അപൂര്‍വ അമീബിക് മസ്തിഷ്‌ക ജ്വരം, കേരളത്തിലേത് ലോകത്തെ രണ്ടാമത്തെ മരണം; ഈ വര്‍ഷം സംസ്ഥാനത്ത് മരിച്ചത് മൂന്ന് കുട്ടികള്‍

അപൂര്‍വ അമീബിക് മസ്തിഷ്‌ക ജ്വരം, കേരളത്തിലേത് ലോകത്തെ രണ്ടാമത്തെ മരണം; ഈ വര്‍ഷം സംസ്ഥാനത്ത് മരിച്ചത് മൂന്ന് കുട്ടികള്‍

നെഗ്ലേരിയ ഫൗലെറി ബാധക്ക് ഉയർന്ന മരണനിരക്ക് ഉണ്ടെങ്കിലും ഇതിന്റെ അണുബാധ നിരക്ക് വളരെ കുറവാണ്
Updated on
3 min read

സംസ്ഥാനത്ത് ആശങ്ക വിതച്ച് അമിബിക്ക് ജ്വരം. ഇന്ന് പുലർച്ച കോഴിക്കോട് സ്വദേശി കൂടി മരിച്ചതോടെ സംസ്ഥാനത്തെ ഈ വര്‍ഷത്തെ മരണം മൂന്നായി. മലബാറിലാണ് മൂന്ന് മരണവും. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയാണ് ഫറോക്ക് സ്വദേശിയായ 12 വയസ്സുകാരൻ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. ജൂൺ 12 ന് മരിച്ച ദക്ഷയെ ബാധിച്ചത് വെർമമീബ വെർമിഫോറസ് എന്ന അമീബയാണ്. ഇങ്ങനെയൊരു അമീബ ബാധിച്ച മരിക്കുന്ന ലോകത്തെ തന്നെ രണ്ടാമത്തയാളാണ് ദക്ഷ.

കേരളത്തിലെ കുട്ടികളുടെ ജീവനെടുത്ത നെഗ്ലേരിയ ഫൗലെറിയല്ലയും വെർമമീബ വെര്മിഫോറസും ഏകദേശം സമാന സ്വഭാവം കാണിക്കുന്ന അമീബകളാണ്. മനുഷ്യൻ ഇടപെടുന്ന പരിസ്ഥിതിയിൽ തന്നെ സ്വതന്ത്രമായി ജീവിക്കുന്ന അമീബകളാണ് രണ്ടുമെന്നും ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോക്ടറായ പദ്മകുമാർ ബി ചൂണ്ടക്കാട്ടുന്നു. ഗുരുതരമായ രോഗബാധകൾ ഉണ്ടാക്കുന്ന അമീബകളുടെ രണ്ട് ഉപവിഭാഗങ്ങൾ മാത്രമാണ് എന്നതാണ് വ്യത്യാസം. പ്രവർത്തന രീതിയും മരണനിരക്കും എല്ലാം ഏകദേശം ഒന്ന് തന്നെയാണെന്നും ഡോ. പദ്മകുമാര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം ആലപ്പുഴയിൽ രോഗബാധയുണ്ടാവുകയും മരിക്കുകയും ചെയ്ത കുട്ടിയെ ചികിൽസിച്ചിരുന്നത് ഡോക്ടർ പദ്മകുമാർ ആണ്.

കെട്ടിക്കിടക്കുന്നതും മലിനമായതുമായ വെള്ളത്തിൽ നിന്ന് മൂക്കിലൂടെ തലച്ചോറിലെത്തുന്ന അമീബയാണ് രോഗഹേതു. ബാധിച്ചവരിൽ 90 മുതൽ 95 ശതമാനം വരെ മരണസാധ്യതയുള്ള, അതീവ ഗുരുതരമാണ് അവസ്ഥയാണ് അമീബിക് മസ്തിഷ്‌ക ജ്വരം അഥവ അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (Amoebic meningoencephalitis).

ഇതുവരെ ആറ് തവണയാണ് സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. ഈ വർഷം മൂന്നാമത്തെ കുട്ടിയാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിക്കുന്നത്

കേരളത്തിൽ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്യുന്നത് 2016 ൽ ആലപ്പുഴയിലാണ്. കഴിഞ്ഞ വർഷം വരെ ആകെ ആറ് കേസുകൾ മാത്രമേ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളു. എന്നാൽ ഈ വർഷം, മൂന്ന് കുട്ടികളാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സ തേടുകയും ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തത്. 2019 ലും 2020 ലും മലപ്പുറത്ത് ഓരോ കുട്ടികൾക്ക് കുട്ടികൾക്ക് കൂടി രോഗം ബാധിച്ചു. 2020 ൽ തന്നെ കോഴിക്കോടും ഒരു രോഗബാധ സ്ഥിരീകരിച്ചിരുന്നു. 2022 ൽ തൃശൂരിലും 2023 ൽ ആലപ്പുഴയിലും ഒരോ കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു. അങ്ങനെ ഇതുവരെ ആറ് തവണയാണ് സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. എന്നാൽ നേരത്തെ സൂചിപ്പിച്ചത് പോലെ, ഈ വർഷം മൂന്നാമത്തെ കുട്ടിയാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിക്കുന്നത്. കണ്ണൂരിൽ നിന്നുള്ള 13 കാരി ദക്ഷ, മലപ്പുറം മുന്നിയൂരിൽ നിന്നുള്ള അഞ്ച് വയസുകാരി, ഫറോക്ക് സ്വദേശിയായ 12 വയസുകാരൻ മൃദുൽ എന്നിവരാണ് കഴിഞ്ഞ ആറു മാസത്തിനിടെ മരിച്ച മൂന്ന് പേർ.

അപൂര്‍വ അമീബിക് മസ്തിഷ്‌ക ജ്വരം, കേരളത്തിലേത് ലോകത്തെ രണ്ടാമത്തെ മരണം; ഈ വര്‍ഷം സംസ്ഥാനത്ത് മരിച്ചത് മൂന്ന് കുട്ടികള്‍
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് പതിനാലുകാരന്‍ മരിച്ചു

എന്താണ് അമീബിക് മസ്തിഷ്‌ക ജ്വരം

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കാണപ്പെടുന്ന 'ബ്രെയിന്‍ ഈറ്റര്‍' എന്ന പേരില്‍ അറിയപ്പെടുന്ന അമീബ മനുഷ്യരുടെ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുകയും ചെയ്യുന്ന അവസ്ഥയാണ് അമീബിക് മസ്തിഷ്‌ക ജ്വരം. കേന്ദ്രനാഡീ വ്യൂഹത്തെ നേരിട്ട് ബാധിക്കുന്ന അത്യന്തം മാരകമായ അവസ്ഥയാണ് ഇത്. പതിനായിരത്തിൽ ഒരാൾക്ക് പിടിപെടുന്ന അത്യപൂർവ്വ രോഗം. ഇത് ബാധിക്കുമ്പോൾ തലച്ചോറില്‍ വീക്കമുണ്ടാകുകയും കോശങ്ങള്‍ നശിക്കുകയും ചെയ്യും.

രോഗാണുബാധ ഉണ്ടായി ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളാണ് ആദ്യം ഉണ്ടാവുക. എന്നാൽ സാധാരണ പനി എന്ന നിലയിലാണ് പലരും ഇതിന് ചികിത്സ തേടുക. രോഗം ഗുരുതരമാകുമ്പോൾ തലച്ചോറില്‍ അണുബാധ കൂടുതലാകും. തുടര്‍ന്ന് അപസ്മാരം, ഓര്‍മ നഷ്ടമാകല്‍, ബോധക്ഷയം തുടങ്ങിയ ഉണ്ടാകും.

അപൂര്‍വ അമീബിക് മസ്തിഷ്‌ക ജ്വരം, കേരളത്തിലേത് ലോകത്തെ രണ്ടാമത്തെ മരണം; ഈ വര്‍ഷം സംസ്ഥാനത്ത് മരിച്ചത് മൂന്ന് കുട്ടികള്‍
'തലച്ചോറ് തിന്നുന്ന' അമീബ ബാധ വീണ്ടും; മലപ്പുറത്ത് അഞ്ച് വയസുകാരന്‍ ഗുരുതരാവസ്ഥയില്‍

നട്ടെല്ലില്‍ നിന്ന് സെറിബ്രോ സ്പൈനല്‍ ഫ്ലൂയിഡ് കുത്തിയെടുത്ത് പരിശോധിച്ചാണ് രോഗബാധ സ്ഥിരീകരിക്കുക. എന്നാൽ ഗുരുതരാവസ്ഥയിൽ എത്തുന്നതും ഉയർന്ന മരണനിരക്കും മൂലം ജീവൻ രക്ഷിക്കുക എന്നത് വലിയ വെല്ലുവിളിയാകും.

രോഗബാധ നിരക്കുകൾ

സാധാരണ പരിസ്ഥിതിയിൽ ജീവിക്കുന്ന പരാന്നഭോജികളാണ് അമീബകൾ. നെഗ്ലേരിയ ഫൗലെറി എന്ന അമീബയാണ് ഈ രോഗത്തിന് പിന്നിൽ. ആഴം കുറഞ്ഞ ഉഷ്ണശുദ്ധ ജലാശയങ്ങളില്‍ കാണപ്പെടുന്ന അമീബയാണ് നെഗ്ലേരിയ ഫൗലെറി. തടാകങ്ങള്‍, പുഴകള്‍, നീരുറവകള്‍, അരുവികള്‍ തുടങ്ങിയിടത്തെല്ലാം ഈ അമീബയുടെ സാന്നിധ്യം കാണാം. മലിനമായ ജലാശയങ്ങളിൽ കുളിക്കുന്നതിലൂടെയും, ആ വെള്ളം മുഖം കഴുകുമ്പോഴോ മറ്റോ മൂക്കിലൂടെ കയറിയാലും രോഗം ബാധിക്കും. എന്നാൽ ഈ വെള്ളം കുടിച്ചാൽ അമീബ ഉള്ളിൽ എത്തില്ല. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുകയുമില്ല.

നെഗ്ലേരിയ ഫൗലെറി ബാധക്ക് ഉയർന്ന മരണനിരക്ക് ഉണ്ടെങ്കിലും ഇതിന്റെ അണുബാധ നിരക്ക് വളരെ കുറവാണ്. വളരെ കുറഞ്ഞ നിലയിൽ മാത്രമേ ഈ രോഗം കാണപ്പെടാറുള്ളു. 1965ല്‍ ഓസ്‌ട്രേലിയയിലാണ് നെഗ്ലേരിയ ഫൗലെറി ആദ്യമായി കണ്ടെത്തിയത്. ഇന്ത്യ ഉൾപ്പടെയുള്ള വിവിധ ലോക രാജ്യങ്ങളിൽ ഈ അമീബയുടെ സാന്നിധ്യം പിന്നീട് സ്ഥിരീകരിച്ചിട്ടുണ്ട്. 2015 വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഇന്ത്യയിൽ ആകെ 16 പേർക്ക് മാത്രമാണ് ഈ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 2021 വരെയുള്ള കണക്കുകൾ പ്രകാരം ലോകത്താകെ 154 പേർക്കാണ് ഈ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 150 പേർ മരിക്കുകയും 4 പേർ രക്ഷപ്പെടുകയും ചെയ്തു.

എന്നാൽ ദക്ഷയെ ബാധിച്ചത് വെർമമീബ വെർമിഫോറസ് എന്ന അമീബയാണ്. അമീബ ശരീരത്തിൽ എത്തിക്കഴിഞ്ഞ് ഏകദേശം രണ്ടാഴ്ചക്കുള്ളിലാണ് ലക്ഷണങ്ങൾ പ്രകടമായി തുടങ്ങുക. എന്നാൽ ഏകദേശം നാല് മാസത്തിന് ശേഷമാണ് ദക്ഷയിൽ ലക്ഷങ്ങൾ പ്രകടമാവുകയും മസ്തിഷ്ക ജ്വരം ബാധിക്കുകയും ഗുരുതരമാവുകയും ചെയ്തത്. ജനുവരി മാസത്തിൽ കുട്ടി മൂന്നാറിലേക്ക് വിനോദയാത്ര പോവുകയും പൂളിൽ കുളിക്കുകയും ചെയ്തത്. ഇവിടെ നിന്നാണ് അമീബ ദക്ഷയുടെ ശരീരത്തിൽ എത്തിയത് എന്നാണ് നിഗമനം. എന്നാൽ രോഗം പുറത്തേക്ക് വരാൻ ഇത്രയും കാലതാമസം എടുത്തത് എന്തുകൊണ്ടാണെന്നതിൽ വ്യക്തതയില്ല. ജനുവരിക്ക് ശേഷം അടുത്ത കാലത്തെപ്പോഴെങ്കിലും കുട്ടി അമീബയുടെ സാന്നിധ്യമുള്ള വെള്ളത്തിൽ ഇറങ്ങുകയോ മറ്റോ ചെയ്തിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്. ഇല്ല എന്നുണ്ടെങ്കിൽ രോഗവുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും സവിശേഷതകൾ ഉണ്ടോ എന്നതാണ് പരിശോധിക്കേണ്ടത്. അമീബിക് മസ്തിഷ്ക ജ്വരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിലവിൽ മനസിലാക്കികൊണ്ടിരിക്കുകയാണ് ആരോഗ്യ രംഗത്തെ വിദഗ്‌ധർ.

സംസ്ഥാനത്ത് ഈ രോഗം പിടിപെട്ടതിൽ എല്ലാവരും തന്നെ കുട്ടികളാണ് എന്നതും ശ്രദ്ധിക്കേണ്ടതാണ്. കുട്ടികളുമായി ബന്ധപ്പെട്ട ഏതെങ്കിലും ശാരീരിക ഘടകങ്ങൾ ആയിരിക്കാം ഇതിനു പിന്നിലെന്നാണ് ഡോക്ടർ പദ്മകുമാർ വ്യക്തമാക്കുന്നത്

സംസ്ഥാനത്ത് ഈ രോഗം പിടിപെട്ടതിൽ എല്ലാവരും തന്നെ കുട്ടികളാണ് എന്നതാണ് ശ്രദ്ധേയം. കുട്ടികൾക്കൊപ്പം മുതിർന്നവർ ഉണ്ടായിരുന്നെങ്കിൽ പോലും അവർക്കൊന്നും രോഗ ലക്ഷണങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളില്ല. കുട്ടികളുമായി ബന്ധപ്പെട്ട ഏതെങ്കിലും ശാരീരിക ഘടകങ്ങൾ ആയിരിക്കാം ഇതിനു പിന്നിലെന്നാണ് ഡോക്ടർ പദ്മകുമാർ വ്യക്തമാക്കുന്നത്. രോഗപ്രതിരോധ ശേഷി കുറവായവർ, നിരന്തരം ഉഷ്ണജലാശയവവുമായി സമ്പർക്കം പുലർത്തുന്നവർ, തുടര്‍ച്ചയായി മൂക്കിലും സൈനസ് ഗ്രന്ഥിയിലും അണുബാധ ഉണ്ടാകാറുള്ളവ എന്നിവർക്ക് പെട്ടെന്ന് രോഗം വരാൻ സാധ്യതയുണ്ട്.

അപൂര്‍വ അമീബിക് മസ്തിഷ്‌ക ജ്വരം, കേരളത്തിലേത് ലോകത്തെ രണ്ടാമത്തെ മരണം; ഈ വര്‍ഷം സംസ്ഥാനത്ത് മരിച്ചത് മൂന്ന് കുട്ടികള്‍
തലച്ചോറിനെ നശിപ്പിക്കുന്ന അമീബ ബാധിച്ച് പതിനഞ്ചുകാരൻ മരിച്ചു; രോഗംപിടിപെട്ടത് മലിനജലത്തിൽ കുളിച്ചതിനെത്തുടർന്ന്

രോഗം വന്ന് കഴിഞ്ഞ് ചികിത്സ തേടുന്നതിനേക്കാൾ നല്ലത് വരാതെ പ്രതിരോധിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള പരിസരങ്ങളിൽ പ്രത്യേകം ശ്രദ്ധ വേണം. ഉഷ്ണജലാശയങ്ങളിൽ മുങ്ങിക്കുളിക്കുന്നത് പരമാവധി ഒഴിവാക്കണം. വെള്ളത്തിൽ ഇറങ്ങുകയാണെങ്കിൽ തന്നെ തല മുക്കരുത്. പൂളിലും മറ്റ് ജലവിനോദ കേന്ദ്രങ്ങളിലും വെള്ളം ക്ലോറിനേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. മുഖം കഴുകാനുപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കുക. കുട്ടികളിൽ ഇക്കാര്യങ്ങൾ ചെയ്യുന്നതിൽ മുതിർന്നവർ ശ്രദ്ധ പുലർത്തുക എന്നതാണ് സ്വീകരിക്കാൻ സാധിക്കുന്ന പ്രതിരോധ നടപടികളെന്നും ഡോക്ടർ വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in