മിഷന്‍ 2047 ലെ പ്രധാന ലക്ഷ്യം അരിവാൾ രോഗം നിര്‍മാര്‍ജനം; ചുവന്ന രക്തകോശങ്ങളെ ബാധിക്കുന്ന ഈ രോഗം എന്താണ്?
മിഷന്‍ 2047 എന്ന പ്രഖ്യപനത്തോടെ കേന്ദ്ര ബജറ്റില്‍ നിര്‍മല സീതാരാമന്‍ മുന്നോട്ട് വച്ച പദ്ധതികളില്‍ ഒന്നാണ് അരിവാള്‍ രോഗ നിര്‍മാര്‍ജനം. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ നിന്ന് അരിവാൾ രോഗം നിർമാർജനം ചെയ്യുക എന്നത് കേന്ദ്ര സര്‍ക്കാരിന് മുന്നിലുള്ള പ്രധാന ലക്ഷ്യമായാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചത്. 2047 ഓടെ രോഗത്തെ പൂർണ്ണമായും നിർമ്മാജനം ചെയ്യുന്ന പദ്ധതിയാണ് ബഡ്ജറ്റിൽ അവതരിപ്പിച്ചിട്ടുള്ളത്. ഇതിനായി ആദിവാസി മേഖലകളിൽ ഉൾപ്പടെ ബോധവത്ക്കരണവും ചികിത്സ സഹായവും നൽകും. കേന്ദ്ര മന്ത്രാലയങ്ങളും സംസ്ഥാന സർക്കാരും ഇതിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും ധനമന്ത്രി അറിയിച്ചിട്ടുണ്ട്.
എന്താണ് അരിവാൾ രോഗം ?
ശരീരത്തിലെ ചുവന്ന രക്ത കോശങ്ങളെ ബാധിക്കുന്ന രോഗമാണ് അരിവാൾ രോഗം അഥവാ അരിവാൾ കോശ വിളർച്ച (SICKLE CELL ANEMIA). ജനിതക കാരണങ്ങൾ കൊണ്ട് ഈ ചുവന്ന രക്തകോശങ്ങൾക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താൽ ഉണ്ടാവുന്ന രോഗമാണിത്. ഉഷ്ണ - ഉപോഷ്ണ മേഖലകളിൽ ആണ് ഈ രോഗം സാധാരണയായി കണ്ടുവരുന്നത്. നാല് മാസം പ്രായമുള്ള കുഞ്ഞുങ്ങൾ മുതൽ മുതിർന്ന ആളുകൾ വരെയുള്ളവരിൽ ഈ രോഗം കണ്ടുവരുന്നു.
സാധാരണയായി രക്തത്തിൽ ഉണ്ടാകുന്ന ചുവന്ന രക്താണുക്കൾ വൃത്താകൃതിയിൽ ഉള്ളതും വഴക്കം ഉള്ളതും ആയിരിക്കും. രക്തക്കുഴലുകളിലൂടെ എളുപ്പത്തിൽ നീങ്ങാൻ വേണ്ടി ആണിത്. എന്നാൽ അരിവാൾ രോഗം ഉണ്ടാകുമ്പോൾ ഈ കോശങ്ങളുടെ രൂപം മാറുന്നു. അവ വൃത്താകൃതി അല്ലാതെ അരിവാളിന്റെ ആകൃതിയിലോ ചന്ദ്രക്കലയുടെ ആകൃതിയിലോ ആണ് ഉണ്ടാവുക. ഇത് കൂടുതൽ കട്ടിയുള്ളതും രക്തക്കുഴലുകളുടെ ഭിത്തിയിൽ ഒട്ടിപ്പിടിക്കുന്നതും ആയിരിക്കും. അതിനാൽ ഈ രക്ത കോശങ്ങൾക്ക് എളുപ്പത്തിൽ നീങ്ങാൻ സാധിക്കില്ല. ഇതോടൊപ്പം സാധാരണ രക്ത കോശങ്ങൾക്ക് 120 ദിവസം വരെ ആയുസ്സ് ഉണ്ടാകുമ്പോൾ രൂപ മാറ്റം സംഭവിച്ച കോശങ്ങൾ 10 മുതൽ 20 ദിവസം വരെയാണ് നിലനിൽക്കുക. അതിനാൽ രക്തകോശങ്ങളുടെ കുറവ് ഉണ്ടാവുകയും ചെയ്യുന്നു. ഇക്കാരണങ്ങൾ രക്തത്തിന്റെ ഒഴുക്ക് തടസ്സപ്പെടുകയോ മന്ദഗതിയിൽ ആകുകയോ ചെയ്യുന്നു. ഇതിനാൽ കോശങ്ങളിലേക്ക് ആവശ്യത്തിനുള്ള ഓക്സിജൻ എത്താതെ വരുന്നു. ഇത് കാരണം ആണ് വിളർച്ച ഉണ്ടാകുന്നത്.
രോഗ ലക്ഷണങ്ങള്‍-
ശ്വാസം മുട്ടല്‍, കൈ കാലുകളില്‍ വേദന, പനി, വയറുവേദന, കണ്ണുകളില്‍ മഞ്ഞനിറം കാണപ്പെടൽ, ശാരീരിക വളര്‍ച്ചയില്ലായ്മ, ക്ഷീണം, സ്‌ട്രോക്ക്, ശ്വാസകോശ പ്രശ്‌നങ്ങൾ എന്നീ ലക്ഷണങ്ങൾ ആണ് കാണപ്പെടുക. ഗുരുതരമായ ഈ രോഗാവസ്ഥക്ക് ചികിത്സയില്ല. അസ്ഥി മജ്ജ മാറ്റിവയ്ക്കൽ കൊണ്ട് രോഗത്തെ സുഖപ്പെടുത്താൻ സാധിക്കുമെങ്കിലും ഇത് വളരെ അപകടം നിറഞ്ഞതാണ്.
ആഫ്രിക്ക, കരീബിയ, ഏഷ്യ എന്നിവിടങ്ങളിലാണ് ഈ അസുഖം അധികവും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കേരളത്തില്‍ വയനാട്ടിലും, അട്ടപ്പാടിയിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.