സ്ത്രീകളിലെ പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാം? അറിഞ്ഞിരിക്കാം പരിഹാര മാർഗങ്ങൾ

സ്ത്രീകളിലെ പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാം? അറിഞ്ഞിരിക്കാം പരിഹാര മാർഗങ്ങൾ

അമിതമായ ദാഹം, അടിക്കടി മൂത്രമൊഴിക്കല്‍ എന്നിവ പ്രമേഹത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്
Updated on
2 min read

സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കണ്ടുവരുന്ന രോഗമാണ് പ്രമേഹം. എന്നാല്‍ പുരുഷന്മാരേക്കാള്‍, സ്ത്രീകളില്‍ പ്രമേഹം മൂലമുണ്ടാകാവുന്ന ഹൃദയസംബന്ധമായ സങ്കീർണതകളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല, ഇന്ത്യയിലെ സാമൂഹിക സാഹചര്യങ്ങളില്‍ സ്വന്തം ആരോഗ്യത്തിന് വേണ്ടത്ര ശ്രദ്ധ നല്‍കാത്തവരുമാണ് സ്ത്രീകള്‍.

രാജ്യത്ത് ഏകദേശം 136 ദശലക്ഷം പുരുഷന്മാരും സ്ത്രീകളും പ്രീഡയബറ്റിക് സ്റ്റേജിലാണ്. അതായത്, പ്രമേഹത്തിന് തൊട്ടുമുൻപുള്ള ഘട്ടം. മെറ്റബോളിസം ഡിസോര്‍ഡറിനെക്കുറിച്ച് അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നത് ഒരു വലിയ ജനസംഖ്യ പ്രമേഹത്തിന്റെ വക്കിലാണെന്നാണ്. എന്നാല്‍ ഇവര്‍ക്ക് തിരികെ സാധാരണ നിലയിലേയ്ക്ക് പോകുന്നതില്‍ വലിയ തടസ്സമില്ല. ജീവിത രീതികളില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതിയാകും.

സ്ത്രീകളിലെ പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാം? അറിഞ്ഞിരിക്കാം പരിഹാര മാർഗങ്ങൾ
1.1 കോടി ഇന്ത്യക്കാർക്ക് പ്രമേഹം; ഏറ്റവും കൂടുതൽ രോഗികള്‍ ഗോവയില്‍, കേരളം മൂന്നാമത്

പ്രീഡയബറ്റിക് ഘട്ടത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കേണ്ടത് പ്രധാനമാണ്. അതിനായി പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ അറിയേണ്ടതുണ്ട്.

1. ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നത്

അമിതമായ ദാഹം, അടിക്കടി മൂത്രമൊഴിക്കല്‍ എന്നിവ പ്രമേഹത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്. രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ് കാരണം ഗ്ലൂക്കോസ് ഫില്‍ട്ടര്‍ ചെയ്യാനും ആഗിരണം ചെയ്യാനും വൃക്കകള്‍ക്ക് കഠിനമായി പ്രവര്‍ത്തിക്കേണ്ടി വരുന്നു. പെട്ടെന്ന് ഈ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കിലോ, ഈ അവസ്ഥ നിങ്ങളുടെ ഉറക്കത്തെ ബാധിക്കുന്നുവെന്ന് തോന്നിയാലോ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കണം.

ക്ഷീണം, കാഴ്ച മങ്ങല്‍, കൈകളിലും കാലുകളിലും തരിപ്പ് അനുഭവപ്പെടുക, മരവിപ്പ് തുടങ്ങിയ മറ്റ് ലക്ഷണങ്ങള്‍ ഒരിക്കലും അവഗണിക്കരുത്

2. കാരണമില്ലാതെ ശരീരഭാരം കുറയുന്നത്

വളരെ വേഗത്തില്‍ ശരീരഭാരം കുറയുന്നതാണ് പ്രമേഹത്തിന്റെ മറ്റൊരു ലക്ഷണം. അകാരണമായി ശരീരഭാരം വല്ലാതെ കുറയുന്നതായി അനുഭവപ്പെട്ടാല്‍ തീര്‍ച്ചയായും ഡോക്ടറെ കാണണം. ഗ്ലൂക്കോസ് കോശങ്ങളിലേയ്ക്ക് ആഗിരണം ചെയ്യപ്പെടാതാകുമ്പോള്‍, ശരീരം ഊര്‍ജത്തിനായി പേശികളെയും കൊഴുപ്പിനെയും വിഘടിപ്പിക്കുന്നു. ഇത് ശരീരഭാരം വല്ലാതെ കുറയുന്നതിന് കാരണമാകുന്നു.

3. അമിത വിശപ്പ്

ശരീരത്തിന്റെ ഊര്‍ജത്തിനായി ഗ്ലൂക്കോസ് ഉപയോഗിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ പ്രമേഹമുള്ളവര്‍ക്ക് അമിതമായ വിശപ്പ് അനുഭവപ്പെടാവുന്നതാണ്. അതേസമയം, അമിത വിശപ്പിന് മറ്റ് കാരണങ്ങളുമുണ്ടാകും. ഡോക്ടറെ കണ്ട് കാരണം മുൻപേതന്നെ കണ്ടെത്തുന്നതാണ് നല്ലത്.

4. മുറിവുണങ്ങാന്‍ വൈകുന്നത്

പ്രമേഹമുള്ളവരില്‍ രക്തചംക്രമണം മോശമായതിനാലും പ്രമേഹവുമായി ബന്ധപ്പെട്ട് രോഗപ്രതിരോധ ശേഷി കുറവായതിനാലും മുറിവുകള്‍, അണുബാധകള്‍ എന്നിവ സുഖപ്പെടാന്‍ കൂടുതല്‍ സമയമെടുത്തേക്കാം.

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ക്ക് പുറമെ ക്ഷീണം, കാഴ്ച മങ്ങല്‍, കൈകളിലും കാലുകളിലും തരിപ്പ് അനുഭവപ്പെടുക, മരവിപ്പ് തുടങ്ങിയ മറ്റ് ലക്ഷണങ്ങള്‍ ഒരിക്കലും അവഗണിക്കരുത്.

ഈ ലക്ഷണങ്ങള്‍ വന്ന് പോയിക്കൊണ്ടിരിക്കും. എന്നാല്‍ ഇവ പതിവായി സംഭവിക്കുകയാണെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ മാറ്റമുണ്ടെന്ന് മനസ്സിലാക്കുക.

പരിഹാരം എന്ത്?

ചിട്ടയായ ജീവിത ശൈലിയാണ് ആദ്യം വേണ്ടത്. ശരിയായ ഭക്ഷണശീലം, ശരീരഭാരം നിയന്ത്രിക്കുക, കൃത്യമായി മരുന്ന് കഴിക്കുക എല്ലാം ഇതില്‍ ഉള്‍പ്പെടും. നാര്, ലീന്‍ പ്രോട്ടീന്‍ ( സാച്യൂറേറ്റഡ് കൊഴുപ്പും കലോറിയും കുറവുള്ള പ്രോട്ടീൻ), ആരോഗ്യകരമായ കൊഴുപ്പ് എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ വേണം കഴിക്കാന്‍. അതേസമയം, പോഷകഗുണമില്ലാത്ത ആഹാരങ്ങള്‍ അഥവാ ജങ്ക് ഫുഡ്, അമിതമായ മധുരം എന്നിവയും ഒഴിവാക്കണം. ആഴ്ചയില്‍ രണ്ടര മണിക്കൂര്‍ ചെറിയ എയറോബിക് വര്‍ക്കൗട്ടുകളും ചെയ്യാം. സ്‌ട്രെങ്ത് ട്രെയിനിങ് ചെയ്യുന്നത് ശരീരത്തെ ബലമുള്ളതാക്കി മാറ്റാനും സഹായിക്കും. ഇതിനെല്ലാം പുറമെ കൃത്യമായി ഷുഗര്‍ പരിശോധിക്കാൻ മറക്കരുത്.

logo
The Fourth
www.thefourthnews.in