ഒറ്റ രാത്രി മതി കേള്‍വി നഷ്ടമാകാൻ, ഗായിക അല്‍ക്ക യാഗ്‌നിക്കിന് സംഭവിച്ചത് ആര്‍ക്കും വരാം; അപൂർവരോഗത്തിന്റെ കാരണങ്ങള്‍
കേള്‍വിശക്തിക്ക് തകരാര്‍ സംഭവിച്ചതായി പ്രശസ്ത ബോളിവുഡ് ഗായിക അല്‍ക്ക യാഗ്നിക് വെളിപ്പെടുത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. അപൂര്‍വമായ അസുഖം ബാധിച്ച് കേള്‍വിക്ക് തകരാര്‍ സംഭവിച്ചെന്നും ഇപ്പോള്‍ അതുമായി ബന്ധപ്പെട്ട ചികിത്സയിലാണെന്നും ഇന്‍സ്റ്റഗ്രാമിലൂടെ ഗായിക അറിയിക്കുകയായിരുന്നു.
''ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വിമാനത്തില്‍നിന്ന് ഇറങ്ങുമ്പോള്‍ പെട്ടെന്ന് കേള്‍വിക്ക് തകരാര്‍ സംഭവിച്ചതായി തോന്നി. കുറച്ചു നാളുകളായി എന്നെ മുഖ്യധാരയില്‍ കാണാതായതോടെ പലരും അന്വേഷിക്കാന്‍ തുടങ്ങിയിരുന്നു. അതുകൊണ്ടാണ് ഇപ്പോള്‍ ഞാന്‍ മൗനം വെടിയുന്നത്. അപൂര്‍വമായി സംഭവിക്കുന്ന രോഗാവസ്ഥയാണ് എന്റെ കേള്‍വിനഷ്ടത്തിന് കാരണം. പെട്ടെന്നുണ്ടായ ഈ അപ്രതീക്ഷിത രോഗാവസ്ഥ എന്നെ പൂര്‍ണമായും ഉലച്ചു. ഇപ്പോള്‍ ഞാന്‍ അതിനോടു പൊരുത്തപ്പെടാന്‍ ശ്രമിക്കുകയാണ്. നിങ്ങള്‍ എനിക്ക് വേണ്ടി പ്രാര്‍ഥിക്കണം. ഉച്ചത്തില്‍ പാട്ട് കേള്‍ക്കുന്നതും ഹെഡ്‌ഫോണുകളുടെ അമിത ഉപയോഗവും ശ്രദ്ധിക്കണം. നിങ്ങളുടെ സ്‌നേഹത്തിലൂടെയും പിന്തുണയിലൂടെയും പഴയ ജീവിതത്തിലേക്കു മടങ്ങി വരാനാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ നിര്‍ണായക നിമിഷത്തില്‍ നിങ്ങളുടെ സ്‌നേഹം എനിക്ക് ശക്തി നല്‍കട്ടെ,'' അല്‍ക്ക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
വൈറല്‍ അണുബാധയാണ് കേള്‍വിനഷ്ടത്തിന് കാരണമെന്നാണ് ഗായിക പറയുന്നത്. മേയില്‍ സുഹൃത്തുക്കളോടൊപ്പം ഗോവയില്‍ പോയപ്പോഴാണ് വലതു ചെവിയുടെ കേള്‍വിശക്തി നഷ്ടമായത്. 24 മണിക്കൂറിനുള്ളില്‍ കേള്‍വി പൂര്‍ണമായും നഷ്ടമാകുകയും ഇത് ഇടത് ചെവിയിലേക്ക് ബാധിക്കുകയും ചെയ്തു. അപൂര്‍വമായുണ്ടാകുന്ന സെന്‍സറി ന്യൂറല്‍ നെര്‍വ് ഹിയറിങ് ലോസാണ് എന്നാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയതെന്ന് അല്‍ക്ക പറയുന്നു.
എന്താണ് പെട്ടെന്ന് കേള്‍വിശക്തി നഷ്ടമാകുന്നതിലേക്ക് അല്‍ക്കയെ നയിച്ചതെന്നും ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്നും ചികിത്സ എന്താണെന്നും അറിയാം.
ഒറ്റ രാത്രി കൊണ്ടോ അല്ലെങ്കില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളിലോ സംഭവിക്കുന്ന ഒന്നാണ് ഇപ്പോള്‍ അല്‍ക്കയെ ബാധിച്ചിരിക്കുന്ന കേള്‍വിത്തകരാറെന്നാണ് വിദഗ്ധര്‍ പറയുന്നത്. പൂര്‍ണമായോ ഭാഗികമായോ കേള്‍വിനഷ്ടം സംഭവിക്കാം. ചെവിയില്‍ പോപ് പോലുള്ള ശബ്ദം, മുഴക്കം കേള്‍ക്കുക, ചെവിയില്‍ എന്തോ നിറഞ്ഞതായി തോന്നുക, തലകറക്കം, ചില സമയങ്ങളില്‍ വെര്‍ട്ടിഗോയും ഇതിന്‌റെ ഭാഗമായി അനുഭവപ്പെടാം.
പെട്ടെന്നുള്ള കേള്‍വിക്കുറവ് താരതമ്യേന അപൂര്‍വമാണെങ്കിലും ഇത് പ്രതിവര്‍ഷം ഒരു ലക്ഷം പേരില്‍ അഞ്ച് മുതല്‍ 20 പേരെ വരെ ബാധിക്കുന്നുണ്ടെന്ന് പൂനെ റൂബി ഹാള്‍ ക്ലിനിക്കിലെ ഇഎന്‍ടി കണ്‍സല്‍റ്റന്‌റ് ഡോ. മുരാര്‍ജി ഘാട്‌ഗെ ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഇതിന്‌റെ കാരണം കൂടുതല്‍ കേസുകളിലും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
വൈറല്‍ ആക്രമണം കാരണമാണ് സെന്‍സറി ന്യൂറല്‍ നെര്‍വ് ഹിയറിങ് ലോസ് (എസ്എന്‍എച്ച്എല്‍) സംഭവിക്കുന്നത്. തെറ്റായ രോഗനിര്‍ണയം സാധാരണമാണ്, ഇത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനു കാരണമാകുന്നുണ്ട്. മറ്റ് കേള്‍വി നഷ്ടങ്ങള്‍ക്കുള്ള കാരണങ്ങളുമായി താരമതമ്യം ചെയ്യുമ്പോള്‍ എസ്എന്‍എച്ച്എലിന്‌റെ വൈറല്‍ കാരണങ്ങള്‍ കുറവാണെന്ന് മുംബൈ സെന്‍ട്രലിലെ വോക്കാര്‍ഡ് ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റ് ഡോ. ശീതള്‍ ഗോയല്‍ പറയുന്നു.
രോഗത്തിനു പിന്നിലെ കാരണങ്ങള്‍ വ്യത്യസ്തമാണ്. വൈറല്‍ അണുബാധ മുതല്‍ ഹെര്‍പസ്, അഞ്ചാംപനി, മുണ്ടിനീര്, വേരിസെല്ല സോസ്റ്റര്‍ വൈറസുകള്‍ എന്നിവയെല്ലാം ഇതിനു പിന്നിലെ കാരണങ്ങളാകാം. ഈ വൈറസുകള്‍ കോക്ലിയ അല്ലെങ്കില്‍ കേള്‍വിയെ ബാധിക്കുന്ന ഞരമ്പുകള്‍ക്ക് കേടുവരുത്തുകയും പെട്ടെന്നും കേള്‍വിനഷ്ടത്തിലേക്ക് നയിക്കുകയും ചെയ്യും.
കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് ചെവിയില്‍ അണുബാധ ഉണ്ടായി സെന്‍സറി ന്യൂറല്‍ ഹിയറിങ് ലോസ് ഉണ്ടായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതായി മഹാരാഷ്ട്ര ഫോര്‍ട്ടിസ് ഹീരനന്ദാനി ഹോസ്പിറ്റലിലെ ഇഎന്‍ടി കണ്‍സല്‍റ്റന്‌റ് ഡോ. ദേവ്കുമാര്‍ റംഗരാജ പറയുന്നു. എന്തെങ്കിലും അപകടത്തിന്‌റെ ഫലമായോ പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഉച്ചത്തിലുള്ള ശബ്ദം കേള്‍ക്കുക, പ്രായമാകല്‍, ചെവിയിലുണ്ടാകുന്ന ജന്‍മനാലുള്ള വൈകല്യങ്ങള്‍ എന്നിവയും ഇതിന് കാരണമാകാമെന്ന് ഡോ. രംഗരാജ പറയുന്നു. സാധാരണയായി ഇത്തരം അണുബാധ ഒരു ഭാഗത്തെ ചെവിയിലാണ് ബാധിക്കുന്നതെന്നും കൃത്യമായി ചികിത്സ സ്വീകരിച്ചാല്‍ മൂന്നിലൊന്ന് കേസുകളിലും രോഗം പൂര്‍ണമായി മാറുമെന്നും ഇഎന്‍ടി സ്‌പെഷലിസ്റ്റ് ഡോ. വികാസ് അഗര്‍വാള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
വൈറല്‍ അണുബാധമൂലമുണ്ടാകുന്ന കേള്‍വിനഷ്ടത്തിനുള്ള ചികിത്സയില്‍ ഉയര്‍ന്ന അളവിലുള്ള കോര്‍ട്ടിക്കോസ്റ്റിറോയ്ഡുകള്‍ ഉള്‍പ്പെട്ടിരിക്കുന്നതായി ഡോ. ഘാഡ്‌ഗെ പറയുന്നു. ചെവിക്കുള്ളിലെ നീര്‍വീക്കവും തടിപ്പും കുറയ്ക്കാന്‍ വായിലൂടെയോ ഇന്‍ട്രാടൈംപാനിക് കുത്തിവയ്പ്പുകളായോ ഇവ നിര്‍ദേശിക്കുന്നു. വൈറല്‍ അണുബാധയാണ് സംശയിക്കുന്നതെങ്കില്‍ ആന്‌റിവൈറല്‍ മരുന്നുകള്‍ ഫലപ്രദമാകും. എന്നാല്‍ ഇത് ഒരു സാധാരണ ചികിത്സ അല്ലാത്തതിനാല്‍ ഇതിന്‌റെ ഫലപ്രാപ്തി അനിശ്ചിതത്വത്തില്‍ തുടരുകയാണ്.
സ്ഥായിയായി കേള്‍വിനഷ്ടം സംഭവിച്ചവര്‍ക്ക് കോക്ലിയാര്‍ ഇംപ്ലാന്‌റുകളോ ശ്രവണ സഹായിയോ പരിഗണിക്കാം. ഏകദേശം 30-65 ശതമാനം കേസുകളിലും ആദ്യത്തെ രണ്ടാഴ്ചയ്ക്കുള്ളില്‍ സ്വയമേ ഭേദപ്പെടാം. ചില രോഗികളില്‍ മാസങ്ങള്‍ എടുക്കാം. നേരത്തേ കണ്ടെത്തുന്നത് രോഗം ഭേദപ്പെടുന്നതില്‍ നിര്‍ണായകമാണ്.
മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുക, ഉച്ചത്തിലുള്ള ശബ്ദത്തില്‍നിന്ന് ചെവികളെ സംരക്ഷിക്കുക, ശുചിത്വം ശീലമാക്കുക തുടങ്ങിയവയിലൂടെ ചെവിയിലുണ്ടാകുന്ന അണുബാധ പ്രതിരോധിക്കാം. ഇതോടൊപ്പം വൈറല്‍ അണുബാധകള്‍ക്കെതിരായ കുത്തിവെയ്പ്പുകള്‍ കൃത്യസമയത്ത് എടുക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം.
പെട്ടെന്നുള്ള കേള്‍വിനഷ്ടമോ അതുമായി ബന്ധപ്പെട്ട ലക്ഷണങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം.
ശബ്ദമലിനീകരണമുള്ള സാഹചര്യങ്ങളില്‍നിന്ന് ചെവിയെ സംരക്ഷിക്കുന്നതും ഇടയ്ക്കിടെ കേള്‍വി പരിശോധനകള്‍ നടത്തുന്നതും നല്ലതാണ്, പ്രത്യേകിച്ച് ചെവിയില്‍ അണുബാധയോ മറ്റ് അപകട ഘടകങ്ങളോ ഉണ്ടായിട്ടുള്ളവര്‍.
സ്വയം പരിശോധനയും ചികിത്സയും ഒഴിവാക്കേണ്ടതും പ്രധാനമാണ്. ഡോക്‌റുടെ നിര്‍ദേശപ്രകാരമല്ലാതെ കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുതെന്ന് ഡോ. ഗോയല്‍ ഓര്‍മിപ്പിക്കുന്നു.