപ്പോർട്ട് സിഎൻഎന്നാണ് കഴിഞ്ഞദിവസം പുറത്തുവിട്ടത്. ഇന്ത്യയിലും സാധാരണയായി ഉപയോഗിച്ചുവരുന്ന മരുന്നിനെ സംബന്ധിച്ചുള്ള വിവരം പ്രമേഹരോഗികള്‍ക്കിടയില്‍ ആശങ്ക പടർത്തിയിട്ടുണ്ട്.
ടൈപ്പ് 2 പ്രമേഹത്തിന് നിർദേശിക്കുന്ന റൈബെല്‍സസിലെ സെമാഗ്ലൂറ്റൈഡ് വർഷങ്ങളായി ശരീരത്തിലെത്തുക വഴി വയറ്റിലെ പേശികളുടെ സ്വാഭാവിക ചലന ശേഷി നഷ്ടപ്പെടുന്നുവെന്നാണ് കണ്ടെത്തല്‍. മരുന്ന് കഴിക്കുന്നത് നിർത്തി മാസങ്ങള്‍ക്ക് ശേഷവും ഗുരുതരമായ അവസ്ഥയുള്ള നിരവധി സ്ത്രീകള്‍ യുഎസിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു.
സെമാഗ്ലൂറ്റൈഡ് കുത്തിവയ്പ്പിനുള്ള മരുന്ന് പ്രമേഹരോഗികള്‍ക്ക് ഒസെംപിക് എന്ന പേരിലും പ്രമേഹമുള്ളതോ ഇല്ലാത്തതോ ആയ അമിതവണ്ണമുള്ളവർക്ക് വിഗോവി എന്ന പേരിലുമാണ് വിപണിയിലുള്ളത്. റൈബല്‍സസ് മരുന്നുകള്‍ക്ക് ഇന്ത്യയില്‍ അംഗീകാരം നല്‍കിയിരിക്കുന്നത് വളരെ ചെറിയ ഡോസില്‍ മാത്രമാണ്. പ്രമേഹരോഗികള്‍ ശരീരഭാരം കുറയ്ക്കുന്നതിനായാണ് ഇത് ഉപയോഗിച്ചുവരുന്നത്. സമ്പന്നരായവർ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തും മരുന്ന് ഉപയോഗിച്ചുവരുന്നുണ്ട്. ഒസെംപിക് കുത്തിവയ്പ്പിന് ഏകദേശം 20,000 രൂപയും 10 എണ്ണമുള്ള റൈബെല്‍സസിന്റെ ഒരു സ്ട്രിപ്പിന് 3000 രൂപയുമാണ് ഇന്ത്യയില്‍ വില.
ശരീരഭാരം കുറയ്ക്കുന്നതിനുള്ള സെമാഗ്ലൂറ്റൈഡോ ലിറാഗ്ലൂറ്റൈഡോ പോലുള്ള മരുന്നുകള്‍ക്ക് പലവിധ പാർശ്വഫലങ്ങളുണ്ടാകാമെന്ന് ആരോഗ്യവിദഗ്ധരെ ഉദ്ദരിച്ച് ദ പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയില്‍ ആമാശയത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടായ രോഗികളെ ചികിത്സിക്കേണ്ടി വന്നിട്ടില്ലെന്ന് ഡല്‍ഹിയിലെ മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ എൻഡോക്രൈനോളജി ആൻഡ് ഡയബറ്റിസ് തലവൻ ഡോ.അംബരീഷ് മിത്തല്‍ ദ പ്രിന്റിനോട് പറഞ്ഞു. ഓക്കാനം, ഛർദ്ദി, കടുത്ത ഗ്യാസ്ട്രൈറ്റിസ് പ്രശ്നങ്ങളെന്നിവ സെമാഗ്ലൂറ്റൈഡിന്റെ പാർശ്വഫലങ്ങളാണ്.
അതേസമയം, പാർശ്വഫലങ്ങള്‍ ഏതൊക്കെ ഉണ്ടാകാമെന്ന വിവരങ്ങള്‍ മരുന്നിനൊപ്പം നല്‍കിയിട്ടുണ്ടെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നുമാണ് മരുന്ന് കമ്പനിയായ നോവോ നോർഡിസ്ക്കിന്റെ പ്രതികരണം.