എന്താണ് പ്രതിരോധ കുത്തിവയ്പ്പ്? വാക്സിനേഷന്റെ പ്രാധാന്യം അറിയുക

എന്താണ് പ്രതിരോധ കുത്തിവയ്പ്പ്? വാക്സിനേഷന്റെ പ്രാധാന്യം അറിയുക

വാക്സിനുകള്‍ നമ്മുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ഊട്ടിയുറപ്പിക്കുകയും സംരക്ഷണം കെട്ടിപ്പടുത്ത് രോഗം വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു
Updated on
2 min read

ഗുരുതരമായ രോഗങ്ങളിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിനുള്ള ഒരു മാർഗമാണ് പ്രതിരോധ കുത്തിവയ്പ്പ്. ഗുരുതരമായ അല്ലെങ്കിൽ മാരകമായ രോഗങ്ങൾക്കെതിരെ പോരാടാൻ ഇത് ശരീരത്തെ പ്രാപ്തമാക്കുന്നു. ആഗോള ആരോഗ്യ രംഗത്തുണ്ടായ മുന്നേറ്റങ്ങളില്‍ ഏറ്റവും വിലപ്പെട്ട ഒന്നാണ് പ്രതിരോധ കുത്തിവയ്പ്പ്. ഇത് പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് ആളുകളുടെ ജീവനാണ് സംരക്ഷിക്കുന്നത്. കോവിഡ് 19 മഹാമാരിയിലും ലോകത്തെ നിലതെറ്റാതെ കാത്തത് വാക്സിനുകള്‍ ആണെന്ന് പറയാം.

വാക്സിനുകള്‍ നമ്മുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ഊട്ടിയുറപ്പിക്കുകയും സംരക്ഷണം കെട്ടിപ്പടുത്ത് രോഗം വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. വാക്സിന്‍ എടുക്കുമ്പോള്‍ നിങ്ങളുടെ പ്രതിരോധസംവിധാനം പ്രതികരിക്കുകയും അതിനെതിരെ ആന്റിബോഡീസ് നിര്‍മിക്കുകയും ചെയ്യുന്നു. കുത്തിവയ്പ്പിലൂടെ ശരീരത്തിലെ ആന്റി ബോഡികളുടെ പ്രവര്‍ത്തനം സജീവമാക്കുന്നതിനാല്‍ പിന്നീട് ശരീരത്തിലേക്ക് പ്രവേശിക്കുന്ന രോഗാണുക്കളെ അവ നിര്‍വീര്യമാക്കും.

പ്രതിരോധകുത്തിവയ്പ്പ് എങ്ങനെ? എപ്പോള്‍?

രോഗങ്ങളെ ചെറുക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നതിനായി ശൈശവാവസ്ഥയില്‍ നല്‍കുന്ന പ്രതിരോധ കുത്തിവയ്പ്പ് സഹായിക്കുന്നു. ഒരു കുട്ടിക്ക് കുത്തിവയ്പ്പിലൂടെയോ ഓറല്‍ ഡ്രോപ്പുകളിലൂടെയോ ആണ് വാക്സിൻ നല്‍കുന്നത്. അങ്ങനെ അവരില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രതിരോധശേഷി വികസിപ്പിക്കുന്നു. യൂണിവേഴ്സല്‍ ഇമ്മ്യുണൈസേഷന്‍ പ്രോഗ്രാമിന് കീഴില്‍, ഒരു കുട്ടി ജനിക്കുമ്പോള്‍ തന്നെ കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കുന്നു. കുട്ടിക്കാലത്തെ ക്ഷയരോഗം(ബിസിജി), പോളിയോ(ഒപിവി), അമ്മയിലൂടെ പകരാന്‍ സാധ്യതയുള്ള ഹെപ്പറ്റൈറ്റിസ് ബി(ഹെപ് ബി വാക്സിന്‍) എന്നിവയ്ക്കെതിരായ കുത്തിവയ്പ്പ് കുട്ടി ജനിച്ച ഉടന്‍ തന്നെ നല്‍കും. ഇതിനുശേഷം, ദേശീയ പ്രതിരോധ കുത്തിവയ്പ്പ് ഷെഡ്യൂളില്‍ വിവരിച്ചിരിക്കുന്ന പ്രകാരം നിര്‍ദ്ദിഷ്ട പ്രായത്തില്‍ വാക്സിനുകള്‍ നല്‍കുന്നു.

ഗര്‍ഭപാത്രത്തിലിരിക്കുമ്പോഴും പ്രസവശേഷമുള്ള മുലയൂട്ടലുകളിലൂടെയും കുട്ടി അമ്മയില്‍ നിന്ന് സ്വാഭാവിക പ്രതിരോധം ലഭിക്കുന്നു. എന്നാല്‍ കുട്ടികള്‍ വളരുന്നതിനനുസരിച്ച് ഈ പ്രതിരോധം കുറയാന്‍ തുടങ്ങും. കുത്തിവയ്പ്പുകളിലൂടെയും ഓറല്‍ ഡോസുകളിലൂടെയും ലഭിക്കുന്ന വാക്സിനുകള്‍ കുറഞ്ഞുവരുന്ന പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. എങ്കിലും വലിയ മെഡിക്കല്‍ പുരോഗതി ഉണ്ടായിട്ടും, അണുബാധകള്‍ ഇപ്പോഴും ഗുരുതരമായ രോഗങ്ങള്‍ക്കും വൈകല്യങ്ങള്‍ക്കും കാരണമാകുന്നു എന്ന് യുകെയുടെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് പറയുന്നു.

ജീവൻ അപകടപ്പെടുത്തുന്ന 20-ലധികം രോഗങ്ങൾ തടയുന്നതിനുള്ള വാക്സിനുകൾ ഇപ്പോള്‍ ലഭ്യമാണ്. പ്രതിരോധ കുത്തിവയ്പ്പ് നിലവിൽ ഡിഫ്തീരിയ, ടെറ്റനസ്, പെർട്ടുസിസ്, ഇൻഫ്ലുവൻസ, അഞ്ചാംപനി, കൊവിഡ് തുടങ്ങിയ രോഗങ്ങളിൽ നിന്ന് പ്രതിവർഷം 3.5 മുതൽ 5 ദശലക്ഷം മരണങ്ങൾ തടയുന്നുവെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദർ പറയുന്നത്. പ്രതിരോധ കുത്തിവയ്പ്പ് ആരോഗ്യസംരക്ഷണത്തിലെ പ്രധാനഘടകവും ലംഘിക്കാനാകാത്ത മനുഷ്യാവകാശവുമാണ്. പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടുന്നത് തടയുന്നതിനും നിയന്ത്രിക്കുന്നതിനും വാക്സിനുകളുടെ പങ്ക് നിർണായകമാണ്. ആന്റിബോഡികൾ സൃഷ്ടിക്കാൻ വാക്സിനുകൾ നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുന്നു.

സെർവിക്കൽ ക്യാൻസർ, കോളറ, COVID-19, ഡിഫ്തീരിയ, ഹെപ്പറ്റൈറ്റിസ് ബി, ഇൻഫ്ലുവൻസ, ജാപ്പനീസ് എൻസെഫലൈറ്റിസ്, മലേറിയ, അഞ്ചാംപനി, മെനിഞ്ചൈറ്റിസ്, മുണ്ടിനീര്, പെർട്ടുസിസ്, ന്യുമോണിയ, പോളിയോ, പേവിഷബാധ, റോട്ടവൈറസ്, റുബെല്ല, ടെറ്റനസ് തുടങ്ങിയ വിവിധ രോഗങ്ങളിൽ നിന്ന് വാക്സിനുകൾ നമ്മളെ സംരക്ഷിക്കുന്നു.

logo
The Fourth
www.thefourthnews.in